പാക് യുവാക്കള്‍ സമാന്തരസിനിമയിലേക്ക് കടന്നുവരുന്നു –ജംഷദ് റാസാ മെഹമൂദ്
text_fieldsതിരുവനന്തപുരം: പാകിസ്താനില്‍ യുവാക്കള്‍ സമാന്തര സിനിമാമേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്ന് പാക് ചിത്രം മൂറിന്‍െറ സംവിധായകന്‍ ജംഷദ് റാസാ മെഹമൂദ്. സൈന്യത്തെയും ഇന്ത്യാ-പാക് യുദ്ധത്തെയും പരാമര്‍ശിക്കാതിരുന്നാല്‍ അവിടത്തെ സിനിമകള്‍ക്ക് സെന്‍സര്‍ഷിപ് പ്രശ്നമാകില്ല. തങ്ങളുടെ സിനിമകള്‍ക്ക് പ്രചോദനം ബോളിവുഡാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാകിസ്താനികളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ ഇന്ത്യയിലുണ്ട്.
പാകിസ്താനിലെ റെയില്‍വേ സംവിധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന മാഫിയകളുടെ നിഗൂഢ നീക്കത്തിനെതിരായ സ്റ്റേഷന്‍മാസ്റ്ററുടെ പ്രതികരണമാണ് തന്‍െറ ചിത്രം മൂര്‍ എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ശ്വവത്കൃത ജീവിതങ്ങളെയും കാലികപ്രസക്ത വിഷയങ്ങളെയും ജനമധ്യത്തില്‍ എത്തിക്കാന്‍ സമാന്തരസിനിമാ സംവിധായകര്‍ക്ക് ലഭിക്കുന്ന അനുയോജ്യ അവസരമാണ് മേളകളെന്ന് മറാത്തി സംവിധായകന്‍ ബൗദ്ധായന്‍ മുഖര്‍ജി വ്യക്തമാക്കി. കണ്ണില്‍ പൊടിയിടുന്ന ചിത്രങ്ങള്‍ ആവശ്യമില്ല. സിനിമ വിനോദോപാധി മാത്രമല്ല.
പ്രേക്ഷകനെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്നതാണ് യഥാര്‍ഥ സിനിമ. മുതല്‍മുടക്കുന്ന കാശെങ്കിലും തിരികെക്കിട്ടുന്ന തരത്തിലെ വ്യത്യസ്ത വിതരണമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നെന്ന് ‘ദ വയലിന്‍ പ്ളെയര്‍’ ചിത്രത്തിന്‍െറ സംവിധായകന്‍ ബൗദ്ധായന്‍ പറഞ്ഞു.
മറാത്തി സിനിമകളുടെ പ്രദര്‍ശനത്തിന് അവിടത്തെ സര്‍ക്കാര്‍ ചില ദിവസങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും ഇത് മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.