Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമണിയുടേത്...

മണിയുടേത് അളക്കാനാവാത്ത സ്നേഹം -മമ്മൂട്ടി

text_fields
bookmark_border
മണിയുടേത് അളക്കാനാവാത്ത സ്നേഹം -മമ്മൂട്ടി
cancel

കോഴിക്കോട്: ഞായറാഴ്ച അന്തരിച്ച തെന്നിന്ത്യൻ നടൻ കലാഭവൻ മണിയെ മമ്മൂട്ടി അനുസ്മരിച്ചു. തന്‍റെ ഫേസ്ബുക്കിലൂടെയാണ് സഹപ്രവർത്തകനൊപ്പമുള്ള ഒാർമകൾ പങ്കുവെച്ചത്. മണിയുടേത് അളക്കാനാകാത്ത സ്നേഹമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

‘‘കാറിന്‍റെ ഡിക്കിയിൽ മാങ്കോസ്റ്റീൻ തൈകളും കൂടയിൽ നിറയെ മാങ്കോസ്റ്റീൻ പഴങ്ങളുമായി മമ്മൂക്കാ.... എന്നു വിളിച്ചുകൊണ്ടു വരുന്ന മണി ഇനിയുണ്ടാകില്ലെന്നതു ഞെട്ടലിനും അപ്പുറത്തുള്ള എന്തോ ആണ്. ടിവിയിൽ മണി അന്തരിച്ചു എന്നെഴുതിക്കാണിക്കുമ്പോൾ ഇവിടെ ബംഗളൂരുവിൽ ഞാനൊരു ഷൂട്ടിങ് തിരക്കിൽ നിൽക്കുകയാണ്. ഇത്തവണ മരണം കൊണ്ടുപോയത് എന്‍റെ അരികിൽനിന്ന് ഒരാളെയാണ്. എന്തിനും കയ്യെത്തും ദൂരത്തുണ്ടായിരുന്നൊരു സഹോദരനെ. എന്തു പറഞ്ഞാണു ഞാൻ എന്നെത്തന്നെ സമാധാനിപ്പിക്കുക! തെറ്റു ചെയ്താൽ അരികിൽവന്നു തലകുനിച്ചു കണ്ണു തുടയ്ക്കുന്നൊരു അനുജനായിരുന്നു മണി. എന്‍റെ വീട് അവന്‍റെ കൂടെ വീടാണെന്ന് കരുതിയിരുന്ന ഒരാൾ.

മണി എന്നെ കണ്ടതു ജേഷ്ഠനായാണ്. സിഗരറ്റ് വലിക്കുമ്പോൾ പോലും ഞാൻ വരുന്നതു കണ്ടാൽ ഒരുനിമിഷം അതു മറച്ചുപിടിക്കാൻ നോക്കും. അത് അറിയാതെ ചെയ്തു പോകുന്നതാണ്. കലർപ്പില്ലാതെയാണു മണി സ്നേഹിച്ചത്. ‘മറുമലർച്ചി’ എന്ന സിനിമയുടെ ഷൂട്ടിങ് തിരുവണ്ണാമലയിൽ നടന്നുകൊണ്ടിരിക്കെ അഭിനയിക്കാമെന്നേറ്റ ഹാസ്യനടൻ പെട്ടെന്നു വരില്ലെന്നറിയിച്ചു. അതോടെ ആളില്ലാതായി. ...

ഞാൻ പറഞ്ഞു മലയാളത്തിൽ കലാഭവൻ മണിയെന്നൊരു നല്ല നടനുണ്ട്. അദ്ദേഹത്തെ വിളിക്കാമെന്ന്. അന്നു ഞാൻ പറഞ്ഞത്... വിളിച്ചാൽ തിരിച്ചയയ്ക്കില്ലെന്ന് ഉറപ്പു തരണമെന്നാണ്. കാരണം അത്രയും നല്ലൊരു നടനെ തിരിച്ചയച്ചാൽ അതൊരു വേദനയാകും. അവർ മണിയെ തിരിച്ചയയ്ക്കില്ലെന്ന് ഉറപ്പു നൽകി. അവർ വിളിച്ചപ്പോൾ തമിഴ് അറിയില്ലെന്ന് പറഞ്ഞു മുങ്ങി. അവസാനം ഞാൻ വിളിച്ച് ഇതു നല്ല അവസരമാണെന്നു പറഞ്ഞു. കുറച്ചു ദേഷ്യത്തിൽ പറഞ്ഞു എന്നാണ് ഓർമ. ഉടൻ പറഞ്ഞു, നാളെ രാവിലെ ഞാനവിടെ എത്തുമെന്ന്. അതായിരുന്നു തമിഴിലെ തുടക്കം. പിന്നീട് മണി തമിഴിൽ വലിയ നടനായി.

ചാലക്കുടിയിലോ തിരക്കില്ലാത്ത ലൊക്കേഷനിലോ ആണ് ഷൂട്ട് എങ്കിൽ കോഴിയും ആടുമെല്ലാമായി മണിയും സംഘവും വരും. കൂടെയൊരു പാചകക്കാരനും കാണും. മണിയും നല്ല പാചകക്കാരനാണ്. എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാകി മണി ഊട്ടിക്കും. ഭക്ഷണം കഴിച്ചു മതി വരുന്നതു മണിക്കു കാണണമായിരുന്നു. മണിയുടെ ഭക്ഷണത്തിലുണ്ടായിരുന്നതു സ്നേഹമാണ്. അളക്കാനാവാത്ത സ്നേഹം. മണി എന്തെങ്കിലും വേണ്ടാത്തതു കാണിച്ചുവെന്നു കേട്ടാൽ ഞാ‍ൻ വിളിക്കുമായിരുന്നു. ‘ഇനി ഉണ്ടാകില്ല’ എന്നു പറഞ്ഞു ഫോണിന്‍റെ മറുവശത്തു മൂളിക്കൊണ്ടു മിണ്ടാതിരിക്കും പിന്നെ കണ്ടാൽ കുറ്റബോധത്തോടെ അടുത്തുവരും. കുറെ നേരം ഇരിക്കാതെ അടുത്തു നിൽക്കും

വാഹനത്തിൽ നിറയെ കൂട്ടുകാരുമായി സെറ്റിലെത്തി അവരെയെല്ലാം പരിചയപ്പെടുത്തി കൂടെനിന്നു പടമെടുത്തു വിടും. എല്ലാ തലത്തിലുമുള്ളവരുടെ വലിയ സംഘം മണിക്കുണ്ടായിരുന്നു. എന്നെ ഒരിക്കൽ ചാലക്കുടിയിലെ ഒരു ഉത്സവ പറമ്പിൽ കൊണ്ടുപോയി. ജനത്തിരക്ക് കാരണം വേദിയുടെ തൊട്ടടുത്തുവരെ ജനം നിറഞ്ഞു തുളുമ്പി. പുറത്തുപോകുന്ന കാര്യം ആലോചിക്കാനെ വയ്യ. മണി നേരെ മുന്നിലേക്കിറങ്ങി ‘എല്ലാവരും സ്നേഹപൂർവം മാറണം, മമ്മൂക്കയ്ക്ക് പോകണം’ എന്നു കനത്ത ശബ്ദത്തിൽ പറഞ്ഞതും ജനം ഇരുവശത്തേക്കും മാറി. മുന്നിൽ ഒരാനയെപ്പോലെ എനിക്കു വഴിയൊരുക്കിക്കൊണ്ടു മണി നടന്നു. മണി ഒരു ശക്തിയായിരുന്നു. ആദ്യ കാലത്ത് ഞങ്ങൾ കാൾ ലൂയിസ് എന്നാണു മണിയെ വിളിച്ചിരുന്നത്. അത്രയ്ക്കും മനോഹരമായ ശരീരമായിരുന്നു

മണിയെന്ന കലാകാരനും വ്യക്തിയും നടനോളം തന്നെ വലുതായിരുന്നു. അമ്മയുടെ യോഗത്തിൽ ഒരിക്കൽ ബാബുരാജും മണിയും തമ്മിൽ വലിയ വഴക്കായി. അടി വീഴുമെന്നുവരെ തോന്നിച്ചു. യോഗം അവസാനിക്കുമ്പോൾ മണി ബാബുരാജിന്‍റെ തോളിൽ കൈയ്യിട്ടു പുറത്തേക്കു കൊണ്ടുപോകുന്നതു കണ്ടു....

മലയാള സിനിമയിലും ഗാനശാഖയിലും നാടൻ പാട്ടെന്ന ശാഖ തിരിച്ചു കൊണ്ടുവന്നതു മണിയാണ്. നൂറുകണക്കിനു പാട്ടുകൾ മണി തേടിപ്പിടിച്ചു. അതറിയാവുന്നവരെ കൊണ്ട് എഴുതിച്ചു. മണിയുടേതായ ഗായകസംഘമുണ്ടായി. മണിയുടെ പാട്ട് മണിയുടേത് മാത്രമായിരുന്നു. സത്യത്തിൽ മണിയുടെ വലിയൊരു ബാൻഡ് രൂപപ്പെടേണ്ടതായിരുന്നു ആയിരക്കണക്കിന് ആളുകൾ ഗൾഫിൽപ്പോലും മണിയുടെ പാട്ടിന്‍റെ താളത്തിനൊത്തു നൃത്തം ചവിട്ടുന്നതു ഞാൻ കണ്ടിട്ടുണ്ട്. മലയാളം അറിയാത്തവരുടെ വലിയ സംഘങ്ങൾ പോലും അതിലുണ്ടായിരുന്നു. മണിയുടെ ശരീരഭാഷയും താളവും അവതരണവും ഭാഷയ്ക്കും അപ്പുറത്തേക്കു സംഗീതത്തെ കൊണ്ടുപോയി.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammoottykalabhavan mani
Next Story