നല്ലതിനായി അഭിനയിച്ചു; വില്ലനായി അവതരിപ്പിച്ചു
text_fieldsതൃശൂര്‍: സി.സി ടി.വി കാമറയുടെ മഹത്വം ചിത്രീകരിക്കുന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച യുവാവിനെ സാമൂഹികമാധ്യമങ്ങളില്‍ കള്ളനായി അവതരിപ്പിച്ചു. ആരോ വാലും തലയും മുറിച്ച്മാറ്റി ചിത്രം യു ട്യൂബില്‍ അപ്ലോഡ് ചെയ്തപ്പോള്‍ അത് യഥര്‍ഥ സംഭവമെന്ന രീതിയില്‍ സി.സി ടി.വി കാമറയില്‍ പതിഞ്ഞ ‘പോക്കറ്റടി’ ദൃശ്യം എന്ന നിലയില്‍ ലോകത്തിന്‍െറ വിവിധ ഭാഗത്തുള്ള ലക്ഷണക്കണക്കിനാളുകള്‍ കണ്ടു. ഒരു മലയാളം ചാനലിലും ഇത് വന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലായ യുവാവ് തെറ്റ് തിരുത്തിക്കാന്‍ ചാനലിനെക്കൊണ്ട് ചെയ്യിച്ച പരിപാടി അതിനെക്കാള്‍ അബദ്ധമായി. അതോടെ ഗത്യന്തരമില്ലാതെ യുവാവ് സൈബര്‍ പൊലീസില്‍ പരാതിയുമായി അഭയം പ്രാപിച്ചു. സമൂഹത്തിന് നന്മ വരുത്താന്‍ പുറപ്പെട്ട കവിയും തിരക്കഥാകൃത്തുമായ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റഷീദ് പാറക്കലാണ് നാറ്റക്കേസില്‍ പെട്ടത്.
കഴിഞ്ഞമാസം 26നാണ് റഷീദ് തിരക്കഥ എഴുതി അഭിനയിച്ച് സംവിധാനം ചെയ്ത ‘ന്യൂ ഗോഡ്’ എന്ന ഹ്രസ്വചിത്രം യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തത്. നമ്മള്‍ ചെയ്യുന്നതെന്തും കാണാന്‍ ഇന്ന് പരക്കെ ഒളികാമറകള്‍ ഉണ്ടെന്നും ദൈവത്തെക്കാള്‍ വലിയ ദൈവമായി അത്തരം കാമറകള്‍ മാറിയെന്നുമാണ് ‘ന്യൂ ഗോഡ്’ എന്ന് ഹ്രസ്വചിത്രത്തിലൂടെ റഷീദ് പറയുന്നത്. കേടായ ബൈക്ക് തള്ളിക്കൊണ്ടുവന്ന ഒരാളുടെ പാന്‍റ്സിന്‍െറ പോക്കറ്റില്‍ നിന്ന് ഒരു യുവാവ് പഴ്സ് അടിച്ച് മാറ്റുന്നു. ആരെങ്കിലും കണ്ടോ എന്നറിയാന്‍ ചുറ്റും നോക്കുമ്പോള്‍ സി.സി ടി.വി കാമറ അതെല്ലാം ഒപ്പിയെടുത്തുവെന്ന് മനസ്സിലാക്കി പഴ്സ് റോഡിലിട്ട് ബൈക്ക് യാത്രക്കാരന് അത് കാണിച്ചു കൊടുക്കുന്നു. സ്ഥലം വിടുന്നതിനു മുമ്പ് കാമറയിലേക്ക് നോക്കി കൈകൂപ്പി ‘മാപ്പാക്കണം’ എന്ന അര്‍ഥത്തില്‍ ആംഗ്യം കാണിക്കുന്നതാണ് രണ്ട് മിനിറ്റും 14 സെക്കന്‍ഡുമുള്ള ചിത്രത്തിന്‍െറ ഇതിവൃത്തം.
ചിത്രം അവസാനിക്കുമ്പോള്‍ റഷീദ് ഉള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ പേരു വിവരവും ‘ന്യൂ ഗോഡ്, താങ്ക് ഗോഡ്’ തുടങ്ങിയ വാക്കുകളും വരുന്നുണ്ട്. യു ട്യൂബില്‍നിന്ന് ഇത് എടുത്ത ്ടൈറ്റില്‍ നീക്കം ചെയ്തപ്പോള്‍ ഒരാള്‍ പോക്കറ്റടിക്കുകയും കാമറയില്‍പ്പെട്ടപ്പോള്‍ പഴ്സ് ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്യുന്ന തരത്തിലായി ചിത്രം. പോക്കറ്റടിച്ചയാള്‍ കാമറയില്‍പെട്ട് പഴ്സ് ഉപേക്ഷിച്ച് രക്ഷപ്പെടുന്നതായി ഒരു അവതാരകയുടെ വിവരണവുമുണ്ട്. ഹിന്ദിയിലാണ് ആദ്യം ഇങ്ങനെ വന്നതെന്ന് റഷീദ് പറയുന്നു. തുടര്‍ന്ന് തമിഴ് പത്രമായ ദിനകരന്‍െറ പോര്‍ട്ടലില്‍ ‘പുതിയ കടവുള്‍’ എന്ന വിശേഷണത്തോടെ ചിത്രം വന്നു. വിവിധ മാധ്യമങ്ങളിലൂടെ കണ്ടവരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു.
ഒരു ചാനലില്‍ റഷീദിനെ കള്ളനാക്കുന്ന തരത്തിലാണ് വീഡിയോ വന്നത്. ഭാഗ്യത്തിന് ഒരു മലയാളം പത്രത്തിന്‍െറ ന്യൂസ് പോര്‍ട്ടലില്‍ റഷീദ് ഉദ്ദേശിച്ച ആശയം ഉള്‍ക്കൊണ്ട് വീഡിയോ കൊടുത്തിരുന്നു. ഇത് കണ്ടവരും റഷീദിനെ ശരിക്ക് അറിയാവുന്നവരും ഫേസ്ബുക്കിലൂടെയും മറ്റും ചാനലിനെ തെറ്റ് ബോധ്യപ്പെടുത്തിയപ്പോള്‍ അവര്‍ സമീപിച്ച് മാപ്പു പറഞ്ഞു. മറ്റൊരു പരിപാടി അവര്‍ കൊടുത്തത് കുനിന്മേല്‍ കുരുവായി. നേരത്തെ തെറ്റായി കാണിച്ചത് തിരുത്താത്തതിനാലാണ്. സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.