സച്ചിയും ഞാനും മോഷണവും; ഒരു തിരക്കഥയുടെ കഥ
text_fieldsമലയാളികൾക്ക് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അകാലത്തിൽ വിടപറഞ്ഞത്. സച്ചിയുമായുള്ള ബന്ധത്തിന്‍റെ രസകരമായ ഓർമ പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകനായ പി.ബി. അനൂപ്.
മാധ്യമപ്രവർത്തനം പഠിക്കുന്ന കാലത്താണ് സച്ചിയെന്ന പേര് ആദ്യം കേൾക്കുന്നത്. ഇടപ്പള്ളിയിലെ കോളജിനടുത്ത് ബേക്കറി നടത്തുന്ന വ്യക്തിയിൽ നിന്ന്. സിനിമാ മോഹവുമായി, കഥകൾ പെയ്തു തീരാത്ത ഹൃദയവുമായി സഞ്ചരിക്കുന്ന അഭിഭാഷകനായ യുവാവിനെക്കുറിച്ച് ബേക്കറിയിലെ അങ്കിൾ ഞങ്ങളോട് വിവരിക്കും. വൈകുന്നേരങ്ങളിൽ ബേക്കറിയിലെ ഉപ്പിട്ട സോഡ നാരങ്ങ വെള്ളത്തിനൊപ്പം ഞങ്ങളിൽ 'സച്ചി- സേതു'മാരുടെ സിനിമാ പ്രവേശന കഥയും പലപ്പോഴും നുരഞ്ഞു കയറിയിട്ടുണ്ട്.
സച്ചിയെ ആദ്യമായി കാണുന്നതും പരിചയം തുടങ്ങുന്നതും തൃശൂർ ബ്യൂറോയിൽ പണിയെടുക്കുമ്പോഴായിരുന്നു. ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട്. സച്ചിയുടെ ബാഗ് മോഷണം പോയി. ചാലക്കുടി പുഴയുടെ തീരത്തെ ശാന്തസുന്ദരമായ വീട്ടിൽ തിരക്കഥയ്ക്കായുള്ള ഏകാന്തവാസത്തിലായിരുന്നു. അവിടേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ബാഗ് പോയത്. പണവും സുപ്രധാനരേഖകളും പഴ്സനൽ ലാപ്ടോപും ആ ബാഗിലുണ്ടായിരുന്നു. കൊച്ചിയിൽ കാറിൽ നിന്ന്. പക്ഷെ, ഏറെ അമൂല്യമായത് എഴുതിപൂർത്തിയാക്കിയ ഒരു തിരക്കഥയായിരുന്നു.
മറ്റൊന്നും തിരികെ വേണ്ട ആ തിരക്കഥമാത്രം കിട്ടിയാൽ മതിയെന്നതായിരുന്നു സച്ചിയുടെ ആഗ്രഹം. പകരം കോപ്പി കൈയിലില്ലായിരുന്നു. ഇനി ഒന്നിൽ നിന്ന് വീണ്ടും തുടങ്ങുമ്പോൾ അതേ തീവ്രതയുണ്ടാകുമോയെന്ന പേടി. മോഷണ മുതൽ പൊലീസിന് കിട്ടിയാൽ അത് കൈയിലെത്തുംവരെയുളള നിയമത്തിന്‍റെ നൂലാമാലകളെക്കുറിച്ചായിരുന്നു ആശങ്ക. ഉച്ചയ്ക്ക് സച്ചിയുടെ താവളത്തിലെത്തി രാത്രിയോളം സംസാരിച്ചിരുന്നു. പിറ്റേന്ന് വാർത്തയും നൽകി.
രണ്ടു ദിവസത്തിനകം സച്ചി തിരികെ വിളിച്ചു. തിരക്കഥയൊഴികെ ബാക്കിയെല്ലാം എടുത്ത് കള്ളൻ ബാഗ് ഉപേക്ഷിച്ചു. അതുവരെ ചോദിക്കാതെ സൂക്ഷിച്ച ചോദ്യം ഞാൻ ചോദിച്ചു. "എന്താണ് എഴുതി പൂർത്തിയാക്കിയ സിനിമയുടെ പേര്?"
ഒരുചിരിയോടെ സച്ചി പറഞ്ഞു...
"അനാർക്കലി... മുഴുവൻ കടലാണ്... പ്രണയവും"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.