‘യവനിക’യിൽ നിന്ന് വെട്ടിമാറ്റി; കെ.ജി ജോർജ്ജ് എസ്.എൽ. പുരത്തെ ചതിച്ചെന്ന് മകൻ
text_fieldsചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി ജോർജ്ജ് തൻെറ പിതാവിനെ ചതിച്ചെന്ന ആരോപണവുമായി അന്തരിച്ച തിരക്കഥാകൃത്ത് എസ്.എൽ. പുരം സദാനന്ദൻെറ മകൻ ജയസോമ.1982ൽ മികച്ച തിരക്കഥക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘യവനിക’ എന്ന ചലച്ചിത്രത്തിൻറ തിരക്കഥാകൃത്തുക്കളിലൊരാളായ എസ്.എൽ. പുരം സദാനന്ദൻെറ പേര് ഒഴിവാക്കി സഹതിരക്കഥാകൃത്തായിരുന്ന കെ.ജി. ജോർജ്ജ് എൻെറ യവനിക എന്ന പേരിൽ സ്വന്തം തിരക്കഥയാക്കി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചുവെന്ന് ജയസോമ ആരോപിച്ചു.
ചലച്ചിത്രത്തിൻെറ പ്രിൻറുകളിൽ നിന്ന്പോലും തിരക്കഥയുടെ സ്ഥാനത്ത് നിന്ന് എസ്.എൽ. പുരത്തിൻെറ പേര് വെട്ടിമാറ്റിയെന്നും സംഭാഷണം എഴുതിയതായി മാത്രമാണ് നൽകിയെതന്നും അദ്ദേഹം ആരോപിക്കുന്നു. ഫിലിം പ്രിൻറുകളിൽ നിന്ന് പേര് വെട്ടിമാറ്റി പ്രസിദ്ധമായ തിരക്കഥയുടെ ക്രെഡിറ്റ് സ്വന്തം പേരിൽ ആക്കിയതാണെങ്കിൽ കെ.ജി. ജോർജ്ജ് മഹാൻ മാത്രമല്ല പെരുംകള്ളനും കൊടും കുറ്റവാളിയും കൂടിയാണെന്നും ജയസോമ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് കെ.ജി ജോർജ്ജിനെതിരെ ജയസോമ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത്.
സംഭവത്തിൻെറ സത്യാവസ്ഥ അറിയാൻ മാതൃഭൂമിയെ ബന്ധപ്പെട്ടപ്പോൾ കെ.ജി ജോർജിനെ പോലെ മഹാനായ ഒരാൾ പറഞ്ഞപ്പോൾ ഞങ്ങൾ സംശയിച്ചില്ല എന്നാണ് മറുപടി നൽകിയത്. കെജി ജോർജ്ജിനെ ബന്ധപ്പെട്ടപ്പോൾ അങ്ങനെ ഒരു അബദ്ധം പിണഞ്ഞത് ശ്രദ്ധിച്ചില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ജയസോമ പറയുന്നു.
1982 ൽ എസ്.എൽ. പുരവും കെ.ജി. ജോർജ്ജും തിരക്കഥക്കുള്ള പുരസ്കാരം പങ്കിട്ടതാണ്. അതിൻെറ സർട്ടിഫിക്കറ്റും മൊമേൻറായും വീട്ടിലുണ്ട്. തിരക്കഥ വിഭാഗത്തിൽ പേരില്ലാതെ, മത്സരിക്കാതെ എസ്.എൽ പുരം എങ്ങനെ മികച്ച തിരക്കഥക്കുള്ള വിജയിയായെന്ന സംശയം തീർക്കാൻ അന്നത്തെ ജൂറി അംഗവും നല്ല നിരൂപകനുമായ വിജയകൃഷ്ണനെ ബന്ധപ്പെട്ടു. അന്ന് അവിടെ പ്രദർശിപ്പിച്ച പ്രിൻറിൽ പേരുള്ളതുകൊണ്ടും പി.ആർ.ഡി ലിസ്റ്റിൽ പേരുള്ളതു കൊണ്ടുമാണ് എസ്.എൽ പുരത്തിന് അവാർഡ് കിട്ടിയതെന്ന് ഉറപ്പിച്ചു പറഞ്ഞ വിജയകൃഷ്ണൻ അതിൻെറ കത്ത് അയച്ചു തന്നതായും കത്തിൻെറ പകർപ്പ് കൈയിലുണ്ടെന്നും ജയസോമ പറയുന്നു.
പുതിയ തലമുറയ്ക്ക് എസ് എൽ പുരത്തെ പരിചയം ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ സിനിമ ലോകത്ത് എന്നും ചർച്ചയായ, ചലച്ചിത്ര വിദ്യാർഥികളുടെ പഠന വിഷയമായ ‘യവനിക’ സിനിമയുടെ തിരക്കഥ രചയിതാവിൻെറ സ്ഥാനത്തു നിന്ന് എസ്.എൽ പുരത്തെ ഒഴിവാക്കാനുള്ള മനപ്പൂർവമായ ശ്രമമാണ് നടന്നത്. മരിച്ചു പോയവനെ സപ്പോർട്ട് ചെയ്യാൻ ആരും കാണില്ലെന്നും ജീവിച്ചിരിക്കുന്നവൻെറ കൂടെയേ ആള് കാണൂ എന്നും ജയസോമ കുറിച്ചു.
ചെമ്മീൻ സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയതും തിരക്കഥയ്ക്കുള്ള ആദ്യ ദേശീയ പുരസ്കാരം നേടിയ മലയാളിയും എസ്.എൽ. പുരമാെണന്ന് എത്ര പേർക്കറിയാമെന്ന് ജയസോമ ചോദിക്കുന്നു. ഒത്തിരി പുരസ്കാരങ്ങളും അംഗീകാരങ്ങളും കിട്ടിയിട്ടും മരിച്ചപ്പോൾ സംസ്ഥാന സർക്കാരിൻെറ ബഹുമതി കിട്ടാതെ പോയ ആളാണ് എസ്.എൽ. പുരമെന്നും അദ്ദേഹം പറയുന്നു. നാടകവുമായി ബന്ധപ്പെട്ട യവനിക എന്ന ചിത്രത്തിൻെറ തിരക്കഥ എഴുതാൻ കെ.ജി ജോർജ്ജ് ജന്മം പലത് ജനിക്കണമെന്നും കൂടെ നിന്നവനെ ചതിച്ച് അടിച്ചു മാറ്റുന്നവനെ മഹാൻ എന്നല്ല ചതിയൻ എന്നാണ് വിളിക്കേണ്ടതെന്നും പറഞ്ഞാണ് ജയസോമ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.