ചലച്ചിത്രമേള ഉദ്ഘാടനചടങ്ങില്‍ സക്കീര്‍ ഹുസൈന്‍െറ നാദവിസ്മയം
text_fieldsതിരുവനന്തപുരം: 20ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനചടങ്ങില്‍ നാദവിസ്മയം തീര്‍ക്കാന്‍ ലോകപ്രശസ്ത തബലവാദകന്‍ ഉസ്താദ് സക്കീര്‍ ഹുസൈനെത്തുന്നു. ഡിസംബര്‍ നാലിന് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടനചടങ്ങ് മേളയുടെ പ്രത്യേക അതിഥിയായ സക്കീര്‍ ഹുസൈന്‍െറ നവീന താളശൈലികള്‍ക്ക് സാക്ഷിയാകും. കലാസാംസ്കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏഴുദിവസത്തെ ചലച്ചിത്രോത്സവം ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ലോകസിനിമക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് ചലച്ചിത്രമേള ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് നല്‍കി ആദരിക്കുന്ന ഇറാനിയന്‍ സംവിധായകന്‍ ദാര്‍യൂഷ് മഹ്റൂജിയുടെ സാന്നിധ്യവും ചടങ്ങിനെ പ്രൗഢമാക്കും. ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ജാക്വസ് ആനൂഡിന്‍െറ ത്രീ ഡി ചിത്രം ‘വോള്‍ഫ് ടോട്ടെം’ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ഉദ്ഘാടനചിത്രത്തിന് മുമ്പ് 20ാം ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം പ്രദര്‍ശിപ്പിക്കും. കലാമണ്ഡലം, സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, ഭാരത്ഭവന്‍ എന്നിവയുമായി ചേര്‍ന്ന് ഡിസംബര്‍ അഞ്ച് മുതല്‍ 10വരെ സായാഹ്നങ്ങളില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കും. കനകക്കുന്ന് കൊട്ടാരത്തില്‍ ദിവസവും കഥകളി, തെയ്യം, പടയണി, മോഹിനിയാട്ടം, കേരളനടനം തുടങ്ങിയവ ആറ് മുതല്‍ ഏഴുവരെ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.