മോഹൻലാലിനും പി.ടി. ഉഷക്കും ഡി-ലിറ്റ് ബിരുദം സമ്മാനിച്ചു
text_fieldsതേഞ്ഞിപ്പലം: മലയാളികളുടെ സൂപ്പർ താരം മോഹൻലാലും അത്ലറ്റ് പി.ടി. ഉഷയും കാലിക്കറ്റ് സർവകലാശാലയുടെ ഡി^ലിറ്റ് ഏറ്റുവാങ്ങി. സർവകലാശാല ആസ്ഥാനത്തെ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ചാൻസലർ കൂടിയായ ഗവർണർ പി. സദാശിവമാണ് ഒാണററി ഡോക്ടർ ഒാഫ് ലെറ്റേഴ്സ് ബിരുദം സമ്മാനിച്ചത്. പ്രവൃത്തിമേഖലകളിലെ സേവനങ്ങളും നേട്ടങ്ങളും പരിഗണിച്ചാണ് ആദരിച്ചത്.
പതിവുള്ള സെനറ്റ് യോഗത്തിനുശേഷം രാവിലെ 10.30ന് ഗവർണർ ബിരുദദാന പ്രഖ്യാപനം നടത്തി. തുടർന്ന് വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ പ്രശംസപത്രങ്ങൾ വായിച്ചു. ആദ്യം മോഹൻലാലാണ് ആദരവ് ഏറ്റുവാങ്ങിയത്. കലാകാരനെന്നതിനപ്പുറം സമൂഹത്തിനായി നന്മകൾ ചെയ്യുന്ന വ്യക്തിയാണ് മോഹൻലാലെന്ന് ഗവർണർ പറഞ്ഞു. സിനിമയിലെയും കായികരംഗത്തെയും മികവിലൂടെ കേരളീയർക്ക് പ്രിയങ്കരരാണ് ലാലും ഉഷയും. ഇരുവരുടെയും ജീവിതത്തിലെ നേട്ടങ്ങളും സംഭവങ്ങളും അതത് മേഖലയിലെ സുപ്രധാന അധ്യായങ്ങളാണ്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ പി.ടി. ഉഷ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്നും പി. സദാശിവം കൂട്ടിച്ചേർത്തു.
കാലിക്കറ്റ് സർവകലാശാലയുടെ ആദരം അറിവുള്ളവരുടെ അനുഗ്രഹമായി ശിരസ്സിേലക്ക് ഏറ്റുവാങ്ങുകയാണെന്ന് മോഹൻലാൽ പറഞ്ഞു. ‘വാനപ്രസ്ഥം’ സിനിമയിൽ ചൂടിയ കഥകളി കിരീടത്തെക്കാൾ ഇരട്ടി ഭാരം ഇൗ ആദരവിന് അനുഭവപ്പെടുന്നു. ഗുരുത്വം മാത്രമായിരിക്കാം ഇതിന് പ്രാപ്തനാക്കിയത്. വ്യക്തിജീവിതത്തിലെയും കലാജീവിതത്തിലെയും നല്ല മുഹൂർത്തങ്ങൾ സംഭവിച്ചത് കോഴിക്കോട്ടാണെന്ന് പറഞ്ഞ ലാൽ, മുമ്പ് കാലിക്കറ്റ് സർവകലാശാല ഡി^ലിറ്റ് നൽകിയവരുടെ പേരും പരാമർശിച്ചു.
തെൻറയും ശിഷ്യകളുടെയും വളർത്തമ്മയായ കാലിക്കറ്റ് സർവകലാശാല ആദരിക്കുന്ന ഇൗ ദിനം ഒരിക്കലും മറക്കില്ലെന്ന് പി.ടി. ഉഷ പറഞ്ഞു. സ്വന്തം യൂനിവേഴ്സിറ്റി തന്നെ ഡി^ലിറ്റ് ബിരുദം സമ്മാനിക്കുേമ്പാൾ ജീവിതത്തിലെ കഷ്ടപ്പാടുകളും വേദനയും പരിഭവവും ദേഷ്യവും മറക്കുന്നു. 2020ലോ ’24ലോ ഇന്ത്യക്കായി അത്ലറ്റിക്സിൽ ഒളിമ്പിക്സ് മെഡലാണ് തെൻറ സ്ഥാപനമായ ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സിെൻറ ലക്ഷ്യമെന്നും ഉഷ കൂട്ടിച്ചേർത്തു.
മികച്ച ഗവേഷകർക്ക് ‘കൈരളി’ അവാർഡ് ഏർപ്പെടുത്തുെമന്ന് പ്രോ ചാൻസലർ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. പി.വി.സി ഡോ. പി. മോഹൻ, രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.