ഓർമകളിൽ പൊള്ളി ‘ടേക്ക് ഓഫി’ലെ യഥാർഥ നായിക
text_fieldsകൊച്ചി: പുനർജന്മത്തിലേക്കായിരുന്നു മൂന്നുവർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2014 ജൂലൈ അഞ്ചിന് മെറീന ജോസും സംഘവും ടേക്ക് ഓഫ് ചെയ്തത്. ഐ.എസ് ഭീകരർ ചോരക്കളം തീർത്ത ഇറാഖിലെ മൊസൂളിൽനിന്ന് പ്രാണൻ മാത്രം കൈപിടിച്ച് 19 മലയാളികളടങ്ങുന്ന നഴ്സുമാരുടെ സംഘവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേയിലേക്ക് ബോയിങ് വിമാനം പറന്നിറങ്ങിയപ്പോൾ ദിവസങ്ങൾ നീണ്ട ആശങ്കകളാണ് അവസാനിച്ചത്. ജീവിതത്തിനും മരണത്തിനുമിടയിലെ ദിവസങ്ങൾ നീണ്ട ചതുരംഗക്കളിയെ മഹേഷ് നാരായണൻ എന്ന ചലച്ചിത്രകാരൻ തിരശ്ശീലയിൽ ടേക്ക് ഓഫ് എന്ന ചിത്രത്തിലൂടെ പുനരവതരിപ്പിച്ചപ്പോൾ മെറീന ജോസ് ഒരിക്കൽകൂടി തങ്ങൾ അനുഭവിച്ച വേദനയുടെ തീവ്രത അറിഞ്ഞു. അന്നത്തെ ക്രൂരമായ ഓർമകളിൽ ഉടലും ഉയിരും പൊള്ളി. ഇറാഖിലെ ദിനങ്ങൾ ഓർക്കാൻകൂടി ഭയമാണെന്ന് മെറീന ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
‘‘മരണത്തെ മുഖാമുഖം കണ്ട അനേകം സന്ദർഭങ്ങൾ. കൺമുന്നിൽ ബോംബ് പൊട്ടി ചിന്നിച്ചിതറുന്ന മനുഷ്യശരീരങ്ങൾ...അവസാനം ജനിച്ച മണ്ണിലെത്തിയപ്പോൾ ആരോടാണ് നന്ദിപറയേണ്ടത് എന്നറിയില്ലായിരുന്നു. സിനിമയുടെ രണ്ടാംപകുതിയാണ് യഥാർഥത്തിൽ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്. സിനിമയിൽ ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ഉണ്ടായിട്ടുണ്ട്്. സംവിധായകൻ മഹേഷ് നാരായണൻ ഇത് നേരത്തേ പറഞ്ഞിരുന്നു. എങ്കിലും ഇറാഖിലെ സംഭവങ്ങൾ ഏകദേശം അതേപോലെ പകർത്തിയിട്ടുണ്ട്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമെല്ലാം കഥാപാത്രങ്ങളെ ഗംഭീരമാക്കി.
മുമ്പ് ഗൾഫിൽ ജോലി ചെയ്തതുകൊണ്ട് തനിക്ക് അത്യാവശ്യം അറബിയും ഇംഗ്ലീഷും അറിയാമായിരുന്നു. അതുകൊണ്ട് സംഘത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു. ഇന്ത്യൻ എംബസിയും കേന്ദ്ര^സംസ്ഥാന സർക്കാറുകളും മാധ്യമങ്ങളും തങ്ങളുടെ മോചനത്തിന് ആത്മാർഥമായി പ്രവർത്തിച്ചു. പരീക്ഷയായതിനാൽ മക്കൾ ഈ സിനിമ കണ്ടിട്ടില്ല. അവരുമായി ഒരിക്കൽകൂടി ചിത്രം കാണും’’^മെറീന പറഞ്ഞു. റിലീസ് ദിനത്തിൽ കോട്ടയത്തെ തിയറ്ററിൽ മഹേഷ് നാരായണൻ, പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ എന്നിവരോടൊപ്പമാണ് ചിത്രം കണ്ടത്. തിരിച്ചുവരവിനുശേഷം മെറീന ജോസ് ജോലിക്ക് പോയിട്ടില്ല. കോട്ടയം പൂവത്തലത്ത് മക്കളോടൊപ്പമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.