കച്ചമുറുക്കി ഡബ്ല്യു.സി.സി; പ്രതിരോധം തീർക്കാൻ ‘അമ്മ’
text_fieldsകൊച്ചി: ശനിയാഴ്ച വാർത്തസമ്മേളനം വിളിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മക്കും പ്രസിഡൻറ് മോഹൻലാലിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വിമൻ ഇൻ സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി) സിനിമക്കകത്തും പുറത്തും പോരാട്ടം തുടരാനുറച്ച് മുന്നോട്ട്.
നടിമാർ ഉന്നയിച്ച ആരോപണങ്ങളോട് ‘അമ്മ’ പരസ്യ പ്രതികരണം അറിയിച്ചിട്ടില്ലെങ്കിലും ആക്രമണത്തെ പ്രതിരോധിക്കാനാണ് തീരുമാനം. വിഷയം എക്സിക്യൂട്ടിവ് ചേർന്ന് ചർച്ചചെയ്യുമെന്നും സൂചനയുണ്ട്. നടിമാർ ഉന്നയിച്ച കാര്യങ്ങൾ ഗൗരവത്തോടെ കാണേണ്ടതാണെന്ന് അഭിപ്രായപ്പെട്ട് മന്ത്രിമാരും രംഗത്തെത്തി.
നടിമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് വലിയ പരിഗണന നൽകേണ്ടെന്നാണ് അമ്മയിലെ ഒരുവിഭാഗം അംഗങ്ങളുടെ നിലപാട്. എന്നാൽ, പൊതുസമൂഹത്തിൽ ഏറെ ചർച്ചയായ വിഷയം അവഗണിച്ച് മുന്നോട്ടുപോകുന്നതിനോട് മറ്റൊരു വിഭാഗത്തിന് എതിർപ്പുണ്ട്. അവഗണിക്കാൻ ശ്രമിക്കുന്നത് ഡബ്ല്യു.സി.സിക്ക് പിന്തുണ വർധിക്കാനും ആരോപണങ്ങൾ ശരിയാണെന്ന സന്ദേശം നൽകാനുമേ സഹായിക്കൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റുകളിൽ ഒതുക്കിയിരുന്ന നിലപാടുകളും ആരോപണങ്ങളും ഡബ്ല്യു.സി.സി വാർത്തസമ്മേളനം നടത്തി തുറന്നടിച്ചത് ‘അമ്മ’ നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. എങ്കിലും തൽക്കാലം അനുനയത്തിന് സംഘടന തയാറാകുമോ എന്ന സംശയം നിലനിൽക്കുന്നു. നേരത്തേ എക്സിക്യൂട്ടിവ് ചേർന്ന് ചർച്ചചെയ്തതിനാൽ ‘അമ്മ’ വീണ്ടും അതിന് തയാറാകുമെന്ന് ഡബ്ല്യു.സി.സിയും പ്രതീക്ഷിക്കുന്നില്ല.
പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കാനും നീതിക്കായി ഏതറ്റംവരെ പോകാനും തീരുമാനിച്ച ഇവർ ബന്ധപ്പെട്ടവരുമായെല്ലാം ആലോചിച്ചെടുത്ത തീരുമാനമാണ് വാർത്തസമ്മേളനമെന്ന് ഡബ്ല്യു.സി.സിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഭാവി നടപടി കൂട്ടായി ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സംഘടനയിലെ ഒരംഗം പറഞ്ഞു.
ഡബ്ല്യു.സി.സി ഉന്നയിച്ച പ്രശ്നങ്ങൾ ‘അമ്മ’ സമയബന്ധിതമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാൽ മാത്രം സർക്കാർ ഇടപെടുമെന്നുമാണ് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയത്. നടിമാർ‘അമ്മ’ക്കകത്തുനിന്നുതന്നെ പോരാടണമെന്നും സർക്കാർ ഇരകൾക്കൊപ്പമാണെന്നുമായിരുന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.
ഏറെ ഗൗരവത്തോടെ കാണേണ്ടതാണ് നടിമാരുടെ ആരോപണങ്ങളെന്ന് മന്ത്രി വി.എസ്. സുനിൽകുമാറും പറഞ്ഞു. നടിമാരെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.