പ്രേംനസീർ സ്മാരക നിർമാണ സമിതിക്ക് രൂപം നൽകി
text_fieldsആറ്റിങ്ങൽ: പ്രേംനസീര്‍ സ്മാരക നിര്‍മാണസമിതിക്ക് സർക്കാർ രൂപം നൽകി. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയെ ചെയര്‍മാനായും സാംസ്കാരികവകുപ്പ് ഡയറക്ടർ കണ്‍വീനറുമായുള്ളതാണ് സമിതി. നിത്യഹരിത നായകൻ പ്രേംനസീറിന് ജന്മനാടായ ചിറയികീഴില്‍ സ്മാരകം നിർമിക്കുകയെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. ഇതിനായി നിരവധി നിവേദനങ്ങളാണ് വിവിധ സര്‍ക്കാറുകള്‍ക്ക് നാട്ടുകാർ പലപ്പോഴായി നൽകിയത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്.
സ്മാരകത്തിനായി സര്‍ക്കാര്‍ ശാര്‍ക്കര എല്‍.പി സ്കൂൾ ഭൂമിയാണ് തെരഞ്ഞെടുത്തത്. പൂട്ടിക്കിടന്ന വിദ്യാലയമാണിത്. സ്കൂളിലെ 66.22 സെൻറ് ഭൂമി പദ്ധതിക്കായി കണ്ടെത്തി. ഈ ഭൂമി റവന്യൂ വകുപ്പില്‍നിന്ന് സാംസ്കാരിക വകുപ്പിലേക്ക് കൈമാറി നേരത്തേ ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറിെൻറ 2020-21 ബജറ്റില്‍ പ്രേംനസീർ സ്മാരകത്തിനായി ഒരു കോടി രൂപ പ്രഖ്യാപിച്ചു. ഇതുകൂടാതെ സ്ഥലം എം.എല്‍.എയും ഡെപ്യൂട്ടി സ്പീക്കറുമായ വി. ശശി ആസ്തി വികസന ഫണ്ടില്‍നിന്ന് ഒരു കോടി രൂപ അനുവദിക്കുമെന്ന് അറിയിച്ചു.
ഈ അറിയിപ്പ് സര്‍ക്കാറിന് ലഭിച്ചതോടെ പദ്ധതി യാഥാർഥ്യമായി. പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ നിർദേശിക്കുന്ന സമിതി മേല്‍നോട്ടം വഹിക്കും. ഈ സ്മാരക നിര്‍മാണസമിതിയാണ് രൂപരേഖ, പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ തയാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിക്കുന്നത്. സമിതിയില്‍ ജില്ലാ പഞ്ചായത്ത് അംഗം, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം, എക്സിക്യൂട്ടിവ് എൻജിനീയര്‍ കെട്ടിടവിഭാഗം എന്നിവര്‍ ഉൾപ്പെടും. വിവിധരീതിയിൽ ഉണ്ടാകാവുന്ന സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളും ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.