നടിയെ ആക്രമിച്ച കേസ്: അറസ്റ്റ് വൈകിയേക്കും
text_fieldsകൊച്ചി: നടിയെ അക്രമിച്ച കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല. തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ദിലീപ് അടക്കമുള്ളവരെ നേരിട്ട് ബന്ധിപ്പിക്കാന്‍ ഇത് പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ ഉണ്ടായേക്കുമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം ആലുവ റൂറല്‍ എസ്.പി എ.വി. ജോര്‍ജ് അറിയിച്ചിരുന്നു. തെളിവുകള്‍ ഒത്തുവന്നാല്‍ അറസ്റ്റ് വൈകിയേക്കില്ലെന്നും സൂചനയുണ്ട്. വേണ്ടിവന്നാല്‍ കൂടുതല്‍ ചോദ്യംചെയ്യലുണ്ടാകുമെന്നും അറസ്റ്റ് സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അഞ്ച് പേരെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡി.ജി.പി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ പൂര്‍ണ്ണമായും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഫോണ്‍ രേഖകള്‍ അടക്കം പൊലീസിന്റെ കൈവശമുണ്ട്. എന്നാല്‍ ഇവയൊന്നും ദിലീപ് അടക്കമുള്ളവരെ നേരിട്ട് പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചോദ്യംചെയ്യല്‍ വേണ്ടി വന്നേക്കുമെന്നാണ് ആലുവ റൂറല്‍ എസ്.പി പറയുന്നത്.
കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഐ.ജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. എടുത്ത് ചാടി അറസ്റ്റിലേക്ക് നീങ്ങിയാല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി.
കേസിൽ ഇതുവരെ ലഭിച്ച തെളിവുകളിൽ വ്യക്തത വരുത്തിയശേഷം മാത്രം അറസ്റ്റിലേക്കു നീങ്ങിയാൽ മതിയെന്നാണു പോലീസിനു സർക്കാരിൽ നിന്ന് ലഭിച്ച നിർദേശം. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എ.ഡി.ജി.പി ബി സന്ധ്യ തിരുവനന്തപുരത്തായതിനാൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.