‘പത്തേമാരി’യിലെ വേലായുധനെ ചൊല്ലിയുള്ള തര്‍ക്കം തീരുന്നു
text_fieldsതൃശൂര്‍: മമ്മൂട്ടി അഭിനയിച്ച ‘പത്തേമാരി’യിലെ ലാഞ്ചി വേലായുധന്‍ എന്ന കഥാപാത്രസൃഷ്ടിക്കെതിരെ വേലായുധന്‍െറ ബന്ധുക്കളും സംവിധായകന്‍ സലീം അഹമ്മദും തമ്മിലുള്ള തര്‍ക്കം ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ഇരു വിഭാഗവും കേസുകള്‍ പിന്‍വലിക്കും. യഥാര്‍ഥ വേലായുധന്‍െറ ജീവിതം ഒരു മുഴുനീള സിനിമക്ക് വകയുള്ള അനുഭവങ്ങളുടേതാണെന്നും താന്‍ അത് സിനിമയാക്കാന്‍ ശ്രമിക്കുമെന്നും സലീം അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പത്തേമാരിയില്‍ സിദ്ദീഖാണ് ലാഞ്ചി വേലായുധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ അവസാന ഭാഗങ്ങളില്‍ ജീവിതം തകര്‍ന്ന കഥാപാത്രമായാണ് വേലായുധനെ അവതരിപ്പിക്കുന്നതെന്നും യഥാര്‍ഥ വേലായുധന്‍ അങ്ങനെ ആയിരുന്നില്ളെന്നും പറഞ്ഞാണ് മക്കളും സഹോദരീപുത്രനും തര്‍ക്കം ഉന്നയിച്ചത്. സമനില നഷ്ടപ്പെട്ട വേലായുധന്‍െറ പാത്രസൃഷ്ടി തങ്ങളെ ഏറെ വേദനിപ്പിച്ചതായും അതില്‍ തിരുത്ത് വേണമെന്നും ബന്ധുക്കള്‍ മുമ്പ് വാര്‍ത്താസമ്മേളനം നടത്തി ആവശ്യപ്പെട്ടിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടസ്സപ്പെടാതിരിക്കാന്‍ സംവിധായകന്‍ കവിയറ്റ് ഹരജി നല്‍കിയപ്പോള്‍ സംവിധായകനെതിരെ വേലായുധന്‍െറ മക്കള്‍ കേസ് കൊടുത്തു. ആ കേസാണ് അവസാനിക്കുന്നത്.
വേലായുധന്‍െറ കുടുംബവുമായി സിനിമ ഒരുക്കുന്നതിനു മുമ്പ് താന്‍ സംസാരിച്ചിരുന്നുവെന്ന് സലീം അഹമ്മദ് പറഞ്ഞു. 1965 കാലത്തെ ലാഞ്ചി വേലായുധനെ താന്‍ അവതരിപ്പിക്കുമ്പോള്‍ അതിന് യഥാര്‍ഥ വേലായുധനുമായി ബന്ധമുണ്ട്. എന്നാല്‍, അവസാനമത്തെുമ്പോള്‍ സിനിമ എന്ന മാധ്യമത്തിനൊത്ത് പാത്രസൃഷ്ടിയില്‍ ചില മാറ്റങ്ങള്‍ വരുത്തുക മാത്രമാണ് ചെയ്തതെന്നും അത് വേലായുധന്‍െറ ബന്ധുക്കളെ വേദനിപ്പിച്ചെങ്കില്‍ അതിയായ ദു$ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍െറ പ്രവാസി ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടയാളാണ് യഥാര്‍ഥ ലാഞ്ചി വേലായുധന്‍. യഥാര്‍ഥ വേലായുധനുമായി കഥാപാത്രത്തിന് സാമ്യങ്ങള്‍ ഉണ്ടെങ്കിലും രണ്ടും പൂര്‍ണമായും ഒന്നല്ല. ജീവിതകാലം മുഴുവന്‍ തന്‍േറടത്തോടെ ജീവിച്ചയാളാണ് യഥാര്‍ഥ വേലായുധനെന്ന് തനിക്ക് ബോധ്യപ്പെട്ടത് കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തതോടെയാണെന്ന് സംവിധായകന്‍ പറഞ്ഞു.
അസോസിയേറ്റ് ഡയറക്ടര്‍ ഐ.ഡി. രഞ്ജിത്, വേലായുധന്‍െറ മക്കളായ സി.വി. ധനേഷ്, സി.വി. ഭൈമിനി, സഹോദരീപുത്രന്‍ വി.വി. വിമലന്‍ എന്നിവരും സലീം അഹമ്മദിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.