ദിലീപിനെ പിന്തുണച്ച് അടൂർ വീണ്ടും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വീണ്ടും രംഗത്ത്. ദിലീപിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ കെട്ടുകഥകളാകാമെന്നാണ് അടൂർ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ നല്ല ബന്ധത്തിലല്ലായിരുന്നു. ഇത് കുറ്റകൃത്യം ചെയ്തയാള്‍ക്കും നന്നായി അറിയാം. അത് ഉപയോഗപ്പെടുത്തുകയാകാം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അധോലോക നായകനെപ്പോലെയാണ് മാധ്യമങ്ങള്‍ ദിലീപിനെ ചിത്രീകരിക്കുന്നത്. ഇതുകണ്ട് ജനങ്ങള്ളും അയാളെ ശത്രുവിനെപ്പോലെ കരുതുന്നു. പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുകയാണ്. എന്തറിഞ്ഞിട്ടാണ് ഇങ്ങനെ പെരുമാറുന്നതെന്നും അടൂര്‍ ചോദിച്ചു. ഒരാള്‍ക്ക് നീതി ലഭിക്കാന്‍ ഈ നാട്ടില്‍ അവകാശമില്ലേയെന്നും നീതി നിഷേധിക്കാന്‍ നമ്മളാരാണെന്നും ചോദിച്ച അടൂര്‍ ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും കുറ്റപ്പെടുത്തി.
ജനങ്ങളെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥ ജുഡീഷ്യറിയെപ്പോലും സ്വാധീനിക്കും. താര സംഘടനയായ അമ്മ നടീനടന്‍മാരുടെ ക്ഷേമത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നും അമ്മയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഓര്‍ത്ത് ജനങ്ങള്‍ ആശങ്കപ്പെടുന്നതില്‍ അര്‍ഥമില്ലെന്നും അടൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ഗ്രാന്‍റോ ജനങ്ങളില്‍ നിന്ന് പിരിച്ച പൈസയോ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സംഘടയല്ലത്. തീര്‍ത്തും സ്വകാര്യ സംഘടനയാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കറിയുന്ന ദിലീപ് ഇത്തരത്തിൽ പ്രവർത്തിക്കുന്നയാളല്ലെന്നായിരുന്നു നേരെത്ത അടൂർ പറഞ്ഞിരുന്നത്. ദിലീപിനെ പിന്തുണച്ച് നിർമാതാവ് സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.