ചലച്ചിത്ര അക്കാദമി കോടതി കയറും ലോഗോയും പശ്ചാത്തല ചിത്രങ്ങളും അട്ടിമറിച്ചെന്നാരോപിച്ച് ഡിസൈനര്‍ നിയമനടപടിക്ക്
text_fieldsതിരുവനന്തപുരം: 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ലോഗോയും പശ്ചാത്തല ചിത്രങ്ങളും അട്ടിമറിച്ചെന്നാരോപിച്ച് മേളയുടെ കലാശില്‍പ സംവിധായകന്‍ നിയമനടപടിക്കൊരുങ്ങുന്നു. തിരുവനന്തപുരം ഫൈന്‍ ആര്‍ടസ് കോളജ് പ്രിന്‍സിപ്പലായിരുന്ന അജയകുമാറാണ് അക്കാദമിയെ കോടതി കയറ്റാനൊരുങ്ങുന്നത്. നല്‍കിയ പശ്ചാത്തല ചിത്രങ്ങളുടെ ഡിസൈനുകളെ വികലമാക്കുന്നതിനൊപ്പംതന്നെ തന്നെ അറിയിക്കാതെ മറ്റൊരാളെക്കൊണ്ട് ഡിസൈനുകളില്‍ മാറ്റം വരുത്തിയെന്നുമാണ് ലളിതകലാ അക്കാദമി സെക്രട്ടറികൂടിയായിരുന്ന അജയകുമാര്‍ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്നാഥ്, മേളയുടെ ഉപദേശകസമിതി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍നായര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കലാകാലങ്ങളായി മേളയുടെ മുഖമുദ്രയായി ഉപയോഗിക്കുന്ന തോല്‍പ്പാവക്കൂത്തിനെ ഇത്തവണ അക്കാദമി അട്ടിമറിച്ചെന്നും അജയ്കുമാര്‍ പരാതിയില്‍ പറയുന്നു. വെളിച്ചത്തെയും കാഴ്ചയെയും ഉള്‍ക്കാഴ്ചയും പ്രതിനിധീകരിക്കുന്ന കറുപ്പും വെള്ളയുമാണ് തോല്‍പ്പാവക്കൂത്തിന്‍െറ നിറം. എന്നാല്‍, തോല്‍പ്പാവക്കൂത്തിന്‍െറ ശരീരത്തുള്ള ചെറിയ പൊട്ടുകളില്‍ വെള്ള നിറത്തിനു പകരം പച്ച, മഞ്ഞ, നീല നിറങ്ങളാണ് ഇത്തവണ മേളയുടെ ഫ്ളക്സുകളിലും ഹാന്‍ഡ്ബുക്കിലും ഡെലിഗേറ്റ് പാസുകളിലും ഉപയോഗിച്ചിരിക്കുന്നത്. കലാശില്‍പ സംവിധാന രംഗത്ത് താനറിയാതെ മറ്റൊരു ബിനാമിയെ തിരുകിക്കയറ്റിയെന്നും അജയ്കുമാര്‍ ആരോപിക്കുന്നു.
മലയാളിയുടെ അത്തപ്പൂക്കളവും ബുദ്ധ-ചന്ദ്ര മണ്ഡലങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ടുള്ളതാണ് മേളയുടെ ഇരുപതാം പതിപ്പിന്‍െറ പശ്ചാത്തലചിത്രം. വൃത്താകൃതി ജലവും മണ്ണും വായുവും മനുഷ്യനും ചേരുന്ന പ്രപഞ്ചസങ്കല്‍പ്പത്തെയും ഡിസൈനിലെ പക്ഷികള്‍ ചലച്ചിത്രമേളയുടെ പ്രതീകമായ ചകോരത്തയും പ്രതിനിധീകരിക്കുന്നു. എന്നാല്‍, ഹാന്‍ഡ്ബുക്കിലും സ്ക്രീനിങ് ഷെഡ്യൂളുകളിലും പശ്ചാത്തലചിത്രം പാതിമുറിച്ച നിലയിലാണ്. ഇതോടെ ഇരുട്ടില്‍നിന്ന് പ്രകാശത്തിലേക്കെന്ന 20ാം മേളയുടെ ആശയംതന്നെ മാറിയതായും കൊച്ചി മുസിരിസ് ബിനാലെ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വേദികളില്‍ പങ്കെടുത്ത് കൈയടി നേടിയിട്ടുള്ള അജയകുമാര്‍ പറയുന്നു. അതേസമയം, അജയകുമാറിന്‍െറ ഡിസൈനുകളില്‍ തിരുത്തലുണ്ടായിട്ടുണ്ടെന്നും എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് അങ്ങനെ ചെയ്തതെന്നും ചെയര്‍മാന്‍ രാജീവ്നാഥ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.