മുകേഷിനെയും ചോദ്യം ചെയ്തേക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുകേഷ് എം.എല്‍.എയെ പൊലീസ് ചോദ്യം ചെയ്തേക്കുമെന്ന് സൂചന. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ഇത്. മുകേഷിന്‍റെ ഡ്രൈവറായി ഒന്നരവര്‍ഷത്തോളം പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ മുകേഷ് പിന്നീട് ജോലില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയില്ലായിരുന്നെന്നും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് ജോലിയില്‍ നിന്നും ഒഴിവാക്കിയതെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടും മുകേഷിനെ ഇതുവരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നില്ല. ഇതിനെതിരെ ബിന്ദു കൃഷ്ണ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നാണ് സൂചന. സംവിധായകന്‍ നാദിർഷ, ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി എന്നിവര്‍ കേസില്‍ പ്രതികളായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി വിഷ്ണു ദിലീപിന്‍റെ വീട്ടിലെത്തി സഹോദരന്‍ അനൂപിനെ കണ്ടിരുന്നു. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പര്‍ വിഷ്ണുവിന് ലഭിക്കുന്നത് അനൂപില്‍ നിന്നാണ്. അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമായി പൾസര്‍ സുനിയുടെ കത്ത് വിഷ്ണു അയച്ച് നല്‍കുകയായിരുന്നു എന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
വിഷ്ണു അടക്കമുള്ള പൾസർ സുനിയുടെ സഹതടവുകാരുമായി അപ്പുണ്ണിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. വിഷ്ണുവിനെ അപ്പുണ്ണി നേരില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഏപ്രില്‍ 14 ന് ഏലൂരില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും സ്ഥിരീകരിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.