എസ്.ദുർഗ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കും
text_fieldsതിരുവനന്തപുരം: സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ്.ദുർഗ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കും. പ്രതിരോധത്തിന്‍റെ ഭാഗമായാണ് ചിത്രം തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചത്ര മേളയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. കലയെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കരുതെന്നാണ് അക്കാദമിയുടെ നിലപാട്. ഇതിന്‍റെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി പ്രത്യേക പ്രദർശനമാണ് ഒരുക്കുന്നത്.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് അവസാനിക്കാനിരിക്കെ പ്രദര്‍ശനത്തിന് കോടതി വിധി സമ്പാദിച്ചെങ്കിലും എസ്. ദുര്‍ഗ പ്രദര്‍ശിപ്പിക്കാൻ ഇടയില്ലെന്ന് റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഐ.എഫ്.എഫ്.കെയിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. രണ്ടാമതും ചിത്രം കണ്ട ജൂറിയുടെ റിപ്പോര്‍ട്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് അയക്കണമെന്നും അവിടെനിന്ന് കോടതിയില്‍ സമര്‍പ്പിച്ച് അനുകൂല ഉത്തരവ് നേടിയാല്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കൂ എന്നും അധികൃതര്‍ നിലപാടെടുത്തതോടെയാണ് ചിത്രം ഗോവയിൽ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വഴിയടഞ്ഞത്.
ചലച്ചിത്രോത്സവത്തിന്‍റെ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍നിന്ന് എസ് ദുര്‍ഗ പിന്‍വലിച്ച നടപടിയെ എതിര്‍ത്തുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി സിംഗിള്‍ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. പനോരമ ജൂറി അംഗങ്ങള്‍ സിനിമയുടെ സെന്‍സര്‍ ചെയ്ത പതിപ്പ് കണ്ടതിനു ശേഷം പ്രദര്‍ശനം സംബന്ധിച്ച് ജൂറിക്ക് തീരുമാനമെടുക്കണമെന്നായിരുന്നു കേരള ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.