ചിരിയുടെ സൂപ്പർതാരം അബിക്ക് വിട
text_fields
കൊച്ചി: മലയാളികളെ മതിമറന്ന് ചിരിപ്പിച്ച മിമിക്രിയിലെ സൂപ്പർതാരവും നടനുമായ കലാഭവൻ അബി (52) അന്തരിച്ചു. രക്താർബുദത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് ഹബീബ് മുഹമ്മദ് എന്ന അബിയുടെ അന്ത്യം. രോഗത്തെത്തുടർന്ന് കുെറക്കാലമായി സിനിമകളിൽനിന്നും മിമിക്രി വേദികളിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു.
തൊണ്ണൂറുകളിൽ കേരളത്തിനും പുറത്തുമുള്ള മിമിക്രി വേദികളിലെ കിരീടമില്ലാത്ത രാജാവായിരുന്നു അബി. കലാഭവൻ, ഹരിശ്രീ, കൊച്ചിൻ ഒാസ്കാർ എന്നീ ട്രൂപ്പുകളിൽ ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ, കലാഭവൻ മണി എന്നിവരോടൊപ്പം തിളങ്ങിയ അബി താരങ്ങളുടെ ശബ്ദത്തോടൊപ്പം രൂപഭാവങ്ങളും അനുകരിച്ചാണ് മിമിക്രിയിൽ താരമായത്.
മമ്മൂട്ടി, മോഹൻലാൽ, അമിതാഭ് ബച്ചൻ, മിഥുൻ ചക്രവർത്തി, ശങ്കരാടി തുടങ്ങിയവരെ അനുകരിക്കുന്നതിൽ അസാമാന്യമികവ് പ്രകടിപ്പിച്ചു. ‘ആമിനത്താത്ത’ എന്ന മാസ്റ്റർപീസ് മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു. കൊച്ചിൻ സാഗർ എന്ന പേരിൽ സ്വന്തം ട്രൂപ്പും ഉണ്ടായിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും സജീവമായിരുന്നു. പരസ്യചിത്രങ്ങളിൽ സ്ഥിരമായി അമിതാഭ് ബച്ചന് ശബ്ദം നൽകിയിരുന്നത് അബിയാണ്.
1992ൽ മമ്മൂട്ടിയെ നായകനാക്കി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘നയം വ്യക്തമാക്കുന്നു’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഭീഷ്മാചാര്യ, എല്ലാരും ചൊല്ലണ്, സൈന്യം, മഴിവിൽക്കൂടാരം, വാത്സല്യം, ചെപ്പ് കിലുക്കണ ചങ്ങാതി, പോർട്ടർ, രസികൻ, വാർധക്യപുരാണം, കിരീടമില്ലാത്ത രാജാക്കന്മാർ തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. കഴിഞ്ഞവർഷം ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെ സിനിമയിൽ തിരിച്ചെത്തി.
‘തൃശ്ശിവപേരൂർ ക്ലിപ്ത’മാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന ‘കറുത്ത സൂര്യൻ’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
മൂവാറ്റുപുഴ കാവുംകര തടത്തിക്കുടിയിൽ (തൊങ്ങനാൽ) ബാവാഖാൻ-ഉമ്മാക്കുഞ്ഞ് ദമ്പതികളുടെ മകനാണ്. 10 വർഷമായി കുടുംബസമേതം എറണാകുളം എളമക്കരയിലാണ് താമസം. സുനിലയാണ് ഭാര്യ. യുവനടൻ ഷെയ്ൻ നിഗം, അഹാന, അലീന എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: അമീർ നവാസ്, കബീർ ബി. ഹാറൂൺ (ഗ്രീൻകേരള എം.ഡി), റസിയ. വ്യാഴാഴ്ച വൈകീട്ട് പെരുമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.