പിണറായി വിജയന് മോഹന്‍ലാലിന്‍െറ തുറന്നകത്ത്
text_fieldsകോഴിക്കോട്: കേരളത്തിന്‍െറ പൊതുസാഹചര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് നടന്‍ മോഹന്‍ലാലിന്‍െറ തുറന്നകത്ത്. കേരളത്തില്‍ പെരുകുന്ന മാലിന്യപ്രശ്നം, റോഡപകടങ്ങള്‍, ഗതാഗതക്കുരുക്ക്, പരിസ്ഥിതി നാശം, വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത എന്നിവ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുക്കണമെന്നും തന്‍െറ ബ്ളോഗിലൂടെ പുറത്തുവിട്ട തുറന്നകത്തില്‍ മോഹന്‍ലാല്‍ അഭ്യര്‍ഥിക്കുന്നു.
മോഹന്‍ലാല്‍ എന്ന നടന്‍ മുഖ്യമന്ത്രിക്കെഴുതുന്ന സൗഹൃദ കത്തല്ല, കേരളത്തില്‍ ജീവിക്കുന്ന മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ കേരളത്തിന്‍െറ മുഖ്യമന്ത്രിക്ക് എഴുതുന്ന നിവേദനമാണ് എന്ന മുഖവുരയോടെയുള്ള കത്ത് അഞ്ചുകാര്യങ്ങളാണ് അക്കമിട്ട് നിരത്തുന്നത്.
മാലിന്യത്തിന്‍െറ വ്യാപനം ഭയാനകമായിരിക്കുകയാണെന്ന് കത്തില്‍ ലാല്‍ ചൂണ്ടിക്കാട്ടുന്നു. മാലിന്യം എന്തുചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണെന്നും ഏതാനും വര്‍ഷം കഴിഞ്ഞാല്‍ പ്രശ്നം അതിരൂക്ഷമാകുമെന്നും ലാല്‍ പറയുന്നു.
ഋഷിരാജ് സിങ് ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്നപ്പോള്‍ വാഹനങ്ങള്‍ക്ക് വേഗപ്പൂട്ട് ഘടിപ്പിച്ചിരുന്നതിനാല്‍ അപകടങ്ങള്‍ കുറഞ്ഞിരുന്നു. ഇപ്പോള്‍ നിയമം കാറ്റില്‍ പറത്തി പരക്കംപായുന്ന വാഹനങ്ങള്‍ റോഡില്‍ മരണപരമ്പര സൃഷ്ടിക്കുകയാണ്. ചോരവീഴാത്ത റോഡുകള്‍ നമുക്കുണ്ടാവണം.
മണിക്കൂറുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കേണ്ടിവരുന്ന ഗതികേട് അവസാനിപ്പിക്കാന്‍ റോഡുകള്‍ വികസിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം.
വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടുമുള്ള പെരുകുന്ന അക്രമം അവസാനിപ്പിക്കല്‍ ദൗത്യമായി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ലാല്‍ അഭ്യര്‍ഥിക്കുന്നു.
അവശേഷിക്കുന്ന വനങ്ങളും കുന്നുകളും വെള്ളച്ചാട്ടവും നിലനിര്‍ത്താന്‍ പരിസ്ഥിതിയുടെ കാവലാളാകണമെന്നും അഭ്യര്‍ഥിക്കുന്ന മോഹന്‍ലാലിന്‍െറ കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ശക്തമായി പിന്തുണയും അറിയിക്കുന്നു.
മോഹൻലാലിന്‍റെ ബ്ലോഗ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.