എട്ടുവർഷം മുമ്പ് തിലകൻ ‘അമ്മ’ക്കെഴുതിയ കത്ത് വീണ്ടും ചർച്ചയാകുന്നു
text_fieldsകൊച്ചി: മരണംവരെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ക്ക് പുറത്തുനിൽക്കേണ്ടിവന്ന നടൻ തിലകൻ 2010ൽ സംഘടന നേതൃത്വത്തിനെഴുതിയ കത്ത് വീണ്ടും ചർച്ചയാകുന്നു. നടിയെ ആക്രമിച്ച കേസിൽ വിധി വരുംമുമ്പ് ദിലീപിനെ തിരിച്ചെടുക്കാൻ ‘അമ്മ’തീരുമാനിക്കുകയും ഇതിനുപിന്നാലെ നാല് നടിമാർ സംഘടനയിൽനിന്ന് രാജിവെക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അകാരണമായി തന്നെ പുറത്തുനിർത്തിയത് ചോദ്യംചെയ്ത് ‘അമ്മ’യുടെ അന്നത്തെ ജനറൽ സെക്രട്ടറി മോഹൻലാലിന് തിലകൻ എഴുതിയ കത്ത് ചർച്ചയാകുന്നത്.
മലയാള സിനിമയുടെ കോടാലിയാണ് ‘അമ്മ’യെന്ന് തുറന്നടിച്ചതിനെത്തുടർന്നാണ് തിലകനെ പുറത്താക്കിയത്. ക്രിമിനൽകേസിലെ പങ്കാളിത്തമാണ് ദിലീപിനെതിരായ കുറ്റമെങ്കിൽ തിലകനെതിരെ പറയാനുള്ളത് അച്ചടക്കലംഘനം മാത്രമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ‘അമ്മ’യിൽ തിരിച്ചെത്താനായില്ല. അച്ചടക്കസമിതി മുമ്പാകെ ഹാജരാകാതിരുന്ന തിലകെൻറ വിശദീകരണം കേൾക്കാതെ ഏകപക്ഷീയമായിരുന്നു പുറത്താക്കൽ. എന്നാൽ, വിശദീകരണം കേൾക്കാതെ പുറത്താക്കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ദിലീപിനെ തിരിച്ചെടുക്കുന്നത്. അഭിപ്രായം തുറന്നുപറഞ്ഞതിെൻറപേരിൽ പുറത്താക്കപ്പെട്ട തിലകനെ ആജീവനാന്തം ശത്രുവായി പ്രഖ്യാപിച്ച ‘അമ്മ’ ക്രിമിനൽ കേസിൽ പ്രതിയായ ദിലീപിനോട് മൃദുസമീപനം സ്വീകരിച്ചുവെന്നാണ് ആക്ഷേപം.
അംഗങ്ങളുടെ അവകാശം ചവിട്ടിമെതിക്കുേമ്പാൾ ‘അമ്മ’യുടെ മൗനം പൊറുക്കാനാവാത്ത തെറ്റാണെന്നും ജനാധിപത്യ മര്യാദകളുടെ ലംഘനം സംഘടന ന്യായീകരിക്കുകയാണെന്നും തിലകൻ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. തലസ്ഥാനനഗരിയിലെ ഒരുവിഭാഗം സിനിമരാജാക്കന്മാരാണ് തന്നെ മാറ്റിനിർത്തിയതിനു പിന്നിൽ. ഗണേഷ്കുമാറിെൻറ ഗുണ്ടകൾ വധഭീഷണി മുഴക്കിയതിനെക്കുറിച്ച് ‘അമ്മ’യിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തന്നെ പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കരാർ ഒപ്പിട്ട് അഡ്വാൻസ് നൽകിയ ചിത്രങ്ങളിൽനിന്ന് പോലും ചിലർ ഇടപെട്ട് ഒഴിവാക്കി. ‘അമ്മ’ എന്ന സംഘടനയോട് എന്നും ബഹുമാനമുണ്ട്. എന്നാൽ, എക്സിക്യൂട്ടിവിലെ ചില അംഗങ്ങളുടെ പെരുമാറ്റം മാഫിയയെപ്പോലെയാണെന്നായിരുന്നു തിലകെൻറ ആരോപണം. അനുഭവങ്ങളുടെ വെളിച്ചത്തിൽ ദിലീപ് ‘വിഷമാണെന്ന്’ പറയാൻ മടിയില്ലെന്നും തിലകൻ തുറന്നടിച്ചിരുന്നു.
തിലകനോടും ദിലീപിനോടും ഇരട്ടനീതിയാണെന്ന് ചൂണ്ടിക്കാട്ടി സിനിമക്കകത്തുതന്നെ പലരും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരക്കാർക്കും ഡബ്ല്യു.സി.സിക്കും പിന്തുണയുമായി കൂടുതൽ പേർ എത്തുന്നുണ്ടോ എന്നാണ് ‘അമ്മ’ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.