കെ.ജി. ജോര്‍ജിന് ജെ.സി. ഡാനിയേല്‍ പുരസ്കാരം
text_fieldsതിരുവനന്തപുരം: 2015ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി. ജോര്‍ജിന്. മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം. ഒക്ടോബര്‍ 15ന് പാലക്കാട്ട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.
1946ല്‍ തിരുവല്ലത്ത് ജനിച്ച കെ.ജി. ജോര്‍ജ് എഴുപതുകളില്‍ മലയാള സിനിമാ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായകനാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഡിപ്ളോമ നേടിയ ശേഷം സംവിധായകന്‍ രാമു കാര്യാട്ടിന്‍െറ അസിസ്റ്റന്‍റായാണ് തുടക്കം.ആദ്യ സിനിമയായ സ്വപ്നാടനത്തിന് (1975) മികച്ച മലയാളം ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഒമ്പത് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഉള്‍ക്കടല്‍ (1979), മേള (1980), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക് (1983), ആദാമിന്‍െറ വാരിയെല്ല് (1983) പഞ്ചവടിപ്പാലം (1984) ഇരകള്‍ (1986)തുടങ്ങിയവയൊക്കെ മലയാള സിനിമയില്‍ മാറ്റത്തിന്‍െറ വെളിച്ചം വീശിയവയാണ്.
1998ല്‍ മമ്മൂട്ടി കേന്ദ്രകഥാപാത്രമായ ഇലവംകോട് ദേശമാണ് അവസാനം സംവിധാനം ചെയ്ത സിനിമ. 2015ല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ ഫെഫ്ക മാസ്റ്റേഴ്സ് അവാര്‍ഡ് നല്‍കി ജോര്‍ജിനെ ആദരിച്ചിരുന്നു. ഐ.വി. ശശി ചെയര്‍മാനും സിബി മലയില്‍, ജി.പി. വിജയകുമാര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.