Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightറസാഖ് മരിച്ചു...

റസാഖ് മരിച്ചു കിടക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ നൃത്തമാടിയെന്ന്; സിനിമാ രംഗത്ത് വിവാദം

text_fields
bookmark_border
റസാഖ് മരിച്ചു കിടക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ നൃത്തമാടിയെന്ന്; സിനിമാ രംഗത്ത് വിവാദം
cancel

കൊച്ചി: തിരക്കഥാകൃത്ത് ടി.എ. റസാഖിന്‍െറ മരണവുമായി ബന്ധപ്പെട്ട് വിവാദം. മോഹന്‍ലാലിനെ ആദരിക്കാന്‍  സിനിമാപ്രവര്‍ത്തകര്‍ കോഴിക്കോട് സ്വപ്നനഗരിയില്‍  സംഘടിപ്പിച്ച ‘മോഹനം’ സ്റ്റേജ് ഷോ, റസാഖിന്‍െറ മരണം അറിഞ്ഞിട്ടും നിര്‍ത്തിവെക്കാതിരുന്നതാണ് വിവാദത്തിന്‍െറ അടിസ്ഥാനം.  തിങ്കളാഴ്ച രാവിലെ 9.15ന് കൊച്ചിയിലെ പ്രമുഖ  സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച  റസാഖിന്‍െറ മരണവിവരം സ്റ്റേജ് ഷോ മുടങ്ങാതിരിക്കാന്‍ പുറത്തുവിട്ടില്ളെന്നും ആരോപണമുയര്‍ന്നു. മരണവിവരം പുറത്തറിയിക്കാതിരിക്കാന്‍ ആശുപത്രി അധികൃതരില്‍ സമ്മര്‍ദവും ചെലുത്തിയത്രേ.

കരള്‍മാറ്റ ശസ്ത്രക്രിയയുമായി  ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നു റസാഖ്.  അദ്ദേഹത്തെയും അതുപോലെ അവശരായ കലാകാരന്മാരെയും  സാമ്പത്തികമായി സഹായിക്കാന്‍ ഫണ്ട് കണ്ടത്തെുകയായിരുന്നു സ്റ്റേജ് ഷോയുടെ ആത്യന്തിക ലക്ഷ്യമെന്നും പറയുന്നു. റസാഖിനുവേണ്ടിയെന്നു പറഞ്ഞ് സംഘടിപ്പിച്ച പരിപാടി അദ്ദേഹത്തിന്‍െറ മരണമറിഞ്ഞിട്ടും നിര്‍ത്തിവെച്ചില്ളെന്നാണ് ആരോപണം. നടന്മാര്‍ക്കും സിനിമാ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ റസാഖിന്‍െറ മൃതദേഹം പാതിരാവിലാണ് കോഴിക്കോട്ട് എത്തിച്ചതെന്നും  ആരോപണമുയര്‍ന്നു. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ‘ഫെഫ്ക’യുടെ മുന്‍നിര നേതാക്കളായിരുന്നു മുഖ്യ സംഘാടകര്‍.  ‘ഫെഫ്ക’യുമായി തെറ്റിനില്‍ക്കുന്ന സംവിധായകന്‍ അലി അക്ബറാണ് സ്റ്റേജ് ഷോ സംഘാടകര്‍ക്കെതിരെ ആദ്യം രംഗത്തുവന്നത്.

സിനിമാ രംഗത്തുള്ളവര്‍ മരിച്ചാല്‍ മുന്‍പന്തിയില്‍ നില്‍ക്കാറുള്ള റസാഖ്  മരിച്ചപ്പോള്‍ അനാഥനെപ്പോലെയായെന്ന മട്ടില്‍ അലി അക്ബര്‍ പ്രതികരിച്ചു.   മരിച്ചുകിടക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ നൃത്തം ചെയ്യുകയാണെന്ന തരത്തിലും അദ്ദേഹം കുറ്റപ്പെടുത്തി.  

എന്നാല്‍, റസാഖിന്‍െറ ശസ്ത്രക്രിയക്ക് ചെലവായ 30 ലക്ഷം കണ്ടത്തൊന്‍ കൂടിയായിരുന്നു സ്റ്റേജ് ഷോയെന്നും  പരിപാടി നടന്നില്ലായിരുന്നെങ്കില്‍ ആ വന്‍ ബാധ്യത ഏറ്റെടുക്കാന്‍ ആരുമുണ്ടാകില്ളെന്നും സംഘാടകര്‍ പറഞ്ഞു.  റസാഖിനെയും കുടുംബത്തെയും ബാധ്യതയിലാക്കരുതെന്ന സദുദ്ദേശ്യത്തോടെയാണ് പരിപാടി തുടര്‍ന്നത്. ശസ്ത്രക്രിയ നടത്തിയതിന്‍െറ തുക ആശുപത്രിയില്‍ നല്‍കിയിരുന്നില്ല. പിന്നീട് നല്‍കാമെന്ന ഉറപ്പിലായിരുന്നു ശസ്ത്രക്രിയ.

പരിപാടി ചാനലില്‍  സംപ്രേഷണം ചെയ്യുന്നതിന് ടോക്കണ്‍ തുക വാങ്ങിയിരുന്നു.  ഈ സാഹചര്യത്തില്‍ പരിപാടി മുടങ്ങിയിരുന്നെങ്കില്‍ ചാനലുമായുണ്ടാക്കിയ കരാര്‍ പാലിക്കാന്‍ പറ്റാതാവും.  ഷോയുടെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരെ  പിന്നീട്  സംഘടിപ്പിക്കാനും കഴിയാതാവും. വലിയ ബാധ്യതയിലേക്കാവും കാര്യങ്ങള്‍ നീങ്ങുക. നന്മ ഉദ്ദേശിച്ച് മാത്രമാണ് ഷോയുമായി മുന്നോട്ടുപോയത് -സംഘാടകര്‍ പറഞ്ഞു.

റസാഖിന്‍െറ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടപ്രകാരമാണ് മരണവിവരം പുറത്തുപറയാന്‍ വൈകിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.  കഴിഞ്ഞ മാസം 28നാണ് റസാഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഈ മാസം രണ്ടിന് ശസ്ത്രക്രിയ നടന്നു.  സഹോദരനില്‍നിന്നാണ് കരള്‍ സ്വീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് റസാഖിന് നേരിയ പനിയുണ്ടായിരുന്നു.

പിന്നീട് ലക്ഷണങ്ങള്‍ ഡെങ്കിപ്പനിയുടേതാണെന്ന് കണ്ടു.  തുടര്‍ന്നുള്ള പരിശോധനയില്‍ ഡെങ്കിപ്പനിയായിരുന്നുവെന്ന് വ്യക്തമായി. സഹോദരനും ഡെങ്കി ബാധിച്ചിട്ടുണ്ടെന്നും പിന്നീട് വ്യക്തമായി. കരള്‍മാറ്റ ശസ്ത്രക്രിയക്കു ശേഷമുണ്ടായ അണുബാധയാണ്  മരണകാരണം.  സഹോദരനും ചികിത്സയിലാണ് -ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, ഡെങ്കിപ്പനി നിലനില്‍ക്കെയാണ് റസാഖിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതെന്ന് ആശുപത്രി വൃത്തങ്ങളുടെ  വെളിപ്പെടുത്തല്‍ വ്യക്തമാക്കുകയും ചെയ്യുന്നു. റസാഖിന്‍െറ മരണം ഉടന്‍ പുറത്തറിയിക്കാതിരുന്നത് കുടുംബാംഗങ്ങള്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് റസാഖിന്‍െറ പിതൃസഹോദരനും സംവിധായകനുമായ സിദ്ദീഖ് താമരശ്ശേരി ‘മാധ്യമ’ത്തോട് പറഞ്ഞു. റസാഖിന്‍െറ മരണസമയത്ത് താനും അദ്ദേഹത്തിന്‍െറ മകന്‍ സുനിലും സഹോദരിയുടെ മകന്‍ താജുദ്ദീനും മാത്രമാണുണ്ടായിരുന്നത്. അതേസമയം, കരള്‍ ദാനംചെയ്ത സഹോദരന്‍ കോയമോന്‍ ഐ.സി.യുവിലായിരുന്നു. അദ്ദേഹത്തെ മുറിയിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നു. അതുകൂടി കഴിഞ്ഞേ തങ്ങള്‍ക്ക് കൊച്ചിയില്‍നിന്ന് പുറപ്പെടാനാകുമായിരുന്നുള്ളൂ. അതോടൊപ്പം, ആശുപത്രിയില്‍ അടക്കേണ്ട 30 ലക്ഷത്തിന്‍െറ ബാധ്യതയും ഞങ്ങളുടെ മുമ്പിലത്തെി.  ഇതെല്ലാം കണക്കിലെടുത്താണ് മരണവിവരം വൈകി മാത്രം പുറത്തറിയിച്ചത്.

നടപടിക്രമങ്ങള്‍ കഴിഞ്ഞ് മൃതദേഹം വിട്ടുകിട്ടിയത് വൈകുന്നേരം 6.30നാണ്. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള ആറുമണിക്കൂര്‍ യാത്രക്കിടെ 13 മിനിറ്റ് മാത്രമാണ് വഴിയില്‍ നിര്‍ത്തിയത്. കുടുംബാംഗങ്ങളുടെ വികാരം  കണക്കിലെടുക്കാതെ വിവാദങ്ങളുണ്ടാക്കുന്നത് മുതലെടുപ്പിനു വേണ്ടിയാണെന്ന് സിദ്ദീഖ് താമരശ്ശേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ta razak
Next Story