മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക; മാധ്യമപ്രവർത്തകന് കുറിപ്പുമായി മോഹൻലാൽ
text_fieldsതിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകെൻറ ചോദ്യത്തിന് ക്ഷുഭിതനായതിൽ ക്ഷമാപണം നടത്തി നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് തെൻറ മോശം പെരുമാറ്റത്തിൽ ക്ഷമാപണവുമായി താരം രംഗത്തെത്തിയത്. കേരളം ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീർച്ചയായും ആ ചോദ്യം പ്രസക്തമായിരുന്നു. എന്നാൽ അതിന് മറുപടി പറയാൻതക്കവണ്ണമുള്ള മാനസികനിലയിലായിരുന്നില്ല താനെന്നാണ് വിശദീകരണം.
തെൻറ പെരുമാറ്റം മാധ്യമപ്രവർത്തകനെ വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കണമെന്നും മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണരൂപം
സുഹൃത്തേ ,എനിക്ക് നിങ്ങളുടെ മുഖം ഓർമ്മയില്ല. ശബ്ദം മാത്രമേ ഓർമ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാൻ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്.
എൻ്റെ അച്ഛൻൻ്റെയും അമ്മയുടെയും പേരിൽ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ് ആണ് "വിശ്വശാന്തി" . നിശബ്ദമായി പലകാര്യങ്ങളും ഞങ്ങൾ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തിൽ പെട്ടവർക്ക് ഒരുപാട് സഹായങ്ങൾ ഞങ്ങൾ എത്തിച്ചു . ഇപ്പോഴും ആ പ്രവർത്തി തുടരുന്നു.
അതിൻ്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങൾ ശനിയാഴ്ച കൊച്ചിയിലെ പോർട്ടിൽ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാൻ കൊച്ചിൻ പോർട്ടിൽ എത്തിയത്. ഞങ്ങൾ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവർത്തകർ വന്നത്. മാധ്യമപ്രവർത്തകരോട് ഞങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങൾ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.
കേരളം ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീർച്ചയായും ആ ചോദ്യം പ്രസക്തവുമാണ് . പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാൻതക്കവണ്ണമുള്ള ഒരു മാനസികനിലയിൽ ആയിരുന്നില്ല ഞാൻ. ഒരു മനുഷ്യൻ എന്ന നിലയിലും ഒരു മകൻ എന്ന നിലയിലും എൻ്റെ മനസ്സ് അപ്പോൾ മറ്റൊരാവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് എൻ്റെ ഉത്തരം അങ്ങിനെയായത് . അവിടെ നടക്കുന്ന ആ കർമ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്ന് എൻ്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം ... അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നിൽ നിന്നും ഉണ്ടായത്.
ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സിൽ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് ...
എൻ്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക .....
എൻ്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവർത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മൾ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടിപറയേണ്ടതുമാണ്...
സ്നേഹപൂർവ്വം മോഹൻലാൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.