ഐ.ഡി.എസ്.എഫ്.കെ: ‘പാപ’ മികച്ച ഷോര്‍ട്ട് ഫിക്ഷന്‍
text_fieldsതിരുവനന്തപുരം: ഒമ്പതാമത് കേരള രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേള സമാപിച്ചു. മികച്ച കാമ്പസ് ചിത്രത്തിനുള്ള പുരസ്കാരം അജയ് ആന്‍റണി ആലുങ്കല്‍ സംവിധാനം ചെയ്ത ‘തിലക്’ സ്വന്തമാക്കി. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള 25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം അഭിജിത് കൃഷ്ണ സംവിധാനം ചെയ്ത ‘യൂഫോറിയ’ സ്വന്തമാക്കി. മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രത്തിനുള്ള 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സിദ്ധാര്‍ഥ് ചൗഹാന്‍ സംവിധാനം ചെയ്ത ‘പാപ’ നേടി. ഷോര്‍ട്ട് ഫിലിം വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ‘ദര്‍ബേഗുജേ’യും ജുങ് ഹ്യുങ് കിം സംവിധാനം ചെയ്ത ‘ഡാഡി ഗ്രാന്‍ഡ്പാ ആന്‍ഡ് മൈ ലേഡി’യും അര്‍ഹമായി.
മികച്ച ലോങ് ഡോക്യുമെന്‍ററി ചന്ദ്രശേഖര്‍ റെഡ്ഡി സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച കല്‍ക്കരിപ്പാടങ്ങളിലെ തൊഴിലാളികളുടെ കഥ പറഞ്ഞ ‘ഫയര്‍ ഫൈ്ളസ് ഇന്‍ ദ ആബിസ്’ ആണ്. മികച്ച ഹ്രസ്വ ഡോക്യുമെന്‍ററിയായി ബിജു ടോപോ സംവിധാനം ചെയ്ത ‘ഹണ്ട്’ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച ഛായാഗ്രഹകനുള്ള 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരത്തിന് ‘സ്ളീപിങ് സിറ്റീസി’ന്‍െറ ഛായാഗ്രഹകരായ ഷൗനക് സെന്നും സലീംഖാനും നേടി.
ലോങ് ഡോക്യുമെന്‍ററി വിഭാഗത്തിലെ പ്രത്യേക ജൂറി പുരസ്കാരത്തിന് സ്റ്റാന്‍സിന്‍ ഡോര്‍ജെ സംവിധാനം ചെയ്ത ‘ഷെപ്പേഡ്സ് ഓഫ് ദ ഗ്ളേസിയേഴ്സും’ ഷോര്‍ട്ട് ഡോക്യുമെന്‍ററി വിഭാഗത്തിലെ പ്രത്യേക ജൂറി പരാമര്‍ശത്തിന് ഹാര്‍ദിക് മെഹ്ത സംവിധാനം ചെയ്ത ‘ഫേമസ് ഇന്‍ അഹ്മദാബാദും’ അര്‍ഹമായി.
ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ കൂടുതല്‍ അന്തര്‍ദേശീയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സമാപന സമ്മേളനത്തില്‍ പറഞ്ഞു. മേളയിലെ വിവിധ വിഭാഗങ്ങളിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്കാരവും അദ്ദേഹം വിതരണം ചെയ്തു. സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്, ജൂറി അംഗങ്ങളായ കമല്‍ സ്വരൂപ്, കെ.യു. മോഹനന്‍, വിനോദ് സുകുമാരന്‍, ബാര്‍ബറ ലോറെ, നിഷിത ജെയിന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്നാഥ്, സെക്രട്ടറി സി.ആര്‍. രാജ്മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനുശേഷം പുരസ്കാരം നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.