പൃഥ്വിരാജ് എത്തുന്നു; ലോകത്തെ അറിയിച്ച് അലംകൃത -VIDEO
text_fieldsകൊച്ചി: 'എന്‍റെ അച്ഛൻ വരുന്നു' -കറുത്ത ബോർഡിൽ ചോക്ക് കൊണ്ട് ഇതെഴുതുമ്പോൾ ആ കുഞ്ഞു മനസ്സ് അത്രമേൽ തുള്ളിച്ചാടിയിരുന്നു. അവൾ മാത്രമല്ല, മലയാള സിനിമാ ലോകവും ആരാധകവൃന്ദവും കാത്തിരിക്കുകയാണ് ആ മടങ്ങിവരവ്. മറ്റാരുമല്ല, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജാണ് ആ അച്ഛൻ. രണ്ട് മാസത്തിന് ശേഷം 'ഡാഡയെ' കാണാൻ പോകുന്ന ത്രില്ലിൽ മകൾ അലംകൃത കുഞ്ഞിക്കൈകൾ കൊണ്ട് എഴുതിയതാണിത്- My father is coming.
പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോൻ ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ അത് താര വരവിന്‍റെ വിളംബരവുമായി. 'ആടുജീവിതം' സിനിമയുടെ ഷെഡ്യൂൾ പൂർത്തിയാക്കി ജോർദാനിൽനിന്ന് വെള്ളിയാഴ്ച രാവിലെ പൃഥ്വിയും സംവിധായകൻ ബ്ലസിയും അടങ്ങുന്ന സംഘം കൊച്ചിയിലെത്തും. ഡൽഹി വഴി പ്രത്യേക എയർ ഇന്ത്യ വിമാനത്തിലാണ് പൃഥ്വിയും 58 അംഗ സംഘവും എത്തുന്നത്. കൊറോണ പ്രതിസന്ധി മൂലം ഷൂട്ടിങ് നീണ്ടതാണ് ഇവരുടെ യാത്ര വൈകിച്ചത്.
സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജ് എഴുതിയ കമന്‍റും ഹൃദ്യമായി. 'തിരികെ വന്ന് രാജകുമാരിക്കും രാജ്ഞിക്കുമൊപ്പം (സ്മൈലി) ക്വാറൻറീൻ പൂർത്തിയാക്കുന്നതിന് ഇനിയും കാത്തിരിക്കാൻ വയ്യ' എന്നായിരുന്നു പൃഥ്വിയുടെ കമന്‍റ്.
ജോർദാനിലെ വാദിറാം മരുഭൂമിയിലെ ചിത്രീകരണത്തിനായി മാർച്ച് ആദ്യവാരമാണ് പൃഥ്വിയും സംഘവും പോയത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച പൃഥ്വിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഷൂട്ടിങ് പൂർത്തിയായ ശേഷമുള്ള ചിത്രങ്ങൾ കണ്ട് നാട്ടിൽ നിന്ന് ജോർദാനിലേക്ക് തിരിക്കുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വണ്ണം കുറഞ്ഞല്ലോ എന്നായിരുന്നു ആരാധകരുടെ കമൻറ്.
സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജും സംഘവും ജോർദാൻ മരുഭൂമിയിൽ പോയത്. എന്നാൽ, ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ജോർദാനിൽ കൊറോണ പടർന്നു പിടിക്കുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരികയുമായിരുന്നു.
ആദ്യം സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടർന്നെങ്കിലും ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ നിർത്തേണ്ടതായി വന്നു. അപ്പോഴേക്കും ഇന്ത്യയിലും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി.
![](https://www.madhyamam.com/sites/default/files/aadujeevitham-21520.jpg)
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.