‘മതിലുകൾ’ക്ക് ബഷീറിന്‍റെ അനുഗ്രഹം ലഭിച്ചു –അടൂർ
text_fieldsതിരുവനന്തപുരം: മതിലുകൾ സിനിമക്ക് വൈക്കം മുഹമ്മദ് ബഷീറിെൻറ അനുഗ്രഹം ലഭിച്ചെന്ന് അടൂർ ഗോപാലകൃഷ്ണൻ. മാസ്കറ്റ് ഹോട്ടലിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘സിനിമയും സാഹിത്യവും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ ആദ്യം കണ്ടത് ബഷീറായിരുന്നു. സിനിമ തീർന്നപ്പോൾ ബഷീറിെൻറ കണ്ണ് നിറഞ്ഞു. അടുത്ത ദിവസം വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതും ബഷീറായിരുന്നു.
ഏത് കഥയും അടൂരിന് സൗജന്യമായി നൽകുമെന്ന് അന്ന് അദ്ദേഹം പറഞ്ഞു.
1967ലാണ് കൗമുദി വിശേഷാൽ പതിപ്പിൽ ‘മതിലുകൾ’ വായിച്ചത്. രണ്ടരപതിറ്റാണ്ട് കഴിഞ്ഞാണ് സിനിമയാക്കാൻ ആലോചിച്ചത്. ബഷീറിൽനിന്ന് പലരും ഇത് സിനിമയാക്കാനുള്ള അനുമതി തേടിയിരുന്നു. എല്ലാവരോടും ബഷീർ അന്വേഷിച്ചത് സിനിമയിലെ നായിക ആരാണെന്നാണ്. അഞ്ച് സുന്ദരികളെവരെ കാണിക്കാൻ ചിലർ തയാറായി. എല്ലാവരെയും ബഷീർ കളിയാക്കിവിട്ടു. വിദേശ സിനിമകളുടെ സീഡിയും ഡി.വി.ഡിയും കണ്ട് ഷോട്ടുകൾ വരെ കോപ്പി ചെയ്യുന്നവർക്ക് ഇതൊന്നും പ്രശ്നമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
തുടർന്ന് സംസാരിച്ച നടൻ മധു 400 സിനിമകളിൽ അഭിനയിച്ചെങ്കിലും താൻ ഇപ്പോഴും മലയാളത്തിലെ പരീക്കുട്ടിയാണെന്ന് പറഞ്ഞു. കടപ്പുറത്ത് ചെന്നാൽ തന്നെ കാണുന്നവർ പരീക്കുട്ടിയെന്നാണ് വിളിക്കുന്നത്. കാരണം തകഴിയുടെ ചെമ്മീനിലെ കഥാപാത്രത്തിെൻറ ശക്തിയാണ്. ലോകസിനിമയിൽ പരീക്കുട്ടിയെപ്പോലൊരു കഥാപാത്രമില്ല. സിനിമയിലെ കഥാപാത്രം ഇന്നത്തെപ്പോലെ താരമായിരുന്നില്ല. ജീവിതബന്ധമില്ലാതെ അടിച്ചുകൂട്ടുന്ന സിനിമകൾ ആത്മാവ് നഷ്ടപ്പെട്ടവയാണെന്നും മധു പറഞ്ഞു. അക്കാദമി പ്രസിഡൻറ് പെരുമ്പടവം ശ്രീധരൻ അധ്യക്ഷതവഹിച്ചു. അക്ബർ കക്കട്ടിൽ, ലെനിൻ രാജേന്ദ്രൻ, ആർ. ഗോപാലകൃഷ്ണൻ, ജോൺ സാമുവൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.