നടിയെ ആക്രമിച്ച സംഭവം: അന്വേഷണത്തിൽ ഉന്നതതല ഇടപെടൽ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സിനിമ, രാഷ്ട്രീയ മേഖലകളിൽനിന്ന് ഉന്നതതല ഇടപെടൽ ഉണ്ടായതായി സൂചന. കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ചാണ് അണിയറനീക്കം നടന്നതെന്നാണ് വിവരം. ഇൗ ഇടപെടലില്ലായിരുന്നെങ്കിൽ കേസ് ഇതിനകം നിർണായക ഘട്ടത്തിലെത്തുമായിരുന്നു.
‘അമ്മ’യുടെ വാർഷിക ജനറൽ ബോഡിക്ക് മുന്നോടിയായി ബുധനാഴ്ച രാത്രി കൊച്ചിയിൽ എക്സിക്യൂട്ടിവ് യോഗം ചേർന്നിരുന്നു. അന്ന് ഉച്ചക്ക് 12.30നാണ് നടൻ ദിലീപ്, സംവിധായകൻ നാദിർഷ, ദിലീപിെൻറ മാനേജർ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ചോദ്യം ചെയ്യൽ നീണ്ടുപോയതിനാൽ അമ്മയുടെ ട്രഷറർ കൂടിയായ ദിലീപിന് യോഗത്തിന് എത്താനായില്ല. ചോദ്യം ചെയ്യൽ 13ാം മണിക്കൂറിലേക്ക് കടന്നതോടെ താരങ്ങൾക്കിടയിൽ ചർച്ച മുറുകി. ദിലീപിനെയും നാദിർഷായെയും വിട്ടയക്കാത്തതിൽ ആശങ്ക പ്രകടിപ്പിച്ച ചിലർ, ചോദ്യം ചെയ്യൽ അനിശ്ചിതമായി നീളുന്നത് പുറത്ത് അനാവശ്യ ചർച്ചകൾക്കും മാധ്യമ വ്യാഖ്യാനങ്ങൾക്കും വഴിവെക്കുമെന്ന് ‘അമ്മ’യിലെ മുതിർന്ന അംഗങ്ങളെ ധരിപ്പിച്ചു. ഇതോടെ, ഭരണകക്ഷിയുമായി അടുപ്പമുള്ള പ്രമുഖ നടൻ ഭരണസിരാകേന്ദ്രവുമായി ബന്ധപ്പെടുകയും ചോദ്യം ചെയ്യൽ നീണ്ടുപോകാതിരിക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
‘അമ്മ’യിലെ അംഗങ്ങളിൽ ആർക്കെങ്കിലുമൊപ്പം വിട്ടയക്കാമെന്നാണ് പൊലീസ് വെച്ച നിർദേശം. ഇതനുസരിച്ചാണ് നടൻ സിദ്ദീഖ് ചോദ്യം ചെയ്യൽ നടക്കുന്ന ആലുവ പൊലീസ് ക്ലബിലെത്തിയതെന്നും ഇരുവരെയും കൂട്ടിക്കൊണ്ട് പോയതെന്നും പറയുന്നു. കുറച്ചുകൂടി വിവരങ്ങൾ ദിലീപിൽനിന്നും നാദിർഷായിൽനിന്നും ചോദിച്ചറിയാനാണ് അന്വേഷണസംഘം മുൻകൂട്ടി തീരുമാനിച്ചിരുന്നത്. തയാറാക്കിയ ചോദ്യാവലിയും ഇതനുസരിച്ചുള്ളതായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിയാത്തതിൽ ചില ഉദ്യോഗസ്ഥർ അസംതൃപ്തരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.