മത-ജാതി സംഘടന ബന്ധമുള്ളവർ പാർട്ടിയിൽ വേണ്ടെന്ന് രജനീകാന്ത്
text_fieldsചെന്നൈ: രജനി മക്കൾ മൺറത്തിൽ അംഗത്വംലഭിക്കുന്നതിന് കടുത്ത നിബന്ധനകളും പ്രവർത്തകർക്ക് പുതിയ പെരുമാറ്റച്ചട്ടവുമായി രജനികാന്ത്. ഇതുമായി ബന്ധപ്പെട്ട് സംഘടന 36 പേജുള്ള പുതിയ ‘റൂൾബുക്ക്’ പുറത്തിറക്കി. ജാതി-മത സംഘടന ബന്ധമുള്ളവർക്ക് മൺറത്തിൽ ചേരാനാവില്ല. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തിൽ പ്രവർത്തിക്കുകയോ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്. രാജ്യത്തെ നിയമവ്യവസ്ഥിതി അംഗീകരിക്കണം. സ്ത്രീകളെയും വയോധികരെയും ബഹുമാനിക്കണം. എതിരഭിപ്രായമുള്ളവരെ കായികമായി നേരിടരുത്.
യുവജന വിഭാഗത്തിൽ ചേരുന്നതിന് 18- 35 ആണ് പ്രായപരിധി. വാഹനങ്ങളിൽ മൺറത്തിെൻറ കൊടി ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രമേ ഭാരവാഹിത്വം നൽകുകയുള്ളൂ. സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായി പ്രതികരിക്കുേമ്പാൾ മൺറത്തിെൻറ പേരുപയോഗിക്കരുത്. പ്രധാന ഭാരവാഹികളുടെ അനുമതിയില്ലാതെ പണം പിരിക്കരുത്. പരിപാടികളിൽ ഷാളുകൾ, ബൊക്കെകൾ, മറ്റു സമ്മാനങ്ങൾ നൽകരുത്. എല്ലാ വിഷയത്തിലും അന്തിമ തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നും ലഘുലേഖയിൽ പറയുന്നു.
ഡിസംബർ 31നാണ് രജനികാന്ത് തെൻറ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. എന്നാൽ, എട്ടുമാസം പിന്നിടുേമ്പാഴും പാർട്ടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ല. ‘രജനി രസികർ മൺറ’ങ്ങളെ ‘മക്കൾ മൺറ’മാക്കി മാറ്റി അംഗത്വ കാമ്പയിൻ നടത്തിവരുകയാണ്. രാഷ്ട്രീയകക്ഷി രൂപവത്കരണത്തിന് മുന്നോടിയായാണ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.