ശബ്ദമില്ലാത്തവരുടെ ശബ്ദമെത്തുന്നു...
text_fieldsസംസാരിക്കാനാകാത്ത രണ്ട് കഥാപത്രങ്ങൾ, ദൃശ്യഭാഷയുടെ സമൃദ്ധവും ശക്തവുമായ സാധ്യതകളിലൂടെ ഇവരെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതും സമാന പരിമിതികളുള്ള സഹോദരങ്ങൾ. മലയാള സിനിമയുടെ ചരിത്രത്തിൽ നിർണായകമായ അടയാളപ്പെടുത്തലിന് ‘ശബ്ദം’ എത്തുകയാണ്. ഒരു വെല്ലുവിളിയുടെ സ്വരമാണ് ‘ശബ്ദം’ എന്ന ചലച്ചിത്രം മുന്നോട്ട് വെക്കുന്നത്. പരിമിതികളെ വെല്ലുവിളിച്ച് മുന്നേറുന്ന ഇഛാശക്തിയുടെ സാക്ഷ്യപ്പെടുത്തൽ. മൺപാത്ര നിർമാണം കുലത്തൊഴിലായ കുടുംബത്തിലെ മൂക -ബധിരരായ മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് ശബ്ദത്തിെൻറ കഥാഗതി. മാധ്യമ പ്രവർത്തകനും നവാഗതനുമായ പി.കെ. ശ്രീകുമാർ കഥയെഴുതി സംവിധാനം ചെയ്ത ഈ ചലച്ചിത്രം ഒട്ടേറെ വ്യത്യസ്തതകളുമായാണ് മലയാള സിനിമാ പ്രേക്ഷകരിലേക്കെത്തുന്നത്. ക്ലേശകരമെന്ന് തോന്നാവുന്ന ചലച്ചിത്രം വളരെ വാചാലമായി പ്രേക്ഷകരുമായി സംവദിക്കുമെന്ന് പി.കെ ശ്രീകുമാർ പറയുന്നു.
കേന്ദ്ര കഥാപാത്രമായ ചക്രപാണി എന്ന മൂക - ബധിരനെ സംസാര - കേൾവി ശേഷികളൂള്ള ജയന്ത് മാമ്മൻ അവതരിപ്പിക്കുമ്പോൾ ചക്രപാണിയുടെ ഭാര്യ സരളയുടെ വേഷത്തിലും അവരുടെ മകൻ പമ്പാവാസെൻറ വേഷത്തിലുമെത്തുന്നത് കേൾവി, സംസാര ശേഷികളില്ലാത്ത സോഫിയ - റിച്ചാർഡ് സഹോദരങ്ങളാണ്. കഥാപാത്രങ്ങളാകാൻ ഇരുവരെയും ഒരു മാസക്കാലത്തിലേറെ പരിശീലിപ്പിച്ചാണ് കാമറക്ക് മുന്നിലെത്തിച്ചത്. ചിത്രീകരണവും പ്രധാന വെല്ലുവിളി തന്നെയായിരുന്നുവെന്ന് ശ്രീകുമാർ പറയുന്നു. ഒരിക്കൽ പഠിച്ച ഡയലോഗ് മാറ്റേണ്ടി വന്നാൽ തിരുത്താൻ കഴിയാത്ത അവസ്ഥ. എന്താണോ മുൻപ് പഠിച്ചത് അത് തന്നെ ആവർത്തിക്കും. പക്ഷേ കാര്യങ്ങൾ ഗ്രഹിച്ചാൽ നോർമൽ ആൾക്കാരെക്കാൾ ഭംഗിയായി അഭിനയിക്കാൻ സോഫിയയ്ക്കും റിച്ചാർഡിനും കഴിഞ്ഞു എന്നതാണ് ശബ്ദത്തിന്റെ പ്ലസ്-ശ്രീകുമാർ പറയുന്നു.
ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ഈ ചിത്രം. മുൻ മിസ് ഇന്ത്യ ഡഫ് കൂടിയായ സോഫിയയും സഹോദരൻ റിച്ചാർഡും ബൈക്ക് റേസേഴ്സ് കൂടിയാണ്. സാഹസികതയെ പ്രണയിക്കുന്നവരാണ് ഇരുവരും. കേൾവിശേഷിയില്ലാതെ ടൂവീൽ -ഫോർ വീൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യ വ്യക്തി കൂടിയാണ് സോഫിയ. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കഥാകൃത്ത് ബാബു കുഴിമറ്റം, റൂബി തോമസ്, ലിനു ഐസക്, നിമിഷ നായർ, ഹിൽഡ എന്നിവരുൾപ്പെടെ ചിത്രത്തിലെ എല്ലാവരും പുതുമുഖങ്ങൾ തന്നെ. റൂബി ഫിലിംസിന്റെ ബാനറിൽ ഷിബു തോമസ് (ജയന്ത് മാമ്മൻ) നിർമ്മിച്ച ചിത്രം ഒക്ടോബർ 11 ന് തിയറ്ററുകളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.