രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച തുടക്കം
text_fieldsതിരുവനന്തപുരം: തിരമലയാളത്തിെൻറ 20ാം രാജ്യാന്തര മേള പതിപ്പിന് വെള്ളിയാഴ്ച അനന്തപുരിയിൽ തിരശ്ശീല ഉയരും. പിന്നീടങ്ങോട്ട് ഏഴുനാളുകൾ മാറുന്ന ലോകചലച്ചിത്ര ഭാഷ്യങ്ങളിലൂടെ മലയാളിയുടെ പ്രയാണം. വെള്ളിയാഴ്ച വൈകുന്നേരം ആറിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കം കുറിക്കും. തബല മാന്ത്രികൻ ഉസ്താദ് സക്കീർ ഹുസൈൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ സമഗ്ര സംഭാവനക്കുള്ള പുരസ്കാര ജേതാവ് ഇറാനിയൻ സംവിധായകൻ ദാരുഷ് മെഹ്ജി, ജൂറി ചെയർമാൻ ജൂലി ബ്രെസൈൻ എന്നിവർ സന്നിഹിതരാകും. 14 വേദികളിലായി 178 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുകയെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
12 വിഭാഗങ്ങളിലാണ് ഇത്രയും ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്. ലോക സിനിമാ വിഭാഗത്തിൽ 90ഉം അന്തർദേശീയ മത്സര വിഭാഗത്തിൽ 14ഉം മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന് വിഭാഗങ്ങളിൽ ഏഴു വീതവും ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൺട്രി ഫോക്കസ് വിഭാഗത്തിൽ ലിത്വാനിയയിൽനിന്ന് അഞ്ചും മ്യാൻമറിൽനിന്ന് രണ്ടും ചിത്രങ്ങളും പ്രദർശിപ്പിക്കും. ഫസ്റ്റ് ലുക്ക് വിഭാഗത്തിൽനിന്നും സ്ത്രീ ശക്തി വിഭാഗത്തിൽനിന്നും യഥാർഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമിച്ച വിഭാഗത്തിൽനിന്നും ഏഴു വീതവും ചിത്രങ്ങളും മേളയിലുണ്ടാകും.
ത്രീഡി വിഭാഗത്തിൽ ആറും സമകാലിക മാസ്റ്റർ എന്ന വിഭാഗത്തിൽ ഫ്രഞ്ച് സംവിധായകൻ ടോണി ഗാറ്റ്ലിഫിെൻറ അഞ്ചും ചിത്രങ്ങളും മേളക്കെത്തുന്നുണ്ട്. സ്മൃതി വിഭാഗത്തിൽ ദാരുഷ് മെഹ്ജിയുടെ ആറ് ചിത്രങ്ങൾ, ജൂറി ഫിലിംസ് വിഭാഗത്തിൽ മൂന്ന് ചിത്രങ്ങൾ, പുനരുദ്ധരിക്കപ്പെട്ട ക്ലാസിക്കുകൾ എന്ന വിഭാഗത്തിൽ ആറു ചിത്രങ്ങൾ എന്നിവയും മേളയിലുണ്ടാകും. ഓസ്കർ നോമിനേഷൻ ലഭിച്ച 19 ചിത്രങ്ങൾ ഇത്തവണ മേളയിലുണ്ട്. അഞ്ച് ചിത്രങ്ങളുടെ ലോക പ്രീമിയർ, രണ്ട് ചിത്രങ്ങളുടെ ഏഷ്യൻ പ്രീമിയർ, 53 ചിത്രങ്ങളുടെ ഇന്ത്യൻ പ്രീമിയർ പ്രദർശനങ്ങൾക്കാണ് ഇത്തവണത്തെ ഐ.എഫ്.എഫ്.കെ സാക്ഷ്യം വഹിക്കുക. മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചിത്രങ്ങളുടെ ആദ്യ പ്രദർശനം നടക്കുന്നത്. പ്രതിനിധികൾക്കായി 7500 സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. 12000 പ്രതിനിധി പാസുകളും ആയിരം മീഡിയ പാസുകളുമാണ് ഇത്തവണ അനുവദിച്ചത്.
പ്രതിനിധികൾ ഒരു തിയറ്ററിൽ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ ചിത്രങ്ങളുടെ പ്രദർശനം വിവിധ തിയറ്ററുകളിലായി വിന്യസിച്ചിട്ടുണ്ട്. ബാൽക്കണി സൗകര്യമുള്ള അഞ്ച് തിയറ്ററുകൾ പൂർണമായും റിസർവേഷൻ വിഭാഗത്തിലായിരിക്കും. മറ്റ് തിയറ്ററുകളിൽ 60 ശതമാനം സീറ്റുകൾക്ക് റിസർവേഷൻ അനുവദിക്കും. മേളയുടെ വിവരങ്ങൾ പ്രതിനിധികൾക്ക് മൊബൈലിൽ ലഭ്യമാകും. മാധ്യമ പ്രവർത്തകർക്കായി എല്ലാ ദിവസവും രാവിലെ 11നും സിനിമാ വ്യവസായ രംഗത്തുള്ളവർക്കായി വൈകുന്നേരം 6.45നും പ്രത്യേക പ്രദർശനം ഉണ്ടാകും. ടാഗോർ, കലാഭവൻ, കൈരളി, ന്യൂ എന്നീ തിയറ്റുകളിൽ റിസർവേഷൻ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.