വോട്ടിങ് ദിനത്തിലും നിറഞ്ഞ് താരങ്ങൾ
text_fieldsകൊച്ചി: സിനിമാ താരങ്ങൾ കൂടി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായതോടെയാണ് രാഷ്ട്രീയ ചർച്ചക്ക് ചൂടുപിടിച്ചത്. ചായക്കട ചർച്ചകൾക്കിടയിൽ ചായക്ക് ചൂട് കുറയാതിരിക്കാൻ ഇത് കാരണമായി. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മോഹൻലാലടക്കമുള്ള സൂപ്പർ സ്റ്റാറുകൾ സുഹൃത്തിന് വോട്ട് പിടിക്കാനെത്തിയത് രാഷ്ട്രീയ കേരളം മാത്രമല്ല, സിനിമാ ലോകത്തും പുറത്തും ശക്തമായ ചർച്ചക്ക് വഴിവെച്ചു. എന്നാൽ പോളിങ് ദിനത്തിൽ സിനിമാക്കാരെ മഷിയിട്ട് നോക്കിയാലും കാണില്ലെന്ന് കരുതിയവർക്ക് തെറ്റി. മമ്മൂട്ടിയടക്കമുള്ള താരങ്ങൾ വോട്ട് ചെയ്ത് ജനാധിപത്യത്തിന്‍റെ നെടുംതൂണിന് ശക്തി പകരുന്ന കാഴ്ചക്ക് കേരളം സാക്ഷ്യം വഹിച്ചു.
മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ എന്നിവർ എറണാകുളം പമ്പിള്ളിനഗർ സ്കൂളിലെത്തി വോട്ട് ചെയ്ത് മടങ്ങി. ദുൽഖറിന്‍റെ കേരളത്തിലെ ആദ്യ വോട്ടായിരുന്നു ഇത്. മുമ്പ് തമിഴ്നാട്ടിലാണ് ഇദ്ദേഹം വോട്ട് ചെയ്തത്. നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി ശാസ്തമംഗലത്താണ് വോട്ട് ചെയ്തത്. നടനും എം.പിയുമായ ഇന്നസെന്‍റ് ഇരിങ്ങാലക്കുടയിലും സ്ഥാനാർഥി കൂടിയായ നടൻ മുകേഷ് കൊല്ലത്തും വോട്ട് ചെയ്തു.
തൃപ്പൂണിത്തറ കണ്ടനാട് സെന്‍റ് മേരീസ് സ്കൂളിലാണ് നടൻ ശ്രീനിവാസൻ ഭാര്യയോടൊപ്പം വോട്ട് ചെയ്യാനെത്തിയത്. നടി കാവ്യാമാധവൻ തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിലും സ്ഥാനാർഥികളായ ജഗദീഷും ഗണേഷും പത്തനാപുരത്തും വോട്ട് രേഖപ്പെടുത്തി. നടൻ ജയറാം കുടുംബ സമേതമാണ് വോട്ട് ചെയ്യാനെത്തിയത്. ദിലീപ് കൊച്ചിയിലും സലീംകുമാർ പരവൂരുമാണ് വോട്ട് ചെയ്തത്. ദിലീപ് നേരത്തെ ഗണേഷ് കുമാറിന്‍റെ പ്രചരണ പരിപാടിക്കെത്തിയിരുന്നു.
നമ്മുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പെന്നും അവസരം പാഴാക്കരുതെന്നും വോട്ട് ചെയ്ത ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിക്കെതിരായ ജനവിധിയാണ് ഉണ്ടാകേണ്ടതെന്ന് ശ്രീനിവാസനും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.