മലയാള സിനിമക്ക് മറക്കാൻ കഴിയാത്ത തിരക്കഥാകൃത്ത് –ഫാസിൽ
text_fieldsമലയാള സിനിമക്ക് മറക്കാൻ കഴിയാത്ത തിരക്കഥാകൃത്താണ് ആലപ്പി ഷെരീഫ്. ഞാൻ സിനിമയിലേക്ക് വരുന്ന കാലത്ത് ആലപ്പി ഷെരീഫ് എന്ന പേര് തിരക്കേറിയ സിനിമാപേരുകൾക്കൊപ്പം കേട്ടിരുന്ന ഒന്നാണ്. വ്യത്യസ്തമായ പ്രമേയങ്ങളും കഥാതന്തുക്കളും ഉൾക്കൊണ്ട് പുതിയ വഴിത്താരയിലേക്ക് സിനിമയെ നടത്തിയ ഐ.വി. ശശി–ആലപ്പി ഷെരീഫ് കൂട്ടുകെട്ടിനെ എങ്ങനെ വിസ്മരിക്കാനാവും.
അക്കാലത്തെ ന്യൂജനറേഷനിൽപെട്ട സിനിമകളുടെ ഉപജ്ഞാതാവ് കൂടിയായിരുന്നു ഷെരീഫ്. സത്യൻ, നസീർ, മധു തുടങ്ങിയ നടന്മാരുടെ ഒരു കാലഘട്ടവും മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാരുടെ കാലഘട്ടവും നിലനിൽക്കുമ്പോൾ അതിന് മധ്യത്തിലൂടെ കടന്നുപോയ മറ്റൊരു കാലഘട്ടം മലയാള സിനിമക്കുണ്ട്. വിൻസെൻറ്, രാഘവൻ, സുധീർ, സുകുമാരൻ, സോമൻ, കമൽഹാസൻ, രതീഷ് തുടങ്ങിയവരുടെ കാലം. ഈ കാലം പലപ്പോഴും ഷെരീഫിെൻറ തൂലികയിലൂടെ താങ്ങിനിന്നിരുന്നു.
അതിനുശേഷം ഭരത്ഗോപി, വേണു ഉൾപ്പെടെയുള്ള നടന്മാരും രംഗത്തുവന്നിരുന്നു. എങ്കിലും കാലഘട്ടങ്ങൾക്കിടയിലൂടെയുള്ള മറ്റൊരു കാലഘട്ട നിർമിതിയുടെ ഉപജ്ഞാതാവ് എന്ന നിലയിൽ ഷെരീഫിെൻറ സംഭാവന വിലപ്പെട്ടതാണ്. ‘ഉത്സവം’ എന്ന സിനിമയിൽ കെ.പി. ഉമ്മറിനെ നായകനാക്കിയ ഐ.വി. ശശി–ഷെരീഫ് കൂട്ടുകെട്ടിെൻറ നിശ്ചയദാർഢ്യം ഒന്ന് വേറെതന്നെയായിരുന്നു. ഈറ്റ എന്ന ചിത്രത്തിൽ കമൽഹാസനെയാണ് നായകനാക്കിയത്. അതാണ് ഞാൻ പറഞ്ഞ വേറിട്ട വഴികൾ. അതിന് ദൈർഘ്യം കുറവായിരുന്നെങ്കിലും സമാനതകളില്ല.
1979ൽ ഞാൻ തീക്കടലിെൻറ തിരക്കഥാരചനയിൽ വ്യാപൃതനായ കാലം. അക്കാലത്ത് നിരവധി ചിത്രങ്ങൾ ഷെരീഫിനുണ്ടായിരുന്നു. ’80ൽ എെൻറ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളും’ വന്നു. ഇക്കാലത്ത് ഷെരീഫ് ജോലിത്തിരക്ക് മൂലം ക്ഷീണിതനായി നാട്ടിൽ എത്തിയിരുന്നു. അദ്ദേഹം തന്നെ തെൻറ തിരക്കിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ചെന്നൈയിൽനിന്ന് മടങ്ങിയ അദ്ദേഹത്തിന് പിന്നീട് കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒരുപക്ഷേ, അവിടെതന്നെ തങ്ങിയിരുന്നെങ്കിൽ വീണ്ടും അദ്ഭുതങ്ങൾ അദ്ദേഹം കാട്ടിയേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.