‘മനോരോഗം’: ഖേദപ്രകടനവുമായി സിനിമ സംഘടനകൾക്ക് ഷെയ്നിന്റെ കത്ത്
text_fieldsകൊച്ചി: നിർമാതാക്കൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിനിമ സംഘടനകൾക്ക് നടൻ ഷെയ്ൻ നിഗമിെൻറ കത്ത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’, നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, സാേങ്കതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക എന്നിവക്കാണ് ഖേദപ്രകടനം അടങ്ങുന്ന കത്ത് ഇ-മെയിലായി അയച്ചത്.
‘വെയിൽ’, ‘കുർബാനി’ സിനിമകൾക്കുണ്ടായ നഷ്ടം നികത്താതെയും ‘ഉല്ലാസം’ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാതെയും ഷെയ്നിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന് നിർമാതാക്കൾ തീരുമാനിച്ചിരുന്നു. വിലക്ക് നീക്കാൻ അമ്മയുടെയും ഫെഫ്കയുടെയും നേതൃത്വത്തിൽ ഒത്തുതീർപ്പിന് ശ്രമിക്കുന്നതിനിടെയാണ് നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോയെന്ന് ഷെയ്ൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിൽ ഖേദപ്രകടനം നടത്താതെ ഒത്തുതീർപ്പ് ചർച്ചക്കില്ലെന്ന് മൂന്ന് സംഘടനകളും വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് വഴി ഷെയ്ൻ ക്ഷമാപണം നടത്തിയെങ്കിലും നിർമാതാക്കൾ സ്വീകരിച്ചില്ല. തുടർന്നാണ് രേഖാമൂലം ഖേദപ്രകടനത്തിന് തയാറായത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് കത്തിലുള്ളത്. വിഷയം രമ്യമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കത്ത് കിട്ടിയതായും ഖേദപ്രകടനം സ്വാഗതാർഹമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം. രഞ്ജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. എന്നാൽ, പ്രതിഫലം പൂർണമായി കൈപ്പറ്റിയ ‘ഉല്ലാസ’ത്തിെൻറ ഡബ്ബിങ് 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്തിന് ഇനിയും മറുപടി നൽകിയിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണം.
പ്രശ്നപരിഹാരത്തിന് ചർച്ച ആവശ്യമാണെന്ന് തന്നെയാണ് തങ്ങളുടെ നിലപാട്. ഇനി തീരുമാനമെടുക്കേണ്ടത് ‘അമ്മ’യാണെന്നും രഞ്ജിത്ത് പറഞ്ഞു. അടുത്തമാസം ആദ്യവാരം നടക്കുന്ന അമ്മ എക്സിക്യൂട്ടിവ് യോഗം വിഷയം ചർച്ചചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.