കൊടിയിറക്കം മൂന്നാംലോക രാജ്യങ്ങളുടെ ശബ്ദത്തിന് ഇടം നൽകാതെ
text_fieldsതിരുവനന്തപുരം: മൂന്നാംലോക രാജ്യങ്ങളുടെ ചെറുത്തുനിൽപ്പും പോരാട്ടങ്ങളും ലാറ്റിനമേരിക്കൻ ജീവിതങ്ങളും തിരശ്ശീലയിലേക്കെത്താതെ രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച കൊടിയിറക്കം. നല്ല സിനിമകൾ പ്രദർശനത്തിനെത്തിയെങ്കിലും മേളയുടെ രാഷ്ട്രീയവും സ്വത്വവും ഇല്ലാതെയാണ് ഇക്കുറി ദൃശ്യാവിഷ്കാരങ്ങളുടെ ലോകക്കാഴ്ച പരിചയപ്പെടുത്തിയ ഏഴ് രാപ്പകലുകൾക്ക് വിരാമമാവുന്നത്.
ലോകത്തിെൻറ നാനാഭാഗത്തുനിന്നും ചിത്രങ്ങൾ ക്ഷണിച്ച് അതിൽനിന്ന് തെരഞ്ഞെടുത്താണ് ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേള നടത്തുന്നത്. ഇക്കുറി അവിടെ പ്രദർശിപ്പിച്ചവ മിക്ക ഐ.എഫ്.എഫ്.കെയിലും പ്രദർശിപ്പിച്ചതോടെ ഗോവൻ ഫിലിം ഫെസ്റ്റിവലിെൻറ മറ്റൊരു പതിപ്പായി മാറി തിരുവനന്തപുരം മേള. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾക്കപ്പുറം മികച്ച ചിത്രങ്ങളെന്ന പരിഗണനയാണ് ഗോവൻ ചലച്ചിത്രമേളയുടെ പ്രത്യേകത. ഗോവൻ ചലച്ചിത്രമേളക്ക് സിനിമ നൽകിയ ക്യുറേറ്റർമാരിൽനിന്ന് ഇക്കുറി ചലച്ചിത്ര അക്കാദമിയും സിനിമ വാങ്ങിയതോടെയാണ് മേളയുടെ മുഖം നഷ്ടപ്പെട്ടത്.
വിവിധ ചലച്ചിത്ര മേളകൾക്ക് ചിത്രങ്ങൾ നൽകുന്നവരാണ് ഗോവയിലേക്കും സിനിമകൾ അയക്കുന്നത്. ആഫ്രോ–ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്കും ദക്ഷിണാഫ്രിക്കൻ–ആഫ്രിക്കൻ രാജ്യങ്ങൾക്കും പ്രാമുഖ്യം നൽകുന്നതിനൊപ്പം മൂന്നാംലോക രാജ്യങ്ങളുടെ ചെറുത്തുനിൽപ്പിെൻറയും പ്രതിരോധത്തിെൻറയുമൊക്കെ നേർക്കാഴ്ചകൾ ഇടംപിടിച്ചതായിരുന്നു കഴിഞ്ഞകാല മേളകളുടെ ഫോക്കസ്.
മുൻകാലങ്ങളിലെ മേളകളിലൊക്കെ ഇത്തരം ചിത്രങ്ങൾക്ക് ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെയും മൂന്നാം ലോകരാജ്യങ്ങളുടെയും സംവിധായകരുടെ ചിത്രങ്ങൾ അക്കാദമിയും സംഘാടകരും കണ്ടെത്തിയിരുന്നു. കഴിഞ്ഞ തവണ കണ്ടമ്പററി മാസ്റ്റേഴ്സിൽ ഫലസ്തീൻ സംവിധായകൻ ഹനി അബു അസദ്, ജപ്പാൻ സംവിധായകൻ നവോമി കവാസെ, ബോസ്നിയയിൽനിന്നുള്ള ഡാനിസ് തനോവിക് എന്നിവരുടെ പന്ത്രണ്ട് ചിത്രങ്ങളാണെത്തിയിരുന്നത്.
എന്നാൽ, ഇക്കുറി അത് ഫ്രഞ്ച് സംവിധായകൻ ടോണി ഗാറ്റ്ലിഫിെൻറ ആറ് ചിത്രങ്ങളിൽ ഒതുങ്ങി. ലൈഫ് ടൈം അച്ചീവ്മെൻറ് നേടിയ സംവിധായകെൻറ ചിത്രങ്ങൾക്കുപുറമെ റെട്രോസ്പെക്ടീവിൽ അമേരിക്കൻ സംവിധായകൻ ബസ്റ്റർ കേറ്റെൻറയും ഹംഗറിയിൽനിന്നുള്ള സംവിധായകൻ മിക്ലോസ് ജാങ്ക്സോയുടേയും നാല് ചിത്രങ്ങൾ വീതം 19ാമത് മേളക്ക് കൊഴുപ്പേകിയിരുന്നു. എന്നാൽ, ഇക്കുറി ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ജേതാവ് ദാർയൂഷ് മഹ്റൂജിയുടെ ആറ് ചിത്രങ്ങളെ റെട്രോസ്പെക്ടീവ് ബാനറിൽ അവതരിപ്പിക്കുകയായിരുന്നു. റെട്രോസ്പെക്ടീവുകളിലൂടെയാണ് കിം കിഡുക് അടക്കമുള്ള ലോക പ്രശസ്ത സംവിധായകരെ പരിചയപ്പെട്ടതും സിനിമകൾ കണ്ടതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.