നടിയെ ആക്രമിച്ച സംഭവം: തെളിവുകൾ ഫോറൻസിക് വിഭാഗത്തിന് കൈമാറി
text_fieldsകാക്കനാട്: നടിയെ ആക്രമിച്ച കേസില്‍ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനി എന്ന സുനില്‍കുമാര്‍ ജയിലില്‍നിന്ന് മൊബൈല്‍ ഫോണിൽ സംസാരിക്കുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചു. തിരുവനന്തപുരത്തുനിന്നുള്ള ഫോറൻസിക് വിദഗ്ധർ ചൊവ്വാഴ്ച കാക്കനാെട്ട ജില്ല ജയിലിൽ പൊലീസിെൻറ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കേസിൽ നിർണായക തെളിവുകളായി മാറുന്ന സി.സി ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തത്. ഇവ വിദഗ്ധ പരിശോധനക്ക് ഫോറൻസിക് വിഭാഗത്തിന് കൈമാറി. പരിശോധനക്കുശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.
രണ്ടുമാസം മുമ്പ് സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന ജിൻസണാണ് ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് മൊഴി നല്‍കിയത്. ലോക്കപ്പിലും കുളിക്കാൻ പുറത്തിറക്കിയപ്പോഴും സുനി മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞിട്ടുള്ളത്. അന്വേഷണസംഘം ചൊവ്വാഴ്ച ജയിലിൽ എത്തും മുമ്പേ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയിരുന്നു. അതേസമയം, സുനിയുടെ കൈവശം മൊബൈല്‍ ഫോണ്‍ എങ്ങനെ എത്തിയെന്നതിെൻറ തെളിെവാന്നും സി.സി ടി.വി ദൃശ്യങ്ങളിലില്ല. ഇതിനുള്ള പരിശോധന തുടരും. മൊബൈലില്‍ സുനി സംസാരിക്കുന്ന ദൃശ്യങ്ങളില്‍ ജിന്‍സണെയും കാണാം.
സുനി പണം ആവശ്യപ്പെട്ട് നടന് ദിലീപിനെ ഫോണില്‍ ബന്ധപ്പെട്ടതിെൻറ നിര്‍ണായക തെളിവുകള്‍ തേടിയാണ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്. കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണെൻറ സാന്നിധ്യത്തിലായിരുന്നു ഫോറന്‍സിക് പരിശോധന. ദിലീപിെൻറ സഹായി അപ്പുണ്ണി, സംവിധായകന് നാദിര്‍ഷ എന്നിവരെ ജയിലില്‍നിന്ന് സുനി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നാണ് ജിൻസണിെൻറ മൊഴി.
പുറമെ നിന്ന് ജയിലില്‍ ഫോണ്‍ എത്തിച്ചത് സംബന്ധിച്ച് ജയില്‍ അധികൃതരുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ഇൻഫോപാര്‍ക്ക് സി.ഐ പി.കെ. രാധാമണിയുടെ നേതൃത്വത്തിൽ സമാന്തര അന്വേഷണവും പുരോഗമിക്കുകയാണ്. സുനിയുടെ സഹതടവുകാരനായിരുന്ന മാലമോഷണ കേസ് പ്രതി ഇടപ്പള്ളി സ്വദേശി വിഷ്ണു ജയില്‍മോചിതനായശേഷമാണ് ഫോണ്‍ ജയിലില്‍ എത്തിയതെന്നാണ് സംശയിക്കുന്നത്. സുനിയെ സന്ദര്‍ശിച്ച വിഷ്ണുവാണ് ഫോണ്‍ ഒളിപ്പിച്ച് കടത്തിയതെന്നും കരുതുന്നു. കൂട്ടുപ്രതിയുടെ സന്ദര്‍ശനസമയത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് പൊലീസ് ലക്ഷ്യമിടുന്നത്. ജയിലില്‍നിന്ന് വിട്ടയച്ച സഹതടവുകാരന് വീണ്ടുമെത്തി ഫോണ്‍ നല്കിയിട്ടുണ്ടെങ്കില് ദൃശ്യങ്ങള്‍ തെളിവാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.