കോടതി ശിക്ഷിക്കുംവരെ ദിലീപ് കുറ്റവാളിയല്ല -ഗണേഷ് കുമാർ
text_fieldsആലുവ: കോടതി ശിക്ഷിക്കുംവരെ ദിലീപ് കുറ്റവാളിയല്ലെന്ന് നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ്കുമാര്. യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കുറ്റക്കാരനാണെന്ന് കോടതി സ്‌ഥിരീകരിക്കാത്ത ഒരാളെ കുറ്റവാളിയായി മുദ്രകുത്താന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തെ തള്ളിപ്പറയില്ല. എം.എല്‍.എ ആയിട്ടല്ല സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ സന്ദര്‍ശിച്ചത്. സിനിമയില്‍ ദിലീപിെൻറ സഹായം സ്വീകരിച്ച പലരും ആപത്ത് വന്നപ്പോള്‍ തള്ളിപ്പറയുകയായിരുന്നു. പൊലീസ് ചോദ്യംചെയ്യുമെന്നോ ഫോണ്‍കാള്‍ ചോര്‍ത്തുമെന്നോ ഭയന്ന് സിനിമക്കാർ അദ്ദേഹത്തെ പിന്തുണക്കാതിരിക്കരുത്. കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തുംവരെ അദ്ദേഹത്തോടൊപ്പം നില്‍ക്കണം.
പൊലീസ് കെട്ടിച്ചമക്കുന്ന കഥകളുടെ തിക്തഫലം അടുത്തകാലംവരെ അനുഭവിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ പീഡനത്തില്‍ നേരിട്ട് പങ്കെടുത്ത എം.എൽ.എക്ക് ജാമ്യംലഭിച്ച നാട്ടില്‍ കലാകാരന് ജാമ്യം നിഷേധിച്ചതിനോട് വ്യക്തിപരമായി വിയോജിപ്പുണ്ട്. ആക്രമിക്കപ്പെട്ട നടിയെയും താൻ സന്ദർശിച്ചിരുന്നു. അവർക്ക് നീതി ഉറപ്പാക്കാൻ ശ്രമിക്കും. കേസന്വേഷണം ശരിയായ വഴിക്കല്ലെന്ന് താന്‍ പറയുന്നില്ല. എന്നാല്‍, പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ്കുമാർ പറഞ്ഞു.
തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം, നടൻ സുധീർ, നിർമാതാവ് ആൻറണി പെരുമ്പാവൂർ, ‘ജോർജേട്ടൻസ് പൂരം’ സിനിമയുടെ നിർമാതാക്കളായ അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ എന്നിവരും ദിലീപിനെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.