സിനിമ നിർമാതാക്കൾ ‘അമ്മ’യുമായി ഇടയുന്നു
text_fieldsകൊച്ചി: സിനിമ ചിത്രീകരണം നിർത്തി ‘അമ്മ’യുടെ സ്റ്റേജ് ഷോക്ക് താരങ്ങളെ നൽകാനാവില്ലെന്ന് നിർമാതാക്കൾ. ‘അമ്മ’യുടെ ഏകപക്ഷീയ തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം. രഞ്ജിത്ത് ‘അമ്മ’ പ്രസിഡൻറ് മോഹൻലാലിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിനേതാക്കളുടെ സംഘടനയോട് എക്കാലവും സഹകരിച്ച നിർമാതാക്കൾക്ക് തിരിച്ചുകിട്ടിയത് നിസ്സഹകരണം മാത്രമാണെന്ന് കത്തിലുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുകോടി സമാഹരിക്കാൻ ഡിസംബർ ഏഴിന് ‘അമ്മ’ നടത്തുന്ന സ്റ്റേജ് ഷോക്ക് ഒരാഴ്ചത്തേക്ക് താരങ്ങളെ നൽകണമെന്നാവശ്യപ്പെട്ട് മോഹൻലാൽ കത്ത് നൽകിയിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് ‘അമ്മ’യുടെ നടപടിയെ വിമർശിക്കുന്നത്.
പ്രളയത്തെത്തുടർന്ന് നിരവധി സിനിമകളുടെ ചിത്രീകരണവും റിലീസും മുടങ്ങിയെന്നും വൻ നഷ്ടമുണ്ടായെന്നും കത്തിൽ പറയുന്നു. 2019 വിഷു വരെയുള്ള ചിത്രങ്ങളുടെ ചിത്രീകരണവും റിലീസും വളരെ പ്രയാസപ്പെട്ടാണ് പുനഃക്രമീകരിച്ചത്. ഇതിനിടെയാണ് താരങ്ങളെ വിട്ടുകിട്ടാൻ കത്ത് നൽകിയത്. സെക്രട്ടറി പ്രൊഡക്ഷൻ കൺട്രോളർമാർക്ക് വാട്സ്ആപ്പ് വഴി നിർദേശം നൽകുകയും ചെയ്തു. നിർമാതാക്കളെ അറിയിക്കുംമുമ്പ് നിർദേശം നൽകിയത് തെറ്റാണ്. ഫിലിം ചേംബറിനോടും നിർമാതാക്കളുടെ സംഘടനയോടും ആലോചിക്കാതെ തീരുമാനമെടുത്തതിനോട് യോജിക്കാനാവില്ല. ഷോ നടത്താതെ ‘അമ്മ’ക്ക് അഞ്ചുകോടി നിസ്സാരമായി സമാഹരിക്കാം. അസോസിയേഷൻ കെട്ടിടം പണി പൂർത്തിയാക്കാനും അംഗങ്ങളുടെ ക്ഷേമപ്രവർത്തനത്തിനുമായി ഷോ നടത്താമെന്ന് വാഗ്ദാനം ചെയ്ത ‘അമ്മ’ വർഷങ്ങളായി ഒാരോ ഒഴികഴിവ് പറഞ്ഞ് കബളിപ്പിക്കുകയാണ്.
സ്വകാര്യ സ്ഥാപനങ്ങളുടെ ഷോയിൽ മുൻനിര താരങ്ങൾ പെങ്കടുക്കുന്നു. ഇനിയും ‘അമ്മ’യുടെ ഏകപക്ഷീയ നിലപാടുകൾ അംഗീകരിക്കാനാകില്ല. ചിത്രീകരണം നിർത്തിവെച്ച് താരങ്ങളെ വിട്ടുനൽകേണ്ടെന്ന് തീരുമാനിക്കാൻ നിർമാതാക്കൾ നിർബന്ധിതമാണെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.