'മണിയൻപിള്ള രാജുവിനെ കുറിച്ച് എനിക്ക് വേറെ കാര്യങ്ങൾ പറയാനുണ്ട്'
text_fieldsരജിഷാ വിജയന്‍ കേന്ദ്രകഥാപാത്രമായ ഫൈനല്‍സ് സംവിധായകൻ ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ മണിയൻ പിള്ള രാജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. ആദ്യ സംവിധാന സംരംഭം വിജയകരമാക്കുന്നതിനായി മണിയൻ പിള്ള രാജു നൽകിയ പിന്തുണ വളരെ വലുതാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അരുൺ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
മണിയൻപിള്ള രാജു എന്ന പ്രൊഡ്യൂസറിനെ കുറിച്ച് ചിലത് തുറന്ന് പറഞ്ഞേ പറ്റൂ...
എലാവരും ആഘോഷത്തോടെ പറയുന്ന കാര്യം ഉണ്ട്. മണിയൻപിള്ള രാജു എന്ന പ്രൊഡ്യൂസർ ഭക്ഷണത്തിന്റെ ആളാണ്. സെറ്റിൽ ഏറ്റവും നല്ല ഫുഡ് കൊടുക്കുന്ന ആളാണ്. സംഭവം സത്യമാണ്. ബൂസ്റ്റും നാരങ്ങാ വെള്ളവും പിന്നെ ആടും മാടും എന്ന് വേണ്ട , നാട്ടിൽ ഉള്ള എല്ല്ലാ തരാം ആഹാരവും, ഏറ്റവും ഗംഭീരമായി തന്നെ രാജുച്ചേട്ടന്റെ സെറ്റിൽ ഉണ്ടാവും. എല്ലാവർക്കും... ഒരു ക്യാമറാമാൻ ലെൻസ് മാറ്റുന്ന ജാഗ്രതയോടെ രാജു ചേട്ടൻ ഇതിനെല്ലാം മേൽനോട്ടം നൽകുകയും ചെയ്യും.. എപ്പോഴും രാജു ചേട്ടന്റെ ഈ പ്രത്യേകത എല്ലാവരും ആഘോഷിക്കാറും ഉണ്ട്. പക്ഷെ എനിക്ക് ഇത് കേൾക്കുമ്പോൾ ദേഷ്യം ആണ് തോന്നാറ് . കാരണം എനിക്ക് വേറെ ചിലത് പറയാനുണ്ട്..
സെൻസർ കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്ത് നിന്നും മടങ്ങുകയാണ്. ഫോണിൽ ഒരു മെസ്സേജ്. അധികം കണ്ടു പരിചയം ഇല്ലാത്ത തലക്കെട്ടിൽ നിന്നാണ് മെസ്സേജ് വന്ന് കിടക്കുന്നത്.ബാങ്കിൽ നിന്ന് . വണ്ടി വശത്തേക്ക് ഒതുക്കി നോക്കി. എന്റെ പ്രതിഫലം മുഴുവനായി ക്രെഡിറ്റ് ആയിരിക്കുന്നു. മണിയൻപിള്ള രാജു എന്ന പ്രൊഡ്യുസർ മുഴുവൻ പ്രതിഫലവും ഇട്ടിരിക്കുകയാണ്. എന്നെയും എന്റെ പല സുഹൃത്തുക്കളെയും സംബന്ധിച്ച് ഇത് കേട്ട് കേൾവി ഇല്ലാത്തതാണ്. ആദ്യ സിനിമ എന്നാൽ , പ്രൊഡ്യൂസർ പറയുന്ന പ്രതിഫലം തലയാട്ടി കേൾക്കുകയും, അവസാനം എന്തെങ്കിലും കിട്ടിയാൽ ഭാഗ്യം എന്നതും ആണ് നാട്ടു നടപ്പ് എന്ന് കരുതാൻ കാരണം, ഞങ്ങളിൽ പലരുടെയും അനുഭവം തന്നെയായിരുന്നു. പ്രതിഫലം കിട്ടാതെ ആദ്യ സിനിമയുടെ അധ്വാനം തളർത്തിയ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ തീർന്നപ്പോൾ തന്നെ, സിനിമയിൽ ജോലി ചെയ്ത എല്ലാവർക്കും , പറഞ്ഞ പ്രതിഫലം കൊടുത്ത് തീർത്തു കഴിഞ്ഞു, ഈ പ്രൊഡ്യൂസർ.
ഓർമ്മകളുടെ മനുഷ്യനാണ് രാജു ചേട്ടൻ. താൻ സിനിമ പഠിക്കാൻ പോയപ്പോൾ, എല്ലാ ദിവസവും ഇഷ്ടമില്ലാതെ ഗോതമ്പ് ദോശ കഴിച്ച കുടുംബത്തെ പറ്റി , ഇപ്പോഴും ഓർക്കും.. പറയും.. പഴയ കാലത്തെ സകല കഥകളും, അത് തമാശകൾ മാത്രമല്ല, ബുദ്ധിമുട്ടിയതും, അതിനിടയിൽ സഹായിച്ചവരെയും ഓർക്കും. ചിലപ്പോൾ മെറിറ്റിനേക്കാൾ കൂടുതൽ അത്തരം ഓർമ്മകൾ തീരുമാനത്തെ ബാധിക്കാറുണ്ട്. ഞാൻ അപ്പോൾ വഴക്കിടും. പക്ഷെ അപ്പോൾ ഓർക്കും. രണ്ടു സിനിമ കഴിയുമ്പോൾ തന്നെ ചുറ്റും ഉണ്ടായിരുന്നവരെ മറക്കുന്ന ആളുകളുള്ള ഒരു കാലത്താണ് ഈ മനുഷ്യൻ ഇതെല്ലം ഓർക്കുന്നത്. അത് കൊണ്ട് സന്തോഷത്തോടെ ആ തീരുമാനത്തിന് കൂടെ നിന്നിട്ടുണ്ട്.
കൃത്യമായ പ്ലാനിങ് രാജു ചേട്ടൻ എന്ന പ്രൊഡ്യൂസറിന് ഉണ്ട്. ഷൂട്ടിംഗ് സമയത്ത്, മുറിയുടെ വാതിലിൽ ഓരോ ദിവസത്തെ ചാർട്ടും ഉണ്ട്. എല്ലാ ദിവസവും രാത്രി അത് വെട്ടിയാലേ രാജു ചേട്ടന് സമാധാനം ഉളളൂ. എനിക്കും.
ഇത്രയും അർത്ഥവത്തായ കാര്യങ്ങൾ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അത് കൊണ്ട്, ഈ കാര്യങ്ങൾ പറയാതെ, രാജു ചേട്ടന്റെ സെറ്റിലെ ഭക്ഷണം എന്ന് കേൾക്കുമ്പോൾ, എനിക്ക് ചില സമയം സങ്കടം വരും. അതിനുമപ്പുറം ആ സെറ്റിൽ പലതുമുണ്ട് എന്ന് അറിയാവുന്ന ഒരാൾ ആയത് കൊണ്ട്...
ഇന്ന് ഫൈനൽസ് എന്ന സിനിമ വിജയത്തിലേക്ക് കടക്കുകയാണ് ...സാമ്പത്തിക ലാഭത്തിലേക്ക് കടന്ന് കഴിഞ്ഞു. ഒരു ലളിത വാചകം മനസ്സിലേക്ക് വരുകയാണ്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.