മായാനദിയിലെ ഏറ്റവും മികച്ച പാട്ട് സന്ദർഭത്തെ കുറിച്ച് ഷഹബാസ് അമൻ
text_fieldsമികച്ച പ്രക്ഷേക പ്രതികരണം നേടി മുന്നേറുകയാണ് അഷിഖ് അബു സംവിധാനം ചെയ്ത മായാനദി. സിനിമയിലെ പ്രണയം ഹൃദ്യമായി അവതരിപ്പിക്കുന്നതിൽ റെക്സ് വിജയെൻറ സംഗീതത്തിനും നിർണയാക പങ്കുണ്ട്. ഇപ്പോൾ മായനദിയിലെ മികച്ച പാട്ട് സന്ദർഭത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ.
മൂന്ന് കൂട്ടുകാരികൾ സങ്കടപ്പെട്ട് ബാൽക്കണിയിലിരിക്കുേമ്പാൾ പാടുന്ന 'ബാവ് രാ മൻ ദേഖ്ന എക് സപ്നാ' എന്ന പാട്ടാണ് ചിത്രത്തിലെ ഏറ്റവും മികച്ച പാട്ട് സന്ദർഭവുമെന്നാണ് ഷഹബാസ് അമൻ അഭിപ്രായപ്പെടുന്നത്. സ്‌ക്രീനിനെ കരുത്തുറ്റ വിധം ആര്‍ദ്ദ്രമാക്കിയ ഒരു സന്ദര്‍ഭം തന്നെ ആയിരുന്നു അത്. പിന്നിൽ പ്രവര്‍ത്തിച്ച ഞങ്ങള്‍ ആണ്‍ സംഗീതജഞരെ മുഴുവന്‍ നിശബ്ദരാക്കിയ നിമിഷമായിരുന്നു ആ രംഗമെന്നും ഷഹബാസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണ്ണ രൂപം
മായാനദി ഇഷ്ടപ്പെടാൻ ഓരോരുത്തർക്കും വേറെ വേറെ കാരണങ്ങൾ! അതൊക്കെ മനോഹരമായി എല്ലാരും എഴുതുന്നുമുണ്ട് ! ഓരോന്നും വായിക്കാൻ നല്ല രസമുണ്ട്..ബാലമോഹനും റഷീദ് സാബിരിയും ധനേഷുമൊക്കെ എഴുതിയത് ഇവിടെ ഷെയർ ചെയ്യേണ്ടതാണു! പക്ഷേ കറങ്ങിക്കറങ്ങി അതൊക്കെ എല്ലാരുടെയും കണ്ണുകളിൽ എപ്പോഴെങ്കിലും ഒന്ന് കൊളുത്തിയേക്കാം എന്നത് കൊണ്ട് ആവർത്തിക്കുന്നില്ല.ഇവിടെ പറയുന്നത് മായാനദിയിലെ മൂന്ന് കൂട്ടുകാരികളുടെ സങ്കടബാൽക്കണിയിരുത്തത്തെക്കുറിച്ചാണു! അതിനെക്കുറിച്ചു മാത്രമാണു. ചങ്കിൽ വന്നു നിൽക്കുന്ന ഗദ്ഗദത്തെ അതിൽ ഒരുവൾ പാടിയൊഴിവാക്കാൻ നോക്കുന്നത് ഇങ്ങനെയാണു "ബാവ് രാ മൻ ദേഖ്നേ ചലാ ഏക് സപ്നാ"
ഒരു പാട് സന്ദർഭങ്ങളിൽ പൊടുന്നനേ ഒരു പാട്ട് കൊണ്ട് സന്തോഷമോ സങ്കടമോ വരാൻ എത്രയോ എത്രയോ രാപ്പകലുകളിൽ പാടിയിട്ടുണ്ട്!
പല തർക്കങ്ങൾക്കിടയിലേക്ക് ഗ്രീഷ്മം കൊണ്ടും സജ്നി കൊണ്ടും നൂറു തവണ ലൈൻ റഫറി ആയിട്ടുണ്ട്! സമരത്തലകളെ സോജപ്പീലിയും രഫ്ത്തപ്പീലിയും കൊണ്ടുഴിഞ്ഞിട്ടുണ്ട്! ഇപ്പോഴും ചെയ്യുന്നുണ്ട്! അതൊക്കെയും സ്നേഹത്തോടെ ഓർമ്മ വന്നു, ഒറ്റസീനിൽ! അതിലും മികച്ച ഒരു കൗൺസലിംഗ് ഇല്ല, ശരിക്ക്. എങ്കിലും ഒരു വ്യത്യാസം ഉള്ളതായി തോന്നിയിട്ടുണ്ട് ! പെണ്ണിരുത്തത്തിൽ ഒരു പെൺകുട്ടി പാടുമ്പോലെ പാടാൻ-വേറൊരു നിലയിൽ പറഞ്ഞാൽ- ഏതിരുത്തത്തിലായാലും നല്ല പെൺതുടിപ്പുകൾ അക്കൂട്ടത്തിലുണ്ടെന്നാകിൽ ആൺ ശബ്ദം കൊണ്ട് അവിടെ കാര്യമായി ഒന്നുമാകില്ല! മേപ്പരപ്പിൽ കിടന്ന് ഓളം വെട്ടാം എന്നേയുള്ളു! കിണർ കുഴിക്കൽ നടക്കില്ല. സ്പെഷൽ സ്പീഷിസുകളെക്കുറിച്ചോ അല്ലെങ്കിൽ ബാവുളുകളെക്കുറിച്ചൊന്നുമല്ല പറഞ്ഞത് ട്ടോ.ഇവിടെ ഇപ്പോൾ സാധാരണ നിലയിൽ അവൈലബിൾ ആയ തൊണ്ണൂറ്റിയഞ്ചു ശതമാനം ആൺ ശബ്ദങ്ങളെയും കുറിച്ചാണു! പറഞ്ഞു വന്നതെന്താ എന്ന് വച്ചാൽ മായാനദിയിലെ ഏറ്റവും മികച്ച പാട്ട് സന്ദർഭം ബാൽക്കണിയിലെ ദർശനാമൂളക്കമാണു! "ബാവ് രാ മൻ" എന്തൊരു ഫീലാണതിനു!
പേർസ്സണൽ സിംഗിംഗ് എന്നൊരു സാധനം ഉണ്ട് അതിൽ! വെറും ചങ്ക് പാട്ട്. സ്നേഹമല്ലാതെ ഒന്നുമില്ല അവളുടെ കയ്യിൽ.പിൻഡ്രോപ്പ് സൈലൻസ് കൊണ്ട് ആളുകൾ അപ്പോൾ അതിനൊരു കീപാഡ് ബാക്കിംഗ് നൽകിയിരുന്നു എന്ന് വേണമെങ്കിൽ പറയാം! സ്ക്രീനിനെ കരുത്തുറ്റ വിധം ആർദ്ദ്രമാക്കിയ ഒരു സന്ദർഭം തന്നെ ആയിരുന്നു അത്! പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ ആൺ സംഗീതജഞരെ മുഴുവൻ നിശബ്ദരാക്കിയ നിമിഷം! ബ്രാവോ ആഷിക്ക്! ബ്രാവോ മായാനദി! അല്ലെങ്കിലും ശ്യാമിന്റെ സ്ക്രീൻ ഡീറ്റെയിലിംഗ് മിടുക്കും ശബ്ദരേഖാ മികവും വളരെ വളരെ ഇഷ്ടമാണു! ആഷിക്കാവട്ടെ തനിക്കു നേരിൽ അനുഭവമായി അറിയാവുന്ന നഗരജീവിതത്തിനു ഫ്രെയിം വ്യാഖ്യാനം നൽകുമ്പോൾ വളരെ ശ്രദ്ധയുള്ള സെൻസിബിൾ ആയ സ്നേഹത്തിന്റെ കരുതൽ ഉള്ള ഒരാളാണു! ഒരുനല്ല നടൻ ക്യാമറക്ക് മുന്നിൽ എങ്ങനെ പെരുമാറുമോ അതുപോലെ ആഷിക്ക് ക്യാമറക്ക് പിന്നിൽ നിന്നുകൊണ്ട് നല്ല പെരുമാറ്റം കാഴ്ച്ച വെക്കുക കൂടിയാണു സത്യത്തിൽ ചെയ്യുന്നത്.
നഗരച്ചിത്രങ്ങളിൽ ആഷിക്ക് ശ്യാം ദിലീഷ് കൂട്ടിക്കെട്ടിനു തീർച്ചയായും ഇനിയും ഒരുപാട് ബ്യൂട്ടിഫുൾ കാര്യങ്ങൾ ചെയ്യാൻ പറ്റും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല! ഐശ്വര്യയുടെയും ടോവിനോയുടെയും ഇളവരശിന്റെയുമൊക്കെ (ഐശ്വര്യ ടോവിനോ ഇളവരശ് ഭായ് നിങ്ങൾ പൊളിച്ചിട്ടുണ്ട് ട്ടോ) ശരീര ഭാഷയും റെക്സിന്റെ സംഗീത ഭാഷയും ജയേഷിന്റെ ദൃശ്യഭാഷയുമൊക്കെ വെച്ച് വേണമെങ്കിൽ ഇതു പോലെയുള്ള തുടർ നീക്കങ്ങൾ തന്നെ ആവാം! കാരണം ഇപ്പോൾ തന്നെ മായാനദി വേറൊരു തരം നഗരകാന്താര ജീവിത ദൃശ്യത്വത്തിലേക്ക് ഇതുവരെ ഇല്ലാതിരുന്ന പുതിയൊരു വാതിൽ തുറന്ന് വെക്കുന്നുണ്ട്! സാമാന്യം ധൈര്യത്തോടെത്തന്നെ! ആർക്കും അതിലൂടെ ഒന്ന് പ്രവേശിച്ചു നോക്കാവുന്നതാണു. തങ്ങളുടേതായ പല നിലകളിൽ!
മായാനദിക്കു നന്ദി. മിഴിക്കും കാറ്റിനും നന്ദി!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.