30 വർഷമായി മലയാളി പറയുന്നു; 'എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ'
text_fields'എല്ലാത്തിനും അതിന്‍റെതായ സമയമുണ്ട് ദാസാ' എന്ന് ഇന്ന് മലയാളികൾ ദിനേന പറയുന്ന ഡയലോഗായി മാറിയിരിക്കുന്നു. ജീവിതത്തിൽ പലരും ഇന്ന് ദാസനും വിജയനും കളി തുടരുകയാണ്. അത് കൊണ്ടാവണം മുപ്പത് വർഷമായിട്ടും ദാസനും വിജയനും പറഞ്ഞ തമാശകൾ ഇന്നും മലയാളികൾ ഒാർക്കുന്നത്.
മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച നാടോടിക്കാറ്റ് എന്ന ചിത്രം മറ്റൊരു കൂട്ടുകെട്ടിന്‍റെ കൂടി പിറവിയായിരുന്നു. മലയാളത്തിന് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ശ്രീനിവാസൻ^സത്യൻ അന്തിക്കാട് കൂട്ടുകെട്ടായിരുന്നു അത്. ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ദാസനേയും വിജയനേയും ഹൃദയത്തിൽ ഏറ്റു വാങ്ങിയ ഓരോ മലയാളിക്കും നന്ദി. നവംബർ ആറ് മധുരമായ ഒരു ഓർമ്മപ്പെടുത്തലാണ് . പുതിയ സിനിമക്ക് വേണ്ടി ഞാനും ശ്രീനിവാസനും തയ്യാറെടുക്കുന്ന ഈ സന്ദർഭത്തിൽ പ്രത്യേകിച്ചും.എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തൃശൂരിൽ ഒരു ഫ്ലാറ്റിൽ പുതിയ സിനിമയുടെ ചർച്ചകളിലാണ് ഞാനും ശ്രീനിവാസനും. 'യാത്രക്കാരുടെ ശ്രദ്ധക്ക്' കഴിഞ്ഞിട്ട് പതിനാറ് വർഷത്തോളമായി. ഒരു നീണ്ട ഇടവേളക്ക് ശേഷമുള്ള ഒത്തു ചേരലാണ്. രാവിലെ മുതൽ രണ്ടു പേരുടെയും മൊബൈലിലേക്ക് മെസ്സേജുകളുടെ പ്രവാഹം. നാടോടിക്കാറ്റിന്റെ മുപ്പതാം വർഷമാണ്. മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ഒരു നവംബർ ആറിനാണ് ദാസനും വിജയനും മലയാളികളുടെ മുന്നിലേക്ക് ആദ്യമെത്തിയത്. ഞാൻ ശ്രീനിവാസനോട് പറഞ്ഞു -
"ഒരു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാണ് നാടോടിക്കാറ്റ് റിലീസ് ചെയ്തതെങ്കിൽ ഇന്ന് ഇവിടെ വച്ച് ഈ മെസ്സേജുകൾ നമുക്ക് ഒരുമിച്ചിരുന്ന് വായിക്കാൻ പറ്റുമായിരുന്നോ?"
ശ്രീനി ചിരിച്ചു. മുപ്പത് വർഷങ്ങൾ എത്ര പെട്ടന്ന് കടന്നു പോയി ! വിനീതും അരുണും അനൂപും അഖിലുമൊക്കെ അന്ന് പിച്ച വച്ച് തുടങ്ങിയിട്ടേ ഉള്ളൂ. ധ്യാൻ ജനിച്ചിട്ടേയില്ല. ഇന്ന് അവരൊക്കെ യുവാക്കളായി ഞങ്ങളോടൊപ്പം ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്നു.
കാലത്തിന് നന്ദി.
-സത്യൻ അന്തിക്കാട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.