നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി
text_fieldsകൊച്ചി: യുവ നടിയെ തട്ടിെക്കാണ്ടുപോയി ആക്രമിച്ച സംഭവത്തിൽ അപകീർത്തികരമായ ദൃശ്യങ്ങൾ ജഡ്ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ അനുമതി. കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാർ നൽകിയ ഹരജി പരിഗണിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകിയത്.
ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും സാന്നിധ്യത്തിൽ പ്രതിയുടെ അഭിഭാഷകന് കാണാനാണ് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. കേസിലെ മറ്റൊരു പ്രതിയായ നടൻ ദിലീപ് ഇതുസംബന്ധിച്ച നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലുള്ളതിനാലാണ് കോടതി ഇക്കാര്യത്തിൽ ഇടപെടാതിരുന്നത്. ദൃശ്യങ്ങൾ നൽകുന്നത് പൊതുസമൂഹത്തിനിടയിൽ ഇത് പ്രചരിക്കാൻ ഇടയാക്കുമെന്നും ഇതിലൂടെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള അവസരമായി മാറുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
അതേസമയം, പ്രത്യേക കോടതിയും വനിത ജഡ്ജിയും വേണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം ജില്ലയിൽ സെഷൻസ് കോടതിയിലോ അഡീഷനൽ സെഷൻസ് കോടതിയിലോ വനിത ജഡ്ജി ഇല്ലാത്തതിനാൽ ഇൗ കോടതിേയാടുതന്നെ കേസ് പരിഗണിച്ച് തീർപ്പാക്കാൻ ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക കോടതി അനുവദിക്കാനും കഴിയില്ല. ഇൗ സാഹചര്യത്തിൽ വിചാരണ സെഷൻസ് കോടതിയിൽത്തന്നെയാവും നടക്കുക.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പത്ര-ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്നും നടി നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇന്ത്യൻ ശിക്ഷ നിയമത്തിലും ക്രിമിനൽ നടപടി നിയമത്തിലും പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തടയാൻ വകുപ്പുകൾ ഉള്ളതിനാൽ പ്രത്യേക ഉത്തരവിെൻറ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയുെട ആവശ്യം കോടതി നേരത്തേ ഭാഗികമായി അനുവദിച്ചിരുന്നു. അഭിഭാഷകന് പ്രോസിക്യൂഷനെ സഹായിക്കാമെന്ന നിലപാടോടെയാണ് ഇൗ ആവശ്യം അനുവദിച്ചത്.
കേസിലെ പ്രതികളായ സുനിൽ കുമാർ, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ നൽകിയ മറ്റൊരു ഹരജിയിൽ നടി ആക്രമിക്കപ്പെട്ടശേഷം 2017 ഫെബ്രുവരി 18ന് കളമശ്ശേരി മെഡിക്കൽ കോളജിൽ നടന്ന, നടിയുടെ വൈദ്യപരിശോധന റിപ്പോർട്ടിെൻറ പകർപ്പ് നൽകാൻ കോടതി അനുമതി നൽകി. കേസുമായി ബന്ധപ്പെട്ട് പ്രതികൾ നൽകിയ വിടുതൽ ഹരജികൾ അടക്കമുള്ള മറ്റ് ആവശ്യങ്ങൾ പരിഗണിക്കുന്നത് സെഷൻസ് കോടതി ഇൗമാസം 27ലേക്ക് മാറ്റി.
ദിലീപ് അടക്കം കേസിൽ ആകെ 14 പ്രതികളാണുള്ളത്. 2017 ഫെബ്രുവരി 17ന് രാത്രിയാണ് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. നടി മഞ്ജു വാര്യർ അടക്കം 385 പേരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി ഉൾപ്പെടുത്തിയിരിക്കുന്നത്. ബി.എ. ആളൂരിന് പകരം പുതിയ അഭിഭാഷകനാണ് പൾസർ സുനിക്കുവേണ്ടി തിങ്കളാഴ്ച കോടതിയിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.