ദിലീപിൽ നിന്ന് പണം വാങ്ങാൻ പൾസർ സുനി നൽകിയത് വൻ വാഗ്ദാനങ്ങൾ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൽ നിന്ന് പണം വാങ്ങിയെടുക്കാൻ മുഖ്യപ്രതി പൾസർ സുനി സഹതടവുകാർക്ക് വാഗ്ദാനം ചെയ്തത് പണവും ജാമ്യവും. പണം ആവശ്യപ്പെട്ടുള്ള കത്ത് ദിലീപിന് എത്തിക്കാനും അദ്ദേഹവുമായി അടുപ്പമുള്ളവരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിക്കാനുമാണ് വൻ വാഗ്ദാനങ്ങൾ നൽകിയത്.
കത്ത് ദിലീപിന് കൈമാറാനും സമ്മർദത്തിലൂടെ പണം വാങ്ങിയെടുക്കാനും സുനിയോടൊപ്പം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ വിഷ്ണുവിനെയാണ് ചുമതലപ്പെടുത്തിയത്. ഇതിന് വിഷ്ണുവിന് രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ദിലീപിെൻറ പേര് പറയാതിരിക്കണമെങ്കിൽ ഒന്നരക്കോടി നൽകണമെന്ന് ഭീഷണിപ്പെടുത്തുന്നതായിരുന്നു കത്ത്. വിഷ്ണു കഴിഞ്ഞദിവസം പിടിയിലായി.
സഹതടവുകാരനായ നിയമവിദ്യാർഥിയാണ് സുനിക്ക് കത്ത് എഴുതി നൽകിയത്. കത്ത് വിഷ്ണുവിന് കൈമാറിയതും ഇയാളാണ്. ഇതിന് പ്രതിഫലമായി പുറത്തുള്ള തെൻറ ആൾക്കാരുടെ സഹായത്തോടെ ജാമ്യം നേടിക്കൊടുക്കാമെന്നായിരുന്നു നിയമവിദ്യാർഥിക്ക് സുനിയുടെ വാഗ്ദാനം. ഇതിനിടെ, മാർച്ച് 27നും മേയ് 29നും ഇടയിൽ വിഷ്ണു ആറു ദിവസം സുനിയെ ജയിലിൽ സന്ദർശിച്ചെന്ന വിവരവും പുറത്തുവന്നു. ദിലീപിെൻറ മാനേജർക്ക് കത്ത് എത്തിക്കുന്നതിെൻറ തൊട്ടുമുമ്പുള്ള ദിവസംവരെ സുനിയെ വിഷ്ണു ജയിലിൽ പോയി കണ്ടിരുന്നു. സുനിക്ക് ജയിലിൽ ഫോൺ ലഭിച്ചത് വിഷ്ണു വഴിയാണെന്നും പാചകപ്പുരയിലെ ചാക്കുകെട്ടുകൾക്കിടയിലാണ് അത് സൂക്ഷിച്ചിരുന്നതെന്നുമാണ് വിവരം.
വിഷ്ണുവും ദിലീപിെൻറ മാനേജർ അപ്പുണ്ണിയും തമ്മിലുള്ളതെന്ന നിലയിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ അപ്പുണ്ണിയുമായി സംസാരിച്ചത് സുനിതന്നെയാണെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു. സംവിധായകൻ നാദിർഷായെയും അപ്പുണ്ണിയെയും ഫോണിൽ വിളിച്ച് ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക് മെയിലിങ്ങിന് ശ്രമിച്ചെന്നുകാണിച്ച് ദിലീപ് ഫെബ്രുവരിയിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.