Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഭയപ്പെട്ട്...

ഭയപ്പെട്ട് ജീവിച്ചവരുടെ ഭയം അവസാനിക്കുന്നു; നീരജ് മാധവ് വിഷയത്തിൽ ഷമ്മി തിലകൻ

text_fields
bookmark_border
ഭയപ്പെട്ട് ജീവിച്ചവരുടെ ഭയം അവസാനിക്കുന്നു; നീരജ് മാധവ് വിഷയത്തിൽ ഷമ്മി തിലകൻ
cancel

യപ്പെട്ട് ജീവിച്ചവരുടെ ഭയം അവസാനിക്കുന്നിടത്ത് ഭയപ്പെടുത്തിയവരുടെ ഭീരുത്വം ആരംഭിക്കുകയാണെന്ന് നടൻ ഷമ്മി തിലകൻ. മലയാള സിനിമയിലെ കൊള്ളരുതായ്മകൾ തുറന്നുപറഞ്ഞ യുവതാരം നീരജ് മാധവിനോട് ഫെഫ്ക വിശദീകരണം ചോദിക്കുന്നുവെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഷമ്മി തിലകന്‍റെ വിമർശനം. 

സിനിമയിൽ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു പ‍യ്യൻ ഇവിടുത്തെ വേർതിരിവിനെ കുറിച്ച് പറഞ്ഞപ്പോൾ 'അവനങ്ങനെ പറഞ്ഞോ, എന്നാൽ ഉടനെ തന്നെ വിശദീകരണം നൽകണം' എന്നിങ്ങനെ കാലഹരണപ്പെട്ട കുറേ ഉമ്മാക്കികളും പൊക്കിപ്പിടിച്ച് വരുന്നവരുടെ മാനസിക നിലയോർത്ത് ചിരിക്കാതിരിക്കാൻ കഴിയുന്നില്ലെന്ന് ഷമ്മി തിലകൻ പറയുന്നു. 

ജസ്റ്റിസ് ഹേമ കമീഷൻ സർക്കാറിന് മുന്നൂറ് പേജുള്ള റിപ്പോർട്ട് കൊടുത്തപ്പോൾ ഒരക്ഷരം പോലും മിണ്ടാതെ വാലും ചുരുട്ടി അവരവരുടെ മടയിൽ തന്നെ ചുരുണ്ടു കൂടി ഇരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു.

വളർന്നുവരുന്ന താരത്തെ എങ്ങിനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മല‍യാള സിനിമയിൽ ഉണ്ടെന്നായിരുന്നു നീരജ് മാധവിന്‍റെ വെളിപ്പെടുത്തൽ. എന്നാൽ, എല്ലാവരെയും സംശയത്തിന്‍റെ മുനയിൽ നിർത്തരുതെന്നും പേരുകൾ വെളിപ്പെടുത്തണമെന്നും ഫെഫ്ക ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതുസംബന്ധിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ താരസംഘടനയായ അമ്മക്ക് കത്തു നൽകിയിരുന്നു. 

ഷമ്മി തിലകന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം....

#പല്ലിട_കുത്തി_നാട്ടുകാരെ_മണപ്പിക്കല്ലേ_സാറന്മാരെ..; #അവർക്കു_നാറും.!?

"അയ്യേ..; ഈ ഇച്ചീച്ചി ചിനിമയില് ചില അലിഖിത നെയമങ്ങളൊക്കെയുണ്ട് ട്ടാ..; ഇവിടത്തെ ചെല സാറമ്മാരേയ്..; പിള്ളാരോട് വേർതിരിവ് കാണിക്കുന്നോരാ..; അറിയാമോ..?
എന്ന്, കൂട്ടുകാരോട് ഒന്ന് അറിയാതെ വിളിച്ചു പറഞ്ഞുപോയ, സിനിമയിൽ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു പയ്യനോട്..;
#ആങ്ഹാ..;
അവനങ്ങനെ പറഞ്ഞോ..? എന്നാലൊടനെ തന്നെ അവൻ #വിശദീകരണം_നൽകുക..! #സംശയത്തിന്റെ_മുൾമുന_പാടില്ല..! #പേരുകൾ_എടുത്തുപറയുക..! #വിശദാംശം_നൽകുക..! #തേങ്ങാക്കൊല..!
#മാങ്ങാത്തൊലി..!
എന്നിങ്ങനെയുള്ള കാലഹരണപ്പെട്ടു പോയ കൊറേ ഉമ്മാക്കികളും പൊക്കിപ്പിടിച്ച്..; ഒരുമാതിരി #ഉദ്വേഗഭരിതമായി_ഉച്ചരിച്ചുദ്ധരിച്ച് കൊണ്ട്..; ഒരാറാം ക്ലാസുകാരനെ പേടിപ്പിക്കാൻ/പീഡിപ്പിക്കാൻ
വരുന്ന ട്രേഡ് യൂണിയൻ #സാറമ്മാരുടെയും, അവരുടെ സൈബർ പോരാളികളുടേയും മാനസീക നിലയോർത്ത് ചിരിക്കാതിരിക്കാൻ കഴിയുന്നില്ല മലയാളികളേ.!

ഊതിപ്പെരുപ്പിച്ചെടുക്കുന്ന ഭയമാണ് #അന്ധമായ_അനുസരണയ്ക്ക് അടിസ്ഥാനമെന്ന് കരുതുന്ന അധികാര കൊതിയൻമാരായ ഇക്കൂട്ടർ..; അണികളെ അനുസരിപ്പിക്കാൻ എളുപ്പമാർഗം അവരിൽ ഭയം കുത്തി വെക്കുകയാണ് വേണ്ടതെന്ന തെറ്റിദ്ധാരണയാൽ..; ആർക്കും മനസ്സിലാകാത്ത നുണകളും കണ്ടുപിടിക്കാനാവാത്ത കള്ളങ്ങളും കൂട്ടിച്ചേർത്തു തന്ത്രങ്ങൾ മെനയുകയാണ്..! 
ബലഹീനതകൾ മറക്കാനുള്ള ഏറ്റവും നല്ല മൂടുപടമാണല്ലോ ഭീഷണി..!!?
പലരും പേടിച്ച് അനുസരിച്ചെന്നിരിക്കും.
എന്നാൽ, വിവേകമില്ലാത്ത വിധേയത്വത്തിന് കീഴ്പ്പെടുന്നവരാകില്ല എല്ലാ അനുയായികളും എന്നതിന്റെ തെളിവായി ഇത്തരം ബദൽ ശബ്ദങ്ങൾ കാലാകാലങ്ങളായി ഉയർന്നുവരാറുമുണ്ട്..! 
അപ്പോഴെല്ലാം അതിന് വിശദീകരണം ചോദിച്ചു ചെല്ലുന്ന അധികാരികൾക്ക്, മലയാളികൾ പൊങ്കാല കൊണ്ട് അഭിഷേകം നടത്തുന്ന കാഴ്ചയും കണ്ടിട്ടുണ്ട്..! 
അന്നത്തെ #പൊങ്കാലകളിൽ വന്ന കലാപരമായ ചില ചേരുവകൾ ഓർത്തപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

എൻറെ ടീനേജ് പ്രായത്തിൽ എന്നെ ചിത്രകല അഭ്യസിപ്പിച്ച..; എന്നെ ഒരു സുഹൃത്തിനെ പോലെ കരുതുന്ന..; നല്ലൊരു മനുഷ്യനും സർവ്വോപരി നല്ലൊരു കവിയും കൂടിയായ ശ്രീ.ജിനദേവൻ വെളിയനാട്..; അന്നൊരിക്കൽ അദ്ദേഹത്തിൻറെ ക്ലാസ് ശ്രദ്ധിക്കാതെ എന്തോ കുരുത്തക്കേട് ഒപ്പിക്കുന്ന എന്നെയും സഹപാഠികളേയും നോക്കി..; ഒരു നിമിഷകവിയെ പോലെ..; ഒരു തുള്ളൽ പാട്ടിൻറെ ഈണത്തിൽ അന്നുറക്കെ പാടിയ നാലു വരികൾ ഓർത്തുപോകുന്നു ഞാൻ..!

#വേണ്ടാ_വേണ്ടായെന്ന്_നിനച്ചാൽ..;
#തലയിൽക്കേറി_നിരങ്ങും_നിങ്ങൾ..!
#വയ്യാവേലികളായ_കുരുക്കി-
#ന്നഴിയുക_വിഷമം_തന്നെയതോർക്കൂ.!?

വേണ്ടായിരുന്നു.
എടുത്തു ചാട്ടമായി പോയി..! ഒഴിവാക്കാമായിരുന്നു..!
ഇനി നൈസായിട്ടങ്ങ് സ്കൂട്ടാകുന്നതാ നല്ലത്..!
ഇപ്പോൾ നമ്മൾ വയസ്സമ്മാരുടെ സമയമല്ല..!
പുള്ളാര് പറയുന്നത് കേൾക്കാനും ആളുകൾ തയ്യാറാണ്..!
നമ്മുടെ വീട്ടിലെ പുള്ളാര് പറയുമ്പോൾ നമ്മളും കേൾക്കാറുണ്ടല്ലോല്ലോല്ലോല്ലേ.
അങ്ങനങ്ങ് കരുതണം..! അല്ല പിന്നെ..!
അനുഭവ ജ്ഞാനമുള്ള ഞാനാദ്യമേ പറഞ്ഞില്ലേ വെറുതെ സ്വന്തം പല്ലിട കുത്തി മണപ്പിക്കാൻ നിക്കണ്ടാ, ഭയങ്കര നാറ്റമായിരിക്കുമെന്ന്..!?
കേട്ടില്ല..!
അനുഭവജ്ഞരുടെ ജ്ഞാനദൃഷ്ടിയ പുച്ഛിച്ച് തള്ളി..; ഒരിക്കലും അനുകൂലമല്ലാത്ത ഒരു സമയത്ത്, ഒരിക്കലും മണപ്പിക്കാനേ കൊള്ളില്ലാത്ത, സ്വന്തം പല്ലിട സ്വയം കുത്തി സ്വയം മണപ്പിച്ച്, നാട്ടുകാരേയും മണപ്പിക്കാൻ ശ്രമിക്കുന്ന അധികാര തിമിരം ബാധിച്ച നിങ്ങൾ..; ഈ ഒന്ന് രണ്ട് കാര്യത്തിൽ എങ്കിലും ഈ ലോകത്തിനു മുന്നിൽ സ്വന്തം സാക്ഷ്യം സത്യവാങ്മൂലം നൽകാൻ തയ്യാറാകുന്നത് ഉചിതമായിരിക്കും..!

#ഒന്ന് :-
വരുംതലമുറയുടെ നന്മയെ കരുതി, തൊഴിലിടത്തിലെ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ..; ഇലയ്ക്കും മുള്ളിനും കേടില്ലാതെ..; സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് വെറുമൊരു ആറാംതരക്കാരൻ കുറിച്ച അവന്റെ അനുഭവ സാക്ഷ്യം പറച്ചിലിനെതിരെ ഘോരഘോരം പ്രതിഷേധിച്ച് മാധ്യമ ശ്രദ്ധ നേടിയെടുക്കാൻ ശ്രമിച്ച നിങ്ങൾ എന്തുകൊണ്ടാണ്..;
മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടന്മാർ, സംവിവിധായകര്‍, നിര്‍മ്മാതാക്കള്‍ എന്നിവരുള്‍പ്പെട്ട 15 പേരുടെ ലോബി ആണെന്നും..; ഇവരില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും..; അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്നും..; സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും..; പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും..; പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട് എന്നും..; നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും..; ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും..; അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും..; ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റുമുള്ള ഞെട്ടിക്കുന്ന വസ്തുതകൾ..; ഈ ആറാം ക്ലാസുകാരനെ പോലുള്ള 100-ൽ പരം അനുഭവ സാക്ഷ്യം പറച്ചിലുകാരുടെ മൊഴികൾ, അവരുടെ വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് അടക്കം ഉൾപ്പെടുത്തി..; ബഹു. ജസ്റ്റിസ് ഹേമ കമ്മീഷൻ സർക്കാരിന് പത്ത് മുന്നൂറ് പേജുള്ള റിപ്പോർട്ട് കൊടുത്തപ്പോൾ..; ഒരക്ഷരം പോലും മിണ്ടാതെ വാലും ചുരുട്ടി അവരവരുടെ മടയിൽ തന്നെ ചുരുണ്ടു കൂടി ഇരുന്നത് എന്തുകൊണ്ടാണ്.
അന്നാരും, സംശയത്തിന്റെ മുൾമുന പാടില്ലെന്നോ..; അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാനാവശ്യപ്പെട്ടവരുടേയും, നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന #സാറമ്മാരുടെയും മറ്റും
പേരുകൾ, എല്ലാവരേയും സംശയത്തിന്റെ മുൾമുനയിൽ നിർത്താതെ എടുത്തു പറയണമെന്നോ..; അവർ ചെയ്തതിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ആ വിശുദ്ധമായ റിപ്പോർട്ട് സർക്കാർ പുറത്തു വിടണമെന്നോ ഒന്നും പറഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ എത്താതിരുന്നത് എന്തുകൊണ്ടാണ്..
കോഴി കട്ടവന്റെ തലയിൽ കോഴിപ്പൂട കാണും എന്ന പഴഞ്ചൊല്ലിൽ വിശ്വാസം തോന്നിയത് കൊണ്ടല്ലേ അന്നങ്ങനെ ചുരുണ്ടു കൂടി മടയിലൊളിച്ചിരുന്നത്.

#രണ്ട് :- സിനിമാമേഖലയിലെ സ്വതന്ത്രവും നീതിപൂർവ്വമായ മത്സരത്തിന് #സാറമ്മാര് ഭരിക്കുന്ന സംഘടനകൾ തടസ്സം സൃഷ്ടിച്ചെന്നും..; നിങ്ങളുടെ ഇഷ്ടത്തിനും, ഇംഗിതത്തിനും, താളത്തിനും തുള്ളാത്തവർക്ക് നിങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നെന്ന് വ്യക്തമായെന്നും..; ഇത്തരം മാത്സര്യവിരുദ്ധപ്രവർത്തനങ്ങൾ നിങ്ങൾ അവസാനിപ്പിക്കണമെന്നും..; ഇത്തരം പ്രവർത്തികളിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കണമെന്നും മറ്റും പേരെടുത്തു പറഞ്ഞ് കുറ്റവാളികളായി മുദ്രകുത്തി..; ലക്ഷക്കണക്കിന് രൂപ പിഴ ഒടുക്കുവാനും ബഹു.കോംപറ്റീഷൻ കമ്മീഷനാൽ ചുമത്തപ്പെട്ട നിങ്ങൾക്ക്..; ധാർമ്മികത എന്ന വാക്കിന്റെ അർത്ഥം അറിയാത്തതുകൊണ്ടാണോ അതോ ഗണേശ് കുമാർ പരസ്യമായി പറഞ്ഞതു പോലെ..; അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കണം എന്നുള്ള അടങ്ങാത്ത അഭിനിവേശം ഉള്ളിന്റെയുള്ളിൽ രൂഢമൂലമായതു കൊണ്ടാണോ ഇത്തിൾ കണ്ണികളേ പോലെ ഇപ്പൊഴും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നത്.

#മാനിഷാദാ...

ഞാൻ #മരിക്കുന്നതിന് മുമ്പ് എന്റെ #ഈ_രണ്ട്_ചോദ്യങ്ങൾക്കെങ്കിലും ഒരു മറുപടി എനിക്ക് നൽകാൻ #സാറമ്മാർക്ക് കഴിയുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് അനുഭവസാക്ഷ്യം പറഞ്ഞ് പറഞ്ഞ് ഇപ്പോഴും മടുത്തിട്ടില്ലാത്ത..; മരണം വരെ പറയുമെന്ന് ശപഥം എടുത്തിട്ടുള്ള ഈ #മുപ്പത്തിയഞ്ചാം_ക്ലാസ്സുകാരൻ..!

#വാൽക്കഷണം.
അണികളെ അടിമകളാക്കി ഭരിക്കുന്ന ഒരു നേതാവിനും അധികകാലം അധികാരം ഉണ്ടാകില്ല.
സത്യം തിരിച്ചറിയുന്ന അനുയായികൾ അപകടകാരികളാണ്.
ഭയപ്പെട്ട് ജീവിച്ചവരുടെ ഭയം അവസാനിക്കുന്നിടത്ത് ഭയപ്പെടുത്തിയവരുടെ ഭീരുത്വം ആരംഭിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neeraj madhavmovie newsshammi thilakan
News Summary - shammy thilakan facebook post -movie news
Next Story