വിശന്നൊട്ടിയ വയറുമായി നഗരത്തെരുവിൽ മധു 'പുനർജനിച്ചു'
text_fieldsകോഴിക്കോട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ജീവൻ നഷ്ടമായ ആദിവാസി യുവാവ് മധു നഗരത്തെരുവിൽ പുനർജനിച്ചപ്പോൾ ചുറ്റും കൂടിയ ജനത്തിനത് അവിസ്മരണീയ അനുഭവമായി. കൈയിലെ കവറിൽ ഒരു പിടി അരിയും മറ്റു ധാന്യങ്ങളും കറിപ്പൊടികളുമായിട്ടായിരുന്നു അയാൾ എത്തിയത്.
ശമനമില്ലാത്ത മധുവിെൻറ വിശപ്പും വർണവും ജനങ്ങൾക്കു മുന്നിൽ വീണ്ടും അവതരിപ്പിച്ച് നടൻ സന്തോഷ് കീഴാറ്റൂരാണ് വേറിട്ട പ്രതിഷേധമൊരുക്കിയത്. ആത്യന്തികമായ വികാരം വിശപ്പുമാത്രമാണെന്ന് വിളിച്ചുപറഞ്ഞ നാടകം അവതരണം കൊണ്ട് ശ്രദ്ധേയമായി. തെരുവിൽ കൂടിനിന്നവർക്ക് മുമ്പിൽ മധുവിെൻറ ജീവിതം അവതരിപ്പിച്ച് ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് നാടകം അവസാനിച്ചത്.
ഏവരെയും ഞെട്ടിച്ച, മനുഷ്യർക്ക് കേൾക്കാൻ പറ്റാത്ത വാർത്തയാണ് ആദിവാസി യുവാവിെൻറ മരണമെന്ന് സന്തോഷ് കീഴാറ്റൂർ നാടകശേഷം പറഞ്ഞു. ഈ ഒരു മരണത്തിലൂടെ പ്രബുദ്ധകേരളം ലോകത്തിനുമുന്നിലാകെ തലതാഴ്ത്തി നിൽക്കുകയാണ്. ജാതിയുടെയോ മതത്തിെൻറയോ നിറത്തിെൻറയോ പേരിൽ മാറ്റിനിർത്തപ്പെടേണ്ടവരല്ല മനുഷ്യരെന്നും അദ്ദേഹം പറഞ്ഞു. വി.ആർ. സുധീഷ്, കോഴിക്കോട്ടെ നാടകപ്രവർത്തകരായ വിജേഷ്, ഷൈജു പി. ഒളവണ്ണ, നവീൻ രാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.