സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ നിന്ന് വിവാദഫയലുകള്‍ അപ്രത്യക്ഷമായി
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ വിവാദനിയമനങ്ങളും ഉത്തരവുകളുമടങ്ങിയ ഫയലുകള്‍ അപ്രത്യക്ഷമായി. ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ജയന്തി നരേന്ദ്രനാഥിന്‍െറ വിവാദ നിയമനവും ഇവരെ പിരിച്ചുവിട്ടുകൊണ്ടുള്ള മുന്‍ സര്‍ക്കാര്‍ ഉത്തരവുകളും ഭരണസമിതി യോഗങ്ങളുടെ മിനുട്സുകളുമാണ് ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാദമി ഓഫിസില്‍നിന്ന് കാണാതായത്. വിവാദ ഫയലുകളും രേഖകളും നഷ്ടമായതോടെ സാംസ്കാരിക മന്ത്രി എ.കെ. ബാലന് പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് അക്കാദമി സെക്രട്ടറി അടക്കമുള്ളവര്‍.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് യോഗ്യതയില്ലാത്തവരെ കരാര്‍ അടിസ്ഥാനത്തില്‍ അക്കാദമിയില്‍ തിരുകിക്കയറ്റിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ജയന്തി നരേന്ദ്രനാഥിന്‍െറ നിയമനം സംബന്ധിച്ചാണ് കൂടുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മന്ത്രി എ.കെ. ബാലന്‍ കഴിഞ്ഞ ദിവസം മുന്‍ ഭരണസമിതിയുടെ തീരുമാനങ്ങളടങ്ങിയ ഫയലുകള്‍ ഹാജരാക്കാന്‍ അക്കാദമി സെക്രട്ടറി സി.ആര്‍. രാജ്മോഹനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സെക്രട്ടറി നടത്തിയ പരിശോധനയിലാണ് ഫയലുകള്‍ മുക്കിയതായി കണ്ടത്തെിയത്.
ജയന്തിയെ മാനദണ്ഡങ്ങള്‍ മറികടന്ന് അക്കാദമിയില്‍ നിയമിച്ചതിന് കഴിഞ്ഞ സെപ്റ്റംബര്‍ 29ന് ഹൈകോടതി സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു. രണ്ടുതവണ സര്‍ക്കാര്‍ പുറത്താക്കിയ കരാര്‍ ജീവനക്കാരിയെ തുടരാന്‍ അനുവദിക്കുന്നതിനുള്ള കാരണവും കോടതി അക്കാദമിയോട് ആരാഞ്ഞു. തുടര്‍ന്ന് അക്കാദമി മുന്‍ സെക്രട്ടറി രാജേന്ദ്രന്‍നായര്‍ നല്‍കിയ വിശദീകരണം തള്ളിയ കോടതി ജയന്തിയുടെ നിയമനം അനധികൃതമാണെന്ന് കണ്ടത്തെിയിരുന്നു.
ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് 2015 ഡിസംബര്‍ 21ന് ജയന്തിയെ പുറത്താക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ഭരണസ്വാധീനമുപയോഗിച്ച് ഇവര്‍ ഇപ്പോഴും അക്കാദമിയില്‍ തുടരുകയാണ്. ഇതിനെതിരെ അക്കാദമി മുന്‍ ജീവനക്കാരന്‍ ലൂയി മാത്യു നല്‍കിയ പരാതിയില്‍ ഹൈകോടതി അടുത്ത ആഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് ഫയലുകള്‍ അപ്രത്യക്ഷമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.