ബി.പി. മൊയ്തീൻ സേവാമന്ദിർ ശിലാസ്ഥാപനം നാളെ
text_fieldsകോഴിക്കോട്: ബി.പി. മൊയ്തീെൻറ പേരിൽ കഴിഞ്ഞ 30 വർഷത്തിലധികമായി മുക്കത്ത് പ്രവർത്തിക്കുന്ന ബി.പി. മൊയ്തീൻ സേവാമന്ദിറിന് പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. പുതിയ കെട്ടിടത്തിെൻറ ശിലാസ്ഥാപനം നവംബർ 18ന് രാവിലെ 9.30ന് നടൻ ദിലീപ് നിർവഹിക്കും. താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്ന സേവാമന്ദിറിെൻറ അവസ്ഥയറിഞ്ഞ് ദിലീപ് കെട്ടിടം നിർമിക്കാനുള്ള സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ബി.പി. മൊയ്തീൻ മരിക്കുന്നതിനുമുമ്പ് തുടങ്ങിവെച്ച സാമൂഹിക–ജീവകാരുണ്യ പ്രവർത്തനങ്ങൾ പിന്നീട് കാഞ്ചന മാലയുടെ നേതൃത്വത്തിൽ തുടരുകയായിരുന്നു. ഇതിനിടയിൽ ആസ്ഥാനം നഷ്ടമായ സേവാമന്ദിർ വർഷങ്ങൾക്ക് മുമ്പാണ് താൽക്കാലിക ഷെഡിലേക്ക് മാറ്റിയത്.18ഓളം സന്നദ്ധ സംഘടനകളും എ ഗ്രേഡ് ലൈബ്രററിയുമുണ്ടായിരുന്ന സേവാമന്ദിറിെൻറ പ്രവർത്തനം ഇതോടെ പ്രതിസന്ധിയിലായിരുന്നു. സേവാമന്ദിർ നവീകരിക്കാൻ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണം കണ്ടെത്തുന്നതിനിടയിലാണ് സിനിമയിറങ്ങുന്നതും കാഞ്ചന മാലയുടെയും ബി.പി. മൊയ്തീെൻറയും ജീവിതം ലോകമറിയുന്നതും.
സേവാമന്ദിറിെൻറ ഇപ്പോഴത്തെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ ദിലീപ് സേവാമന്ദിറിെൻറ ഡയറക്ടറായ കാഞ്ചന മാലയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. മൂന്നുനിലകെട്ടിടത്തിെൻറ ഒന്നാം നിലയുടെ നിർമാണമാണ് ദിലീപ് ഏറ്റെടുത്തിരിക്കുന്നത്. സേവാമന്ദിർ നടപ്പാക്കുന്ന അബലകളായവർക്കുള്ള ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സേവാമന്ദിറിലെ മുത്തുലക്ഷ്മി, ഗീത എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വീടു നിർമിച്ചു നൽകുക. മുത്തുലക്ഷ്മിയുടെ വീടിെൻറ നിർമാണവും ഉടനെ ആരംഭിക്കും. ശിലാസ്ഥാപന ചടങ്ങിൽ എം.ഐ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ‘ഓർമയിലെ മൊയ്തീൻ’ എന്ന സുവനീറിെൻറ പ്രകാശനം സി. മോയിൻകുട്ടി എം.എൽ.എ നിർവഹിക്കും. സേവാമന്ദിർ വെബ്സൈറ്റ് ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എയും ലോഗോ പ്രകാശനം മുൻ എം.എൽ.എ ജോർജ് എം. തോമസും നിർവഹിക്കും. ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനം വ്യവസായി പി.എം. മുഹമ്മദലി ബാപ്പു നിർവഹിക്കും. ഡോ. എം.എൻ. കാരശ്ശേരി, ഹമീദ് ചേന്ദമംഗലൂർ തുടങ്ങിയവർ പങ്കെടുക്കും. എ.സി. നിസാർ ബാബു, കെ. രവീന്ദ്രൻ, സജി കള്ളിക്കാട്, രവീന്ദ്രൻ പനങ്കൂറ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.