ഇനിയില്ല ആ കിയറോസ്തമിയന്‍ ടച്ച്
text_fieldsലോക സിനിമയുടെ തിരശ്ശീലയില്‍ ഇറാനിയന്‍ ചലച്ചിത്രങ്ങള്‍ക്ക് പേരും മേല്‍വിലാസവും തീര്‍ത്തുവെച്ചാണ് അബ്ബാസ് കിയറോസ്തമി എന്ന പ്രതിഭാശാലി വിടവാങ്ങിയത്. ഓരോ കിയറോസ്തമി ചിത്രവും ഓരോ പരീക്ഷണങ്ങളായിരുന്നു. ആരും പ്രയോഗിക്കാന്‍ മുതിരാത്ത സങ്കേതങ്ങളിലേക്ക് കിയറോസ്തമി സിനിമകള്‍ നിര്‍ബാധം സഞ്ചരിച്ചുകൊണ്ടിരുന്നു. വാഹനത്തിന്‍െറ ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ച കാമറകളെ സ്വന്തംനിലയില്‍ ഷൂട്ട് ചെയ്യാന്‍പോലും അദ്ദേഹം അനുവദിച്ചു. ഫിക്ഷനും നോണ്‍ ഫിക്ഷനും തമ്മിലുള്ള അതിര്‍വരമ്പുകളുടെ വളരെ നേര്‍ത്ത കാഴ്ചകളായിരുന്നു അവയെല്ലാം. ലാളിത്യത്തിന്‍െറയും സങ്കീര്‍ണതയുടെയും പതിവല്ലാത്ത ചേരുവകളായിരുന്നു ആ ഷോട്ടുകളില്‍. ദൃശ്യങ്ങള്‍ ഒരേസമയം വളരെ അടുത്തതും അതിവിദൂരവുമായി. സമൂഹവും മനുഷ്യരും തമ്മിലെ ബന്ധങ്ങളെക്കുറിച്ച് അവ വാചാലമായി. ജനങ്ങള്‍ക്ക് ഒരിക്കലും പരിചിതമല്ലാത്ത സിനിമകള്‍ക്കുള്ളിലെ സിനിമകളെ അദ്ദേഹം പകര്‍ത്തിവെച്ചു. എല്ലാത്തിനുമുണ്ടായിരുന്നു കിയറോസ്തമിയന്‍ ടച്ച്. ഇന്ത്യന്‍ സിനിമയിലെ സത്യജിത്ത് റായ്, ഇറ്റലിയിലെ വിറ്റോറിയോ ഡിക്ക, ഫ്രാന്‍സിലെ എറിക് റോമര്‍ തുടങ്ങിയ അഗ്രഗണ്യരായ ചലച്ചിത്രപ്രതിഭകളുടെ ഇടത്തിലേക്കായിരുന്നു അബ്ബാസ് കിയറോസ്തമിയെ ലോകം ചേര്‍ത്തുവെച്ചത്.
1940 ജൂണ്‍ 22ന് തെഹ്റാനിലെ മധ്യവര്‍ഗകുടുംബത്തിലായിരുന്നു ജനനം. ചുവര്‍ചിത്രങ്ങള്‍ വരക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന പിതാവ് അഹ്മദിനെപ്പോലെ നല്ല പെയിന്‍ററോ ഡിസൈനറോ ആകണമെന്നായിരുന്നു അബ്ബാസിന്‍െറയും ആഗ്രഹം. കൗമാരത്തില്‍ ചിത്രരചനാമത്സരത്തില്‍ പങ്കെടുത്ത് വിജയിയായതോടെ ഈ ആഗ്രഹത്തിന് വര്‍ണച്ചിറകുകള്‍ മുളച്ചു. ഇതോടെ തെഹ്റാന്‍ യൂനിവേഴ്സിറ്റിയില്‍ ഗ്രാഫിക് ഡിസൈനിങ്ങില്‍ പഠനത്തിനു ചേര്‍ന്നു. 1960കളില്‍ കമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റായി തൊഴില്‍ജീവിതം ആരംഭിച്ചു. പോസ്റ്റര്‍ രൂപകല്‍പന, ടെലിവിഷന്‍ പരസ്യചിത്രീകരണം, സിനിമകളുടെ ടൈറ്റില്‍ ഡിസൈനിങ്, കുട്ടികളുടെ കഥാപുസ്തകങ്ങളിലെ ചിത്രീകരണം തുടങ്ങിയവയായിരുന്നു ജോലി.
ഇറാനില്‍നിന്നുള്ള ഒരുപിടി ചിത്രങ്ങള്‍ പടിഞ്ഞാറില്‍ വെളിച്ചംകണ്ടുവരുന്ന സമയമായിരുന്നു അത്. 1969ല്‍ പുറത്തിറങ്ങിയ ദാരിയുഷ് മെഹ്റിജുവിന്‍െറ ‘ദ കൗ’ എന്ന ചിത്രത്തെ തുടര്‍ന്നാണ് ഇറാന്‍ ചലച്ചിത്രലോകം പടിഞ്ഞാറിനു മുന്നില്‍ അനാവൃതമാകുന്നത്. ഇതോടെ തെഹ്റാനിലെ ‘ഇന്‍റലക്ച്വല്‍ ഡെവലപ്മെന്‍റ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് യങ് അഡള്‍ട്ട്സ്’ (കാനൂന്‍) എന്ന സിനിമാനിര്‍മാണ സ്ഥാപനത്തിലെ സഹായിയായി മാറി അബ്ബാസ്. ഇതായിരുന്നു സിനിമാജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്‍െറ ആദ്യ ചുവടുവെപ്പ്. കാനൂനില്‍ കുട്ടികള്‍ക്കായി നിരവധി ഹ്രസ്വചിത്രങ്ങള്‍ക്ക് അദ്ദേഹം ജന്മം നല്‍കി. 1974ല്‍ പുറത്തിറങ്ങിയ കിയറോസ്തമിയുടെ പ്രഥമ ഫീച്ചര്‍ ചിത്രം ‘ദ ട്രാവലര്‍’ അദ്ദേഹം പ്രശസ്തിയുടെ പടവുകളില്‍ കയറിയതിനുശേഷമാണ് ലോകം കണ്ടത്. നിര്‍ധനനായ ഒരു ബാലന്‍ തെഹ്റാനില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാനായി പണം കണ്ടത്തൊനുള്ള വഴികള്‍ തേടുന്ന ഈ ചിത്രം ഹാസ്യത്തോടൊപ്പം ഹൃദയസ്പര്‍ശിയുമായിരുന്നു.
1977ല്‍ കിയറോസ്തമി ചെയ്ത ‘ദ റിപ്പോര്‍ട്ട്’ അഴിമതി ആരോപണവിധേയനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍െറ കഥ പറയുന്നു. ദ റിപ്പോര്‍ട്ട് വിപ്ളവാനന്തര ഇറാനില്‍ നിരോധിച്ചു. ചിത്രത്തിന് പടിഞ്ഞാറന്‍ചായ്വുണ്ടെന്ന് വിമര്‍ശിക്കപ്പെട്ടു. ഇറാന്‍ വിപ്ളവത്തിനുശേഷം പല കലാകാരന്മാരും രാജ്യം വിട്ടപ്പോഴും കിയറോസ്തമി സ്വന്തം നാട്ടില്‍തന്നെ നിലകൊണ്ടു. മറ്റൊരു ദേശത്ത് ഞാനെന്ന മരം തളിര്‍ക്കില്ളെന്നായിരുന്നു കിയറോസ്തമി നല്‍കിയ വിശദീകരണം.
വിപ്ളവത്തിനുമുമ്പുള്ള കിയറോസ്തമിയുടെ ചിത്രങ്ങള്‍ കുട്ടികളെ കേന്ദ്രീകരിച്ചുള്ളതാണെങ്കില്‍ 1987ലെ ‘വേര്‍ ഈസ് ദ ഫ്രന്‍ഡ്സ് ഹോം’എന്ന ചിത്രത്തിലൂടെ പുതിയൊരു കാലത്തിന് തുടക്കമിടുകയായിരുന്നു അദ്ദേഹം. ഇറാനിയന്‍ സംവിധായകനായ മുഹ്സിന്‍ മഖ്മല്‍ ബഫ് ആയിത്തീരാന്‍ ശ്രമിക്കുന്ന ഒരാളുടെ കഥ പറയുന്ന ‘ക്ളോസ് അപ്’ മറ്റൊരു പരീക്ഷണമായിരുന്നു. ജീവിതത്തിലെ യഥാര്‍ഥ വ്യക്തിത്വങ്ങളെ സിനിമയിലേക്ക് കൊണ്ടുവരുന്ന ഒരു പുതിയ തുടക്കമായിരുന്നു അത്. സിനിമയെ കേവലം കെട്ടിച്ചമച്ച ഒന്നായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ളെന്നും തനിക്കു ചുറ്റുമുള്ളവരെ നിരീക്ഷിച്ച് അവരുടെ നിത്യജീവിതത്തില്‍നിന്ന് എടുക്കുന്നവയാണ് തന്‍െറ സിനിമയില്‍ ഉള്ളവയെന്നുമാണ് ഇതേക്കുറിച്ച് കിയറോസ്തമി പ്രതികരിച്ചത്.
‘ദ വിന്‍ഡ് വില്‍ കാരി അസ്’ (1999)കിയറോസ്തമി ചിത്രങ്ങളുടെ ദാര്‍ശനികമായ ആഖ്യാനംകൂടിയായിരുന്നു. മരണം എന്ന പ്രഹേളിക ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ കാഴ്ചക്കാരനുമുന്നില്‍ ഏറെ അസ്വസ്ഥതയോടെ കിയറോസ്തമി കുടഞ്ഞിട്ടു. ‘ടേസ്റ്റ് ഓഫ് ചെറി’യിലേതുപോലെ കിയറോസ്തമിയുടെ കഥാപാത്രങ്ങള്‍ നിരത്തുകളിലുടെ ദീര്‍ഘനേരം ഡ്രൈവ് ചെയ്യുന്നവരായി. നീണ്ട ടേക്കുകള്‍ എടുത്ത് അദ്ദേഹം നടത്തിയ ഈ പരീക്ഷണ സിനിമയാണ് കാനില്‍ ‘പാം ദി ഓര്‍’ സഹ പുരസ്കാരത്തിന് അര്‍ഹമായത്. കഥാപാത്രങ്ങളെ കാറില്‍ ഇരുത്തി ഷൂട്ട് ചെയ്യുന്നതെന്തിനാണെന്ന ചോദ്യത്തിന് ആളുകളെ സ്വാഭാവികമായും വളരെ അടുത്തായും കാണാമെന്നായിരുന്നു അതിന് അദ്ദേഹത്തിന്‍െറ മറുപടി.
ഇറാനു പുറത്ത് എ.ബി.സി ആഫ്രിക്ക എന്ന പേരില്‍ കിയറോസ്തമി ഇറക്കിയ ഡോക്യുമെന്‍ററി യുഗാണ്ടയിലെ എയിഡ്സ് ബാധിതരെക്കുറിച്ചുള്ളതാണ്. 2001ല്‍ ചിത്രീകരിച്ച ഈ ഡോക്യുമെന്‍ററിയിലാണ് അദ്ദേഹം ആദ്യമായി ഡിജിറ്റല്‍ കാമറ ഉപയോഗിക്കുന്നത്. 35 എം.എം കാമറക്ക് തനിക്കും മറ്റുള്ളവര്‍ക്കും ഇടയില്‍ പരിമിതിയുണ്ടെന്ന കിയറോസ്തമിയുടെ വിശ്വാസം ഇതോടെ ഇല്ലാതായി. ഇറാനു പുറത്തുള്ള നടിമാരില്‍ കിയറോസ്തമി ഏറ്റവും അധികം ഉപയോഗിച്ച പ്രതിഭ നടി ജൂലിയറ്റ് പിനോഷെയുടേതാണ്. ഇവര്‍ അഭിനയിച്ച ‘സര്‍ട്ടിഫൈഡ് കോപ്പി’യുടെ ചിത്രീകരണം ഇറ്റലിയിലായിരുന്നു. പുറംരാജ്യങ്ങളില്‍വെച്ച് സിനിമയെടുക്കുമ്പോള്‍ കിയറോസ്തമിക്ക് അതിരുകള്‍ ഭേദിച്ച് സാര്‍വജനീനമായ ഒരു വ്യക്തിത്വം കൈവരും. ദേശങ്ങളേക്കാള്‍ കഥാപാത്രങ്ങള്‍ക്കും അവരുടെ യാഥാര്‍ഥ്യങ്ങളിലേക്കും അദ്ദേഹം കടന്നുചെല്ലും.
ഒരുകാലത്ത് ലോക ചലച്ചിത്രോത്സവങ്ങള്‍ കൊതിയോടെ കാത്തിരുന്നിട്ടുണ്ട് കിയറോസ്തമി ചിത്രങ്ങള്‍ക്കായി. 40ലേറെ ചിത്രങ്ങള്‍ക്ക് പുറമെ നിരവധി കവിതാപുസ്തകങ്ങളും കിയറോസ്തമി രചിച്ചിട്ടുണ്ട്. 2008ല്‍ ഫ്രാന്‍സില്‍ മൊസാര്‍ട്ട് പ്രൊഡക്ഷന്‍സിന്‍െറ ബാനറില്‍ ഫോട്ടോ പ്രദര്‍ശനവും നടത്തിയിരുന്നു. രണ്ട് ആണ്‍മക്കളാണ് കിയറോസ്തമിക്ക്. അഹ്മദും ബഹ്മാനും. ഭാര്യയായിരുന്ന പര്‍വീണ്‍ ആമിര്‍ ഗോലിയുമായുള്ള ബന്ധം പിന്നീട് വഴിപിരിഞ്ഞു.
ടെന്‍(2002), ലൈഫ് ആന്‍ഡ് നതിങ് മോര്‍(1992), ത്രൂ ദ ഒലിവ് ട്രീസ് (1994) തുടങ്ങി കരസ്തോമിയുടെ ഒട്ടുമിക്ക ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്ര മേളകളിലെ ശ്രദ്ധേയ സാന്നിധ്യങ്ങളായിരുന്നു. 2012ല്‍ ഇറങ്ങിയ ‘ലൈക്ക് സംവണ്‍ ഇന്‍ ലവ്’ ആണ് അവസാന ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.