നടിമാരുടെ രാജി: 'അമ്മ' നിലപാട് വ്യക്തമാക്കണമെന്ന് വനിതാ കമീഷൻ
text_fieldsതിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടി അടക്കം നാലു പേർ രാജിവെച്ച സംഭവത്തിൽ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമീഷൻ. ക്രിമിനൽ കേസിൽ പ്രതി സ്ഥാനത്ത് നിൽകുന്ന നടൻ ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്ന് ചെയർപേഴ്സൺ എം.സി ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞു. ലഫ്റ്റനന്‍റ് കേണൽ പദവിയിലിരിക്കുന്ന മോഹൻ ലാലിന്‍റെ നിലപാട് ഉചിതമല്ല. അമ്മ അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈൻ ചൂണ്ടിക്കാട്ടി.
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് ചലച്ചിത്ര നടിമാർ രാജിവെച്ചു. നടിമാരായ രമ്യാ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻ ദാസ് എന്നിവരാണ് രാജിവെച്ച മറ്റുള്ളവർ. താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആക്രമിക്കപ്പെട്ട നടി ആരോപിച്ചു.
കുറ്റാരോപിതനായ നടൻ തന്‍റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം തന്‍റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ, താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർഥമില്ലെന്ന് മനസിലാക്കി രാജിവെക്കുന്നുവെന്നും നടി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.