മാധ്യമങ്ങൾക്ക് മുന്നിൽ കൊഞ്ചിക്കുഴഞ്ഞ് ഊർമിള ഉണ്ണി; സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം
text_fieldsകോഴിക്കോട്: ബഷീർ അനുസ്മരണ വേദിയുടെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമപ്രവർത്തകർക്ക് മുന്നിൽ കൊഞ്ചിക്കുഴഞ്ഞ് സംസാരിച്ച നടി ഊർമ്മിള ഉണ്ണിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേർ രംഗത്ത്.
സത്യത്തിൽ ഊർമ്മിള ഉണ്ണിയോട് സഹതാപം തോന്നുന്നു. അവർക്ക് എന്തോ കാര്യമായ കുഴപ്പമുണ്ടെന്നും പരസ്പര ബന്ധമില്ലാത്ത സംസാരം മാത്രമല്ല, ഭാവവും ചേഷ്ടകളും നോക്കൂവെന്നുമാണ് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ ഷാഹിന നഫീസ ഫേസ്ബുക്കിൽ കുറിച്ചത്. ഇവർ സംസാരിക്കുന്ന വിഡിയോയും ഷാഹിന പങ്കുവെച്ചിട്ടുണ്ട്.
ചുറ്റും നിന്ന് ഊർമ്മിളയോട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരുടെ ക്ഷമയെ നമിക്കുന്നു. സ്വന്തം തൊഴിൽ മേഖലയിൽ ഒരു പെൺകുട്ടി നേരിട്ട പീഡനത്തെ എത്ര ലാഘവത്തോടുകൂടിയാണ് ഈ സ്ത്രീ നോക്കിക്കാണുന്നതെന്നായിരുന്നു എഴുത്തുകാരി ദീപാ നിശാന്തിന്‍റെ വിമർശനം.
പീഡനങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സാംസ്കാരികവും രാഷ്ട്രീയവുമായ പിന്തുണ കണ്ട് ഭയം തോന്നുന്നു. ദിലീപിനെ തിരിച്ചെടുക്കാൻ ഊർമ്മിള ഉണ്ണിയാണ് കൂടുതൽ ആവേശം കാണിച്ചതെന്ന് കേട്ടല്ലോ എന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനുള്ള വള്ളുവനാടൻ മറുപടി :
"അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ.... അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ ?അതു പോലൊരു ആകാംക്ഷ! അതത്രേള്ളൂ! ഓണൊക്ക്യല്ലേ വരാൻ പോണേ..നിങ്ങള് ഓണത്തിന് സദ്യ വിളമ്പണേനെപ്പറ്റി ചോദിക്കൂ.. ഞാൻ മറുപടി പറയാം... എത്രയെത്ര പോസിറ്റീവായ കാര്യങ്ങള് കിടക്ക്ണൂ...ന്ന് ട്ടാ....! വലംപിരിശംഖ് ഒരെണ്ണം വാങ്ങി കയ്യിൽപ്പിടിച്ച് കണ്ടാ മതി! നല്ല ക്ഷമ കിട്ടുമെന്നും ദീപ നിശാന്ത് കൂട്ടിച്ചേർത്തു.
അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കണമെന്ന് താൻ ആവശ്യപ്പെട്ടു -ഊർമിള ഉണ്ണി
ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മയിൽ ഉന്നയിച്ചത് താൻ തന്നെയെന്ന് നടി ഊർമിള ഉണ്ണി. എന്നാൽ, വിഷയം യോഗത്തിലെ ചർച്ചയിൽ വന്നിട്ടില്ല. വീട്ടിലെ ജോലിക്കാരി വീടുവിട്ടുപോയാൽ അവർ തിരിച്ചെത്തുകയില്ലേ എന്ന ലാഘവത്തോടെ ഒരു വാചകം ചോദിക്കുകയാണ് താൻ ചെയ്തതെന്നും അവർ പറഞ്ഞു.
ഇക്കാര്യത്തിൽ ധൈര്യം കാണിച്ചത് താനാണ്. ബഷീർ അനുസ്മരണ വേദിയുടെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ കുറ്റാരോപിതനായ ദിലീപിനൊപ്പമാണോ എന്ന കാര്യം കേസ് തെളിയിക്കാതെ പറയാനാവില്ല. അമ്മയിലെ സാധാരണ അംഗമാണ് താൻ. അമ്മ നല്ല സംഘടനയാണ്. എല്ലാ കാലത്തും ഓരോ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ഇപ്പോള്‍ ഉള്ള വിഷയത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന് അറിയില്ല. നാല് അംഗങ്ങൾ രാജിവെച്ചത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ പ്രതികരിക്കാനില്ലെന്നും ഊർമിള ഉണ്ണി കൂട്ടിച്ചേർത്തു.
പുരസ്കാര സമർപ്പണ ചടങ്ങിൽ പുരസ്കാര ജേതാവായ അധ്യാപിക ദീപ നിശാന്ത് ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അധ്യാപകരെയൊക്കെ നന്നായി പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ഊർമിള ഉണ്ണിയുടെ പ്രതികരണം. ദീപ നിശാന്തിനെ കൂടാതെ ബഷീറിെൻറ മകൾ ഷാഹിന ബഷീർ, ഗുരുവായൂരപ്പൻ കോളജിലെ വിദ്യാർഥികൾ എന്നിവർ ഊർമിള ഉണ്ണിയുടെ നിലപാടിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.