മലയാള സിനിമയിൽ സ്ത്രീവിരുദ്ധത ശക്തം –കമൽ
text_fieldsകോഴിക്കോട്: മലയാള സിനിമയിൽ കുറേകാലമായി നിലനിൽക്കുന്ന സ്ത്രീവിരുദ്ധത ശക്തമാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. അവതരണം, പ്രമേയം എന്നിവയിൽ ഇത് പ്രകടമാണ്. ഷൂട്ടിങ് ലൊക്കേഷനുകളിലല്ല, സ്ക്രീനിലാണ് സ്ത്രീവിരുദ്ധതയെന്നും കമൽ വ്യക്തമാക്കി. കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഫിലിം മേക്കർ എന്ന നിലയിൽ സിനിമയിലെ സ്ത്രീവിരുദ്ധതയെ താൻ എതിർക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഐ.എഫ്.എഫ്.കെയിൽ നടന്ന ചർച്ച പുരോഗമനപരമാണ്. സിനിമയിലെ സ്ത്രീകൾ സംഘടിക്കുന്നത് ആശ്വാസ്യകരമാണ്.
നടി ആക്രമിക്കപ്പെട്ടശേഷം സിനിമ വ്യവസായത്തിലെ പല പ്രവണതകളും ശരിയല്ലെന്ന് തിരിച്ചറിവ് വന്നിട്ടുണ്ട്.
മുമ്പ് ചിലരെ മാറ്റിനിർത്തുന്ന രീതിയുണ്ടായിരുന്നു. എന്നാൽ, എല്ലാവർക്കും ഇടം വേണമെന്ന പ്രവണത തുടങ്ങി. സൂപ്പർതാരത്തിന് മാത്രമല്ല, ചെറിയ താരത്തിനും ഇടമുണ്ടെന്ന മാറ്റം വലിയ കാര്യമാണ്. സൂപ്പർതാരമെന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടായെന്നും വിപണിയുടെ സാധ്യതകളെ ഓരോ കാലത്തും ഉപയോഗിക്കുകയാണെന്നും കമൽ കൂട്ടിച്ചേർത്തു.
ചലച്ചിത്ര മേളകൾ ബുദ്ധിജീവികളുെടത് മാത്രമല്ല, സാധാരണക്കാരെൻറത് കൂടിയാണ്. അതിനാൽ ഐ.എഫ്.എഫ്.കെയേക്കാൾ പ്രാധാന്യം ടൂറിങ് ടാക്കിസിന് അക്കാദമി നൽകും. സാധാരണക്കാരിലേക്ക് സൗജന്യമായി സിനിമകൾ എത്തിക്കാനാണ് ടൂറിങ് ടാക്കിസുകൾ. അക്കാദമിയുടെ ഉത്തരവാദിത്തമെന്ന നിലക്കാണ് കോഴിക്കോട്ടേക്ക് പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള കൊണ്ടുവന്നത്. അടുത്ത വർഷങ്ങളിലും ഇത് തുടരുമെന്ന് കമൽ അറിയിച്ചു. ചെലവൂർ വേണു, ആർ.ഐ.എഫ്.എഫ്.കെ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി, അക്കാദമി പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ എൻ.പി. സജീഷ് എന്നിവരും പങ്കെടുത്തു. പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വിപുൽനാഥ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.