മഴയിൽ നനഞ്ഞിട്ടും ആവേശം കെടാതെ
text_fieldsതിരുവനന്തപുരം: "ശനിയും ഞായറും കഴിഞ്ഞാൽ സാധാരണ തിരക്കൊന്നു കുറയുന്നതാണ്. ഇക്കുറി കൂടുകയാണല്ലോ." ഇരുപതു വർഷമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തുന്ന ഡെലിഗേറ്റിന്‍റെ സാക്ഷ്യം. ഒരു പിടി നല്ല ചിത്രങ്ങളും സിനിമ നെഞ്ചേറ്റുന്ന പതിനായിരത്തിലേറെ കാണികളുമായി അന്താരാഷ്ട്ര ചലച്ചിത്രമേള നാലു ദിവസം പിന്നിടുകയാണ്. നേരിയ മഴയുടെ അകമ്പട്ടിയുണ്ട് ഇക്കുറി മേളയ്ക്ക്.
"നല്ല തിരക്കുണ്ട്; പക്ഷേ പഴയ തള്ളില്ല" എന്നതാണ് ഇക്കുറി മേളക്ക് എടുത്തു പറയുന്ന പ്രത്യേകത. പ്രേക്ഷകർ കൂടിയിട്ടുണ്ടെങ്കിലും തിയറ്ററുകൾക്കു മുന്നിൽ പഴയ തിരക്കും ബഹളവും കൈയാങ്കളിയും കാണാനില്ല. ഏറെ ശാന്തരായി വരി നിന്ന് തിയറ്ററിനകത്ത് കയറി സിനിമ കണ്ട് എത്രയും വേഗം അടുത്ത പ്രദർശനം കാണാൻ ഒരുങ്ങുക. ഇതാണ് ഇരുപതാം മേളയിലെ കാണികളുടെ രീതി. ടാഗോർ തിയറ്ററും നിശാഗന്ധിയിലെ പ്രത്യേക തിയറ്ററും കൂടി മേളയിൽ ഉൾപ്പെട്ടതോടെ തറയിൽ ഇരുന്നും വശങ്ങളിൽ നിന്നും സിനിമ കാണുന്നതും അപൂർവ കാഴ്ചയായി. മുസ്താങ്, കിം കി ഡൂക്കിന്‍റെ സ്റ്റോപ്പ്, ദ ഐഡൽ, ധീപാൻ, ബോ പെം, മൂർ, യോന തുടങ്ങിയ മേളയിലെ ചില സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് മാത്രമാണ് കാണികൾ തറയോളം നിരന്നത്.
കാണികൾക്ക് സീറ്റുകൾ രണ്ടു ദിവസം മുമ്പേ റിസർവ് ചെയ്യാമെങ്കിലും ബുക്കു ചെയ്ത പലരും സിനിമ കാണാനെത്താത്തതിനാൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതായി പരാതി ഉയർന്നിരുന്നു. താഴെ തറയിലിരിക്കുമ്പോഴാണ് ബാൽക്കണിയിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത്. കാണികളുടെ പരാതിയെ തുടർന്ന്, റിസർവേഷനില്ലാത്തവർക്കും അതേ ക്യൂവിലൂടെ സിനിമ തുടങ്ങുന്നതിന് 10 മിനിറ്റു മുമ്പ് മുതൽ തിയറ്ററിനകത്തു കയറാമെന്നായിട്ടുണ്ട്. ഈ വ്യവസ്ഥ നേരത്തേ ഉണ്ടങ്കിലും പല തിയറ്ററുകളിൽ ഇപ്പോഴും തടയുന്നുണ്ട്. പ്രധാന വേദി ടാഗോർ തിയറ്ററിലേക്ക് മാറ്റിയതോടെ മുമ്പ് ഏറ്റവും സജീവമായിരുന്ന കൈരളി തിയറ്റർ പരിസരത്ത് ആദ്യ ദിവസങ്ങളിൽ 'ഓള'മുണ്ടായിരുന്നില്ല. തിങ്കളാഴ്ച വൈകുന്നേരത്തെ പെരുമഴയോടെ കൈരളി വീണ്ടും ചങ്ങാതിക്കൂട്ടങ്ങളുടെ സംഗമ വേദിയായി. നാടൻ പാട്ടും മുദ്രാവാക്യങ്ങളുമായി ചൊവ്വാഴ്ചയും കൈരളി ശബ്ദമുഖരിതമായി.
ഫെസ്റ്റിവൽ ഓഫീസും സെലിഗേറ്റ് സെല്ലും പ്രധാന വേദിയുമടക്കം ടാഗോർ തിയറ്ററിലേക്കു മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുമ്പ് ഇത് കലാഭവനിലും കൈരളിയിലുമായിരുന്നു. നാലു വർഷം മുമ്പ് ന്യൂ തിയറ്ററിലായിരുന്നു ഓപ്പൺ ഫോറം. തമ്പാനൂരിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വഴുതക്കാടിന്‍റെ ശാന്തതയിലേക്ക് പ്രധാന വേദി മാറ്റിയത് സ്വാഗതം ചെയ്യുന്നവരുമുണ്ട്. പ്ലോട്ടുകളും നിശ്ചല ദൃശ്യങ്ങളും പഴയ കാല ചായക്കടയും മനോഹരമായ ഡെലിറേറ്റ് സെല്ലും 20 വർഷത്തെ ഫെസ്റ്റിവൽ ബുക് കവർ ചിത്രങ്ങളുടെ നീളൻ പ്രദർശനവുമൊക്കെയായി ടാഗോർ മേളക്കൊഴുപ്പിൽ സജീകരിച്ചിട്ടുണ്ട്. ഇക്കുറി മേളയിലെ ഏറ്റവും മികച്ച പ്രദർശനശാലയും ടാഗോർ തിയറ്റർ തന്നെ.
മേളക്ക് തിരശ്ശീല വീഴാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ ചലച്ചിത്ര ആസ്വാദകരുടെ അനന്തപുരിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.